ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിൽ മരണം പന്ത്രണ്ടായി. വരും മണിക്കൂറുകളിലും തമിഴ്‌നാട്ടിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ,വില്ലുപുരം, ശിവഗംഗ, രാമനാഥപുരം, കാരക്കൽ എന്നിവിടങ്ങളിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്. ചെന്നൈ, കാഞ്ചീപുരം, വെല്ലൂർ, തിരുവണ്ണാമലൈ, തിരുപത്തൂർ, വില്ലപുരം ജില്ലകളിൽ ശക്തമായ മഴയാണ് തുടരുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴക്ക് കാരണം. ന്യൂനമർദം വടക്കു പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ ചെന്നൈ എയർപോർട്ടിൽ എട്ടു വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽ ലാന്റ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലെണ്ണവുമാണ് റദ്ദാക്കിയത്.