തിരുവനന്തപുരം: പ്രവചനങ്ങൾക്കും പ്രതീക്ഷകൾക്കുമെന്നും പിടിതരാത്ത വിധത്തിലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. തുള്ളിക്കൊരു കുടം എന്ന വിധത്തിൽ തിമർത്ത് പെയ്യുന്ന മഴ തെക്കൻ കേരളത്തിലാണ് ദുരിതം വിതയ്ക്കുന്നത്. കനത്ത മഴയെ തുടർന്ന് നദികളിലെല്ലാം ജലനിരപ്പ് ഉയർന്ന നിലയിലാണ്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്ന നിലയിൽ എങ്കിലും പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കി. മൂന്നു നദികളിലും രാത്രിയോടെ ജലനിരപ്പ് ഉയരുമെങ്കിലും രാവിലെ കുറഞ്ഞേക്കും. കുട്ടനാട് മേഖലയിൽ നേരിയ പ്രളയഭീഷണി തുടരുന്നുണ്ട്.

ന്യൂനമർദ്ദങ്ങൾ ഒന്നിന് പിറകേ മറ്റൊന്നായി എത്തുന്നതാണ് സംസ്ഥാനത്ത് മഴ കനപ്പിക്കുന്നത്. തീവ്രമഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ വിഭാഗം നൽകുന്ന സൂചന വിവിധ ജില്ലകൾക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും പ്രവചനങ്ങളെ തെറ്റിക്കുമോ എന്ന ആശങ്കയും ശക്തമാണ്. ഞായറാഴ്ചത്തെ ഓറഞ്ച് അലർട്ട് പത്തനംതിട്ട ഉൾപ്പെടെ തെക്കൻ ജില്ലകളിൽ യെലോ അലർട്ടാക്കി കുറച്ചിട്ടുണ്ട്. ശക്തി കുറഞ്ഞ മഴ ഇടയ്ക്കു പെയ്യാനുള്ള സാധ്യതയാണ് യെലോ അലർട്ട്. അതേസമയം തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ ഇന്നലെയും അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

ശനി രാത്രി മുതൽ ഞായർ വൈകിട്ട് വരെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ലഭിച്ച മഴയാണ് മധ്യതിരുവിതാംകൂറിനെ വീണ്ടും പ്രളയഭീതിയിലാക്കിയത്. കോന്നിയിൽ 14 സെന്റിമീറ്ററും അയിരൂരിൽ 7 സെന്റിമീറ്ററും കാഞ്ഞിരപ്പള്ളിയിൽ 13 സെന്റിമീറ്ററും പീരുമേട്ടിൽ 8 സെന്റിമീറ്ററും രേഖപ്പെടുത്തി. പതിവുരീതി വിട്ട് പകലും മഴ തകർത്തുപെയ്തതോടെ ഇടനാടൻ പ്രദേശങ്ങളിലെ തോടുകൾ കവിഞ്ഞ് പലയിടത്തും മലവെള്ളപ്പാച്ചിൽ രൂപപ്പെട്ടു.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തുടർച്ചയായി ന്യൂനമർദ്ദങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് കാലാവസ്ഥാ നിരീക്ഷകരെയും ശരിക്കും കുഴയ്ക്കുന്നു. പ്രവചനങ്ങളുടെ കൃത്യത കുറയും വിധത്തിലാണഅ മഴയുടെ സ്വഭാവം. രണ്ടു കടലുകളിലുമായി 2 ന്യൂനമർദമേഖലകളാണ് നിലവിൽ മഴപ്പാത്തികളെ സജീവമാക്കുന്നത്.

അറബിക്കടലിൽ ഗോവ തീരത്തോടു ചേർന്ന് 17നു രൂപപ്പെടാൻ പോകുന്ന ന്യൂനമർദമാണ് ഇതിൽ ഒന്ന്. ഇപ്പോൾ ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ ഭാഗത്തു ശക്തമായിക്കൊണ്ടിരിക്കുന്ന ന്യൂനമർദമാണ് രണ്ടാമത്തേത്. ഈ രണ്ടു ന്യൂനമർദങ്ങളിലേക്കും മേഘങ്ങൾ പരസ്പരം ആകർഷിക്കപ്പെടും. ഈ മേഘപ്പകർച്ച കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചതാണ് മധ്യകേരളത്തെ പൂർണമായും മഴയിൽ മുക്കിയതെന്നു നിരീക്ഷകർ പറയുന്നു.

ഗോവ തീരത്തെ ന്യൂനമർദം ശക്തിപ്പെടുന്നതിനാൽ ഉത്തരകേരളത്തിലേക്കാവും ഇനി മഴയുടെ ശക്തി വഴിമാറുക. ഇതോടെ തെക്കൻ കേരളത്തിൽ നിന്നും മഴ ഉത്തര കേരളത്തിലേക്ക് നീങ്ങും. രാത്രിയിലും പുലർച്ചെയുമാവും മഴയ്ക്ക് ശക്തി കൂടുതൽ ഉണ്ടാകുക. ചൊവ്വാഴ്ചയോടെ മധ്യകേരളത്തിലെ മഴയ്ക്കു നേരിയ ശമനം ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) പറയുന്നു.

തുലാമഴ റെക്കോർഡിലേക്ക്

സംസ്ഥാനത്ത് തുലാമഴ ഇക്കുറി റെക്കോർഡിലേക്ക് നീങ്ങുകയണ്. ഒക്ടോബർ 1 മുതൽ ഇന്നലെ വരെ 804.5 മില്ലിമീറ്റർ മഴ ലഭിച്ചു. ന്യൂനമർദ്ദങ്ങൾ തന്നെയാണ് മഴയുടെ വ്യാപ്തി കൂട്ടിയതും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 121 വർഷത്തെ രേഖകൾ പ്രകാരം തുലാമഴ ഇതിനുമുൻപ് 800 മില്ലിമീറ്ററിൽ കൂടുതൽ ലഭിച്ചത് 2010 ലും 1977 ലും മാത്രമാണ്. 2010 ലെ 822.9 മില്ലിമീറ്ററാണ് റെക്കോർഡ്.

തെക്കൻ കർണാടകത്തിനും വടക്കൻ തമിഴ്‌നാടിനും മുകളിലും തെക്കു കിഴക്കൻ അറബിക്കടലിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതാണു മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിനു കാരണം. തെക്കു കിഴക്കൻ അറബിക്കടലിൽനിന്നു വടക്കൻ കേരളം, കർണാടക, തമിഴ്‌നാട് വഴി തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദ പാത്തിയുമുണ്ട്. മറ്റന്നാളോടെ അറബിക്കടലിൽ ഗോവമഹാരാഷ്ട്ര തീരത്തു പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ നിലവിലുള്ള ന്യൂനമർദം 17നു തീവ്ര ന്യൂനമർദമായി 18ന് ആന്ധ്ര തീരത്തെത്തും.

തെക്കൻ കേരളത്തിൽ മഴദുരിതം.

അതിശക്തമായ മഴയിൽ തെക്കൻ കേരളത്തിലാണ് ദുരിതം. ടൗണുകളിൽ വെള്ളം കയറിയും പ്രധാന പാതകളിൽ വരെ ഗതാഗതം തടസ്സപ്പട്ടു. കൊല്ലത്ത് ആര്യങ്കാവ്, തെന്മല പ്രദേശങ്ങളിൽ വ്യാപക നാശമുണ്ട്. അച്ചൻകോവിൽ ഗ്രാമം ഒറ്റപ്പെട്ടു. പുനലൂർ, പത്തനാപുരം ടൗണുകളിൽ വെള്ളം കയറി. പത്തനാപുരത്തിനടുത്തു മുള്ളുമലയിൽനിന്ന് ഉരുൾപൊട്ടലിനു സമാനമായ രീതിയിൽ മലവെള്ളം ഒഴുകുന്നു. ജില്ലയിൽ 18 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.

ആലപ്പുഴയിൽ ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ െവെള്ളത്തിലായി. ആലപ്പുഴ ചങ്ങനാശേരി റോഡിൽ മൂന്നിടങ്ങളിൽ വെള്ളം കയറി. മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാംപുകൾ തുറന്ന് 229 പേരെ മാറ്റി പാർപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടും തുറന്നു.

പത്തനംതിട്ടയിൽ അടൂരും പന്തളത്തും ചില ഭാഗങ്ങളിൽ വെള്ളം കയറി. എംസി റോഡിലും, അടൂർ തട്ട റോഡിലും ഗതാഗതം തടസ്സപ്പെട്ടു. സമീപനപാത ഇടിഞ്ഞതിനാൽ കൈപ്പട്ടൂർ പാലത്തിൽ ഗതാഗതം ഒറ്റവരിയാക്കി. കോന്നി അതിരുങ്കൽ, ചെളിക്കുഴി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.

കോട്ടയത്ത് കഴിഞ്ഞ മാസം ഉരുൾപൊട്ടിയ കൂട്ടിക്കലിലെ താളുങ്കൽ തോടും ഇടുക്കി ജില്ലയിലെ കൊക്കയാറ്റിൽനിന്നു വരുന്ന ചന്തക്കടവ് തോടും കരകവിഞ്ഞു. ചങ്ങനാശേരി പെരുന്ന ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ക്യാംപ് തുടങ്ങി. മണിമലയാറ്റിൽ പഴയിടം കോസ്വേയിൽ വെള്ളം മുട്ടിയൊഴുകി.

പൊലിഞ്ഞത് നാല് ജീവനുകൾ; മരിച്ചവരിൽ 3 വയസ്സുകാരനും

മഴ ശക്തമായതോടെ ഇതിവരെ പൊലിഞ്ഞത് നാല് ജീവനുകകളാണ്. ഇതിൽ ഒരു കുരുന്നും ഉൾപ്പെടും. പട്ടേപ്പാടത്ത് കുളിപ്പിക്കാൻ നിർത്തിയപ്പോൾ ഓടിയ 3 വയസ്സുകാരൻ തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടു മരിച്ചു. അലങ്കാരത്തുപറമ്പിൽ റെൻസിൽ-ബെൻസി ദമ്പതിമാരുടെ ഏക മകൻ ആരാം ഹെവനാണു മരിച്ചത്. എറണാകുളം കളമശേരി അപ്പോളോ ടയേഴ്‌സിനു സമീപം ദേശീയപാതയിൽ ലോറി പാർക്ക് ചെയ്തിറങ്ങിയ ഡ്രൈവർ മതിലിടിഞ്ഞുവീണു മരിച്ചു.

തിരുവനന്തപുരം ഉദിയൻകുളങ്ങര മര്യാപുരം തെയ്‌ക്കോട്ടുകോണം പനവിള വീട്ടിൽ തങ്കരാജൻ (73) ആണു മരിച്ചത്. ശനിയാഴ്ച തോട്ടിൽ വീണു കാണാതായ നെയ്യാറ്റിൻകര കീഴാറൂർ പശുവെണ്ണറ കീഴെകണ്ണയ്‌ക്കോട് വീട്ടിൽ ലളിതബായിയുടെ (76) മൃതദേഹം പാലത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കമുക് കടപുഴകി വീണ് പാറശാല മുവോട്ടുകോണം തച്ചറക്കാവിള സ്വദേശി ജയരാജ് (49) മരിച്ചു.