മസ്‌ക്കറ്റ്: ഒമാൻ തീരത്തിന് 100 കിലോമീറ്റർ മാത്രം ദൂരെയായി അഷോബ ചുഴലിയുടെ സ്ഥാനം എത്തിയതോടെ സുർ മേഖലയിൽ കനത്ത മഴ ആരംഭിച്ചു കഴിഞ്ഞു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതിനാൽ സ്ഥിതി ഏറെ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് നിവാസികൾ ആശങ്കപ്പെടുന്നു. തലേന്ന് രാത്രി നേരിയ തോതിൽ തുടങ്ങിയ മഴയാണ് രാവിലെ ആയപ്പോഴേയ്ക്കു ശക്തമായ തോതിലേക്ക് ഉയർന്നത്.

സുർ തീരത്തു നിന്ന് വെറും 100 കിലോമീറ്റർ ദൂരെയാണ് ചുഴലിയിപ്പോൾ. സുർ തീരത്ത് മണ്ണിടിച്ചിലിനും മറ്റും ഇതുകാരണമായേക്കാമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. കനത്ത മഴയെതുടർന്ന് സുറിലും ടിവി റോഡുകളിലും മിന്നൽ പ്രളയം രൂപപ്പെട്ടിരിക്കുകയാണ്. ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഷർക്കിയ മേഖലയിലുള്ള എല്ലാ വാദിയിലും വെള്ളം പൊങ്ങാൻ തുടങ്ങിയിട്ടുണ്ട്. ജാലാൻ ബനീ ബുആലി, ബുഹസൻ, ദഫ്ഫ, അൽകാമിൽ, അൽവാസിൽ, ലഷ്‌കറ, തിവി, മസീറ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.

തെക്കൻ ശർഖിയ, അൽവുസ്ത ഗവർണറേറ്റുകളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാൻ പബ്‌ളിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. വടക്കൻ ശർഖിയ, മസ്‌കത്ത്, ദാഖിലിയ, തെക്കൻ ബാത്തിന, അൽ ഹജർ പർവതനിരകൾ എന്നിവിടങ്ങളിൽ കൊടുങ്കാറ്റിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകാനിടയുണ്ട്. ഒമാൻ തീരത്തെ കടൽ പ്രക്ഷുബ്ധമാണെന്നും തിരമാലകൾ ഏഴുമീറ്റർ വരെ ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഏഴു മീറ്റർ വരെ ഉയരത്തിൽ വരെ തിരയടിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. അരുവികളിലും തടാകങ്ങളിലും ഇറങ്ങരുതെന്ന് സർക്കാർ കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.