- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്താകെ പെരുമഴ; കനത്ത മഴയിൽ കൊച്ചി നഗരത്തിൽ വൻ വെള്ളക്കെട്ട്; ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ ആളുകളെ മാറ്റിപാർപ്പിക്കും; ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിൽ മരം വീണ് വീടുകൾ തകർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരവേ ജാഗ്രതാ നിർദേശവുമായി സർക്കാർ. എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ചക്രവാതച്ചുഴിയാണ് കേരളത്തിൽ കനത്ത മഴക്ക് കാരണം. നിലവിൽ ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ട് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
കൊച്ചി നഗരത്തിലാണ് രൂക്ഷമായ മഴക്കെടുതി അനുഭവപ്പെടുന്നത്. കൊച്ചിയിലെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും വീടുകളിൽ വെള്ളം കയറി. തൃപ്പുണിത്തുറയിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എംജി റോഡ്, കലൂർ, സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടർന്ന് കടകളിലേക്ക് വെള്ളം കയറി. പശ്ചിമ കൊച്ചിയിലും പലയിടത്തും വെള്ളം കയറി.
കൊച്ചിയിലെ വെള്ളക്കെട്ട് മേഖലകളിൽ ദുരന്ത നിവാരണസേന ഇറങ്ങും. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കും. ഇതിനിടെ, ജലനിരപ്പ് ഉയർന്നതിനേ തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ പത്ത് ഷട്ടറുകൾ ഉയർത്തി. എട്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്റർ വീതവുമാണ് ഉയർത്തിയത്. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10 ആണ് ഇടമലയാറിൽ നിന്നും ലോവർപെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതോടെയാണ് ഷട്ടർ ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്.
കോട്ടയം ജില്ലയിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മീനച്ചിൽ മണിമല ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. മഴ കനത്തതോടെ കാസർകോട് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. കനത്തമഴയിൽ ഇരിങ്ങാലക്കുട കാറളത്തും പൂമംഗലത്തും കിണർ ഇടിഞ്ഞുതാഴ്ന്നു. കാറളം എട്ടാം വാർഡിൽ പട്ടാട്ട് വീട്ടിൽ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം പഞ്ചായത്തിൽ വാർഡ് അഞ്ചിൽ എടക്കുളത്ത് ഊക്കൻ പോൾസൺ മാത്യുവിന്റെ വീടിനോട് ചേർന്നുള്ള കിണറുമാണ് ഇടിഞ്ഞുതാഴ്ന്നത്.
കാറളം പഞ്ചായത്തിൽ പത്താം വാർഡിൽ കണ്ടംകുളത്തി ഈനാശുവിന്റെ കിണറിന്റെ അരിക് ഇടിഞ്ഞു. എട്ടാം വാർഡിൽ വേലംകുളത്തിന്റെ സംരക്ഷണ ഭിത്തിയും തകർന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് മഴയിൽ തകർന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും എവിടേയും ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
കോഴിക്കോട് രാത്രി തുടങ്ങിയ മഴ രാവിലേയും തുടർന്നതോടെ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. കണ്ണൂർ, മലപ്പുറം ജില്ലകളിലും ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ രാവിലേയും തുടരുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ