തിരുവനന്തപുരം: രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത്. തെക്കൻ ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയതും മഴക്കെടുതി ഉണ്ടായതും കേരളത്തിൽ തന്നെയാണ്. വീടുകൾക്കും കൃഷിക്കും റോഡുകൾക്കും വൻനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര ദേശീയപാതയിൽ ടിബി ജംക്ഷനു സമീപം മരുത്തൂർ തോടിനു കുറുകെയുള്ള പാലത്തിന്റെ പാർശ്വഭിത്തി തകർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും ട്രാക്കിലേക്ക് മണ്ണിടിയുകയും പാളം വെള്ളത്തിൽ മുങ്ങുകയും ചെയ്തതോടെ തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു.

മിനിയാന്ന് രാത്രി തുടങ്ങി ശനിയാഴ്‌ച്ചയും ഞായറാഴ്‌ച്ചയും രാത്രിയും പിന്നിട്ട് മഴ കനത്തു പെയ്യുകയാണ്. ഇതോടെയാണ് തലസ്ഥാനജില്ല ദുരിതത്തിൽ മുങ്ങിയത്. വാമനപുരം, കരമന, നെയ്യാർ നദികളും കൈത്തോടുകളും കരകവിഞ്ഞു. പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകൾ തുറന്നതോടെ വെള്ളം ഇരച്ചെത്തി. വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. നദികളുടെയും ജലാശയങ്ങളുടെയും തീരങ്ങൾ ഇടിഞ്ഞും കനത്ത മഴയിൽ മണ്ണൊലിച്ചുമാണ് ഒട്ടേറെ വീടുകൾ തകരുകയോ ഭാഗിക നാശം സംഭവിക്കുകയോ ചെയ്തത്.

മണ്ണിടിച്ചിലിൽ ഒട്ടേറെ കൃഷി ഭൂമി ഉപയോഗശൂന്യമായി. റെയിൽവേ ട്രാക്കിൽ ഗതാഗതം അസാധ്യമായതോടെ നിരവധി ട്രെയിനുകൾ തിരിച്ചു വിട്ടിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ തോടുകളിലും മറ്റും ഒഴുക്ക് കൂടിയതോടെ താഴ്ന്ന സ്ഥലങ്ങളിൽ പലയിടത്തും വെള്ളം കയറി. കോവളത്ത് 2 വീടുകളിലേക്കു മണ്ണിടിഞ്ഞു വീണു. വിഴിഞ്ഞത്ത് ഗംഗായാർ തോട് കരകവിഞ്ഞ് സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറി. പാറശാലയിൽ ഗവ. ഗേൾസ് ഹൈസ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് സമീപത്തെ വീടു തകർന്നെങ്കിലും വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ജില്ലയിലെ ഓറഞ്ച് അലർട്ട് ചുവപ്പിലേക്കു വഴി മാറിയത് ഒറ്റ രാത്രി കൊണ്ട്. വെള്ളിയാഴ്ച വൈകിട്ടു തന്നെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായിരുന്നു. രാത്രി നിർത്താതെ പെയ്ത മഴ പല സ്ഥലങ്ങളിലും വീടുകൾക്കും കെട്ടിടങ്ങളുടെ ഭിത്തികൾക്കും നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിൽ ഉൾപ്പെടെ വെള്ളം പൊങ്ങി.

ഇന്നും മഴ തുടരാനാണ് സാധ്യത. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്കോ മാറിത്താമസിക്കണമെന്നു കലക്ടർ അറിയിച്ചു. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര പ്രദേശങ്ങൾ, ജലാശയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ കർശനമായി ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

തിരുവനന്തപുരം താലൂക്കിലെ കടകംപള്ളി, മണക്കാട് എന്നിവിടങ്ങളിലും നെടുമങ്ങാട് താലൂക്കിലെ അയിരൂപ്പാറയിലും വീടുകൾ തകർന്നു. തിരുവനന്തപുരം താലൂക്കിലെ 14 വീടുകൾക്ക് ഭാഗികമായും കേടുപാടുണ്ട്. നെയ്യാറ്റിൻകര താലൂക്കിൽ ആറും വർക്കല താലൂക്കിൽ നാലും നെടുമങ്ങാട് ആറും വീടുകൾ ഭാഗികമായി തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നെയ്യാറ്റിൻകരയിൽ ആട്, കോഴി വളർത്തൽ കേന്ദ്രത്തിനു മുകളിൽ മണ്ണിടിഞ്ഞു വീണ് 26 ആടുകളും നൂറോളം കോഴികളും ചത്തു. പെരുമ്പഴുതൂരിനു സമീപം മാമ്പഴക്കര ഇളവനിക്കര കുറകോട് രാജന്റെ വീടിനോട് ചേർന്ന കേന്ദ്രത്തിലാണ് അപകടം. ശക്തിയായ മഴയും വീണ്ടും മണ്ണിടിയുമോ എന്ന ആശങ്കയും കാരണം രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താനായില്ല. കുന്നിന്റെ അടിവാരത്തിലാണ് രാജന്റെ വീട്. അതിനോട് ചേർന്നു തന്നെയാണ് ആടുകളെയും കോഴികളെയും വളർത്തുന്നത്. കനത്ത മഴയിൽ കുന്നിലെ മണ്ണിടിഞ്ഞ് ആട്, കോഴി വളർത്തൽ കേന്ദ്രത്തിനു മുകളിൽ പതിക്കുകയായിരുന്നു. 48 ആടുകളുണ്ടെന്ന് രാജൻ പറയുന്നു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാദ്ധ്യത മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് തടയാൻ നടപടിയെടുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി.