തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. പ്രവചനത്തിന് കരുത്ത് പകർന്ന് സംസ്ഥാനത്ത് മഴ കനക്കുന്നു.അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും ഇന്ന് കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് മൂന്നാമത്തെയും നാലാമത്തെ ഷട്ടർ കൂടി ഉയർത്തത്തുന്നതിനാൽ സമീപ വാസികൾ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാൻ ജെ.സി.ബി., ബോട്ടുകൾ മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കിവെക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. സംസ്ഥാന കൺട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.അതേസമയം അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ കനക്കുന്നതിനൊപ്പം തന്നെ കെടുതിയും വർധിക്കുന്നുണ്ട്.കനത്തമഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകൾ കൂടി ഉയർത്തി.കരമന, കിള്ളിയാർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയിൽ കൊട്ടാരക്കര പുലമൺതോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചു.

എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷനു മുൻവശം, എംജി റോഡ്, മരട് ഭാഗങ്ങളിൽ വെള്ളം കയറി. മരം വീണ് വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരക്കര പുലമൺ തോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി.

കഴിഞ്ഞ ദിവസമാണ് മിന്നൽ പ്രളയത്തിന് സാധ്യത ചുണ്ടിക്കാണിച്ച് റിപ്പോർട്ട് വന്നത്.ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിൽ മൺസൂൺ കാലയളവിൽ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്റി മീറ്റർ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം മിന്നൽ പ്രളയം സൃഷ്ടിക്കാം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളാണ്.

1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.