തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടൽ.

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപം കൊണ്ടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യുന മർദ്ദം അടുത്ത 48 മണിക്കൂർ കൂടി പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ അറബികടലിൽ വീണ്ടും ചക്രവാതചുഴി രൂപപ്പെട്ടതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മുപ്പത്തിയൊന്നാം തീയതി വരെ മഴ തുടരും. ശനിയാഴ്ച കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മുതല് ഞായറാഴ്ച വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.