തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരവേ തലസ്ഥാന ജില്ലയിലും ശക്തമായ മഴ. ഇ്ന്നലെ വൈകീട്ട് തുടങ്ങിയ മഴ ഇന്ന് പുലർച്ചെയും തുടർച്ചയായി പെയ്യുകയാണ്. 12 മണിക്കൂറായി തോരാത്ത മഴയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പെയ്യുന്നത്. ശക്തമായ മഴയെ തുടർന്ന് നെയ്യാറ്റിൻകര ടിബി ജങ്ഷനിൽ ദേശീയപാതയിൽ പാലത്തിന്റെ ഒരുഭാഗം തകർന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. ഗതാഗതം ഭാഗികമായി തടസപ്പെടും.

വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞൊഴുകുന്നു. സമീപത്തെ കടകളിൽ വെള്ളം കയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകൾ പൂർണമായി തകർന്നു. ആളുകൾ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നു. വിതുര പൊന്മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യത. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) മറ്റു ജില്ലകളിൽ യെലോ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. 15നും 16നും പരക്കെ മഴ തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്. കേരളത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.