- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ട്; ഈ ആഴ്ച്ചയിൽ പ്രതീക്ഷിക്കുന്നത് കനത്ത മഴ; കാലവർഷം പിന്മാറിയെന്ന് ഉറപ്പിച്ചു പറയാതെ കാലാവസ്ഥാ നിരീക്ഷകർ; ചുഴലികളും ന്യൂനമർദങ്ങളും കാലവർഷത്തിനു സമയം നീട്ടികൊടുത്തെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം പൊതുവേ ദുർബലമായിരുന്നു. എന്നാൽ ന്യൂനമർദ്ദങ്ങളും ചക്രവാതുമെല്ലാമായി കാലവർഷം നീണ്ടു പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്ത് ഈയാഴ്ച കനത്ത മഴയ്ക്കു സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ന് ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ 14 വരെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. ഈ ആഴ്‌ച്ച മൂന്നാല് ദിവസം കൂടി മഴയുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കാലർഷം തീർന്നോ? തുലാവർഷം എങ്ങായി
ഔദ്യോഗികമായി ഇത്തവണത്തെ കാലവർഷം പിന്മാറിയെന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ, അത് തീർത്തു പറയാത്തവരുമുണ്ട്. കണക്കനുസരിച്ച് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ്. കാലവർഷം പിന്മാറിയില്ലെന്നാണ് ചില ഗവേഷകരും നിരീക്ഷകരും പറയുന്നത്. കേരളം അടങ്ങുന്ന മേഖലയിൽ കാലവർഷത്തിന്റെ പിന്മാറ്റത്തിനുള്ള പ്രക്രിയകൾ ആരംഭിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ ചുഴലികളും ന്യൂനമർദങ്ങളും കാലവർഷത്തിനു സമയം നീട്ടികൊടുത്ത സാഹചര്യമാണ് ഇപ്പോഴത്തേത് എന്നാണ് വിലയിരുത്തൽ.
തുടർച്ചയായ ചുഴലികൾ കാരണം ഈർപ്പം കുറയാതെ നിന്നു. അതോടെ മഴപ്പാത്തിയും സജീവമായി. പ്രളയകാലത്ത് ആരംഭിച്ച കടലിലെ അസാധാരണ താപനിലയ്ക്ക് ഇനിയും കാര്യമായ കുറവുണ്ടായിട്ടില്ല. കാലവർഷത്തിന്റെ അവസാന ദിവസങ്ങളിൽ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതം ഏതാണ്ട് ഇല്ലാതായെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ മേഖലയിൽ ഒരു അവ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നാണു മുതിർന്ന കാലാവസ്ഥാ ഗവേഷകർ പറയുന്നു.
കാലവർഷ സ്വഭാവത്തോടെ മഴ തുടരുന്നതിന് അതുമൊരു കാരണമാകാം. മഴ പിൻവാങ്ങാനുള്ള അന്തരീക്ഷം രൂപപ്പെടുകയും എന്നാൽ അതു സംഭവിക്കാതിരിക്കുകയും ചെയ്ത സാഹചര്യമാണിപ്പോഴുള്ളത്. പിൻവാങ്ങലിനും തുലാവർഷത്തിന്റെ തുടക്കത്തിനും ഇടയിലെ ഇടവേളയിൽ ശക്തമായ ഉഷ്ണം അനുഭവപ്പെടാറുണ്ട്. ഇതിന്റെ പ്രകൃതി സൂചനയായി ഡ്രാഗൺ പക്ഷികൾ എത്തുന്നത് സാധാരണയാണ്. ഇടവവേള കൊണ്ട് ഭൂമിക്ക് പലവിധത്തിൽ ഗുണമുണ്ടാകുന്നു. പിന്നീട് ആരംഭിക്കുന്ന തുലാവർഷം ഉച്ചകഴിഞ്ഞാണു പെയ്തുതോരാറ്.
ഇടിയോടെ ശരാശരി ഒന്നര മണിക്കൂർ വരെ മഴപെയ്യുന്നതാണു പതിവ്. കാലവർഷത്തിന്റെ സമയം കഴിഞ്ഞിട്ടും ഇടിയോടെ തുടരുന്ന മഴ തുലാവർഷത്തിന്റെ സൂചനയാണെന്ന് ആദ്യം നിരീക്ഷണമുണ്ടായെങ്കിലും അതു ശരിയല്ലെന്ന നിഗമനത്തിനാണു മേൽക്കൈ ലഭിച്ചത്. ഇപ്പോൾ രാത്രിയിലും പുലർച്ചയുമാണ് മഴ കൂടുതൽ കിട്ടുന്നത്. കാലവർഷം പിൻവാങ്ങുന്ന ദിവസങ്ങളിൽ അസാധാരണമായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഉണ്ടായ ചുഴലിയെതുടർന്ന് ആരംഭിച്ച കനത്തമഴയും ഇടിയും ഏറിയും കുറഞ്ഞും തുടരുന്ന സ്ഥിതിയാണ് ഇതുവരെ.
ന്യൂനമർദ മേഖലയിലേക്ക് മറ്റിടങ്ങളിൽനിന്നും കാറ്റ് എത്തിക്കൊണ്ടിരിക്കുമെന്നതിനാൽ അന്തരീക്ഷത്തിൽ ഈർപ്പം ഒഴിയാതെ നിലനിൽക്കുകയാണ്. ശാന്തസമുദ്രത്തിന്റെ വിയറ്റ്‌നാം മേഖലയിൽ ശക്തമായ ചുഴലി നിലനിൽക്കുന്നുണ്ട്. അറബിക്കടലിൽ നേരിയ തോതിലും അതിന്റെ സൂചനകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനർദത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
മറുനാടന് ഡെസ്ക്