മസ്‌കറ്റ്: ഇന്നലെ രാവിലെയോടെ ഒമാൻ തീരത്തോടടുത്ത അശോഭ ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാതെ ഒമാൻ വിട്ട് പോയി. മണിക്കുറിൽ 100 കി.മി വേഗതയിലാണ് അശോഭ ഒമാൻ തീരത്തെത്തിയത് കാറ്റിന്റെ ശക്തിയെ കുറിച്ചും ഗതിയെ കുറിച്ചും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും വ്യക്തമായ മുന്നറിയിപ്പുകൾ രാജ്യത്തെ ജനങ്ങൾക്ക് നൽകിയിരുന്നു. ഏതു സാഹചര്യത്തേയും നേരിടാൻ രാജ്യത്തെ സുരക്ഷാ വിഭാഗവും തയ്യാറായിരുന്നു. വൈകീട്ടോടെ അശൂഭ മസീറ ദ്വീപ് കടക്കുന്നതോടെ കാറ്റ് ദുർബലമാകുമെന്നും അധിക്രതർ വ്യക്തമാക്കിയിരുന്നു.

എന്നാൽ അടുത്ത 24 മണിക്കുർ കൂടി അശൂഭ കാരണമായുള്ള മഴയും കാറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുമെന്ന് മുന്നറിയിപ്പുള്ളതു കാരണം സുരക്ഷാ സംവിധാനങ്ങളും രക്ഷാ പ്രവർത്തനങ്ങളും കൂടുതലായി ഏർപ്പെടുത്തിയിട്ടുണ്ട്.

കാറ്റിനെ തുടർന്ന ഒമാന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. സൂർ,ടി.വി, ഷർഖിയ മേഖലകളിലെ റോഡുകളിൽ വെള്ളം കയറിയതും വാദികൾ നിറഞ്ഞൊഴുകിയതും കാരണം പല വാഹനങ്ങളും വെള്ളത്തിലായി. സൂർ മേഖലയിൽ മാത്രമാണ് കാറ്റ് ശക്തിയായി വീശിയത് മഴയും ഇവിടങ്ങളിൽ ശക്തി പ്രാപിച്ചിരുന്നു. കടൽ ഏറെ പ്രക്ഷുബ്ധമായിരുന്നെങ്കിലും അപകടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

മസീറ, സൂർ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും നിരവധി കിലോമീറ്റർ റോഡ് തകരുകയും ചെയ്തു. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയവരെ ഹെലികോപ്ടറിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. പലഗ്രാമങ്ങളും വൈകുന്നേരവും വെള്ളക്കെട്ടിലാണ്. രാത്രിയും പലയിടത്തും മഴ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ, ബിലാദ്, റുമൈസ്, മഹുത്ത്, ലശ്കറ, ജഅ്‌ലാൻ ബനി ബൂആലി, വാദി ബനി ഖാലിദ്, മസീറ ദ്വീപ് എന്നിവിടങ്ങളിലെല്ലാം ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി. വൈദ്യുതി വിതരണവും റോഡ് ഗതാഗതവും അവതാളത്തിലായി.