- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിശൈത്യത്തിനൊപ്പം ഡൽഹിയിൽ പെരുമഴ; കോരിച്ചൊരിയുന്ന മഴയിലും സമരവീര്യം ചോരാതെ കർഷകർ; രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്നു
ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യത്തിനൊപ്പം പെരുമഴ. കോരിച്ചൊരിയുന്ന മഴയിലും സമരവീര്യം ഒട്ടും ചോരാതെ പതിനായിരക്കണക്കിന് കർഷകർ രാജ്യതലസ്ഥാനത്തിന്റെ അതിർത്തികളിൽ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. സമരപ്പന്തലുകളിൽ വെള്ളം കയറിയതോടെ ദുരിതം ഇരട്ടിച്ചു. എന്നാൽ പ്രതിഷേധാഗ്നിക്ക് ഒ്ട്ടും കുറവില്ലാതെ കർഷകർ ഒന്നിച്ച് നേരിടുകയാണ് പ്രതികൂല കാലാവസ്ഥയെ.
നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായെങ്കിലും അവധിദിനമായതിനാൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. അതിശൈത്യത്തിൽ മൂടിപ്പുതച്ച് തെരുവിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്കു ദുരിതം വിതച്ചാണ് ഡൽഹിയിൽ മഴയെത്തിയത്. സമരപ്പന്തലുകളിൽ വെള്ളം കയറി. പക്ഷെ ഈ പ്രതികൂല കാലവസ്ഥയിലും കർഷകർ കുലുങ്ങിയില്ല. മഴ വിതച്ച ദുരിതത്തെക്കുറിച്ചുള്ള ചോദ്യത്തിനും കർഷകർ വ്യക്തമായ മറുപടി നൽകി. കൃഷിക്കു മഴ നല്ലതാണ്. പാടത്ത് പണിയെടുക്കുമ്പോൾ മഴ കൊള്ളാറുമുണ്ട്.
രണ്ടുദിവസം കൂടി മഴപെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ പെയ്ത പശ്ചാത്തലത്തിൽ തണുപ്പ് കുറയുമെന്നാണ് വിലയിരുത്തൽ. പുതുവർഷമായിട്ടും പരിഹാരമില്ലാതെ തുടരുകയാണ് ഡൽഹിയിൽ കർഷകരുടെ സമരം. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ രണ്ടുകാര്യങ്ങളിൽ ധാരണയായെങ്കിലും മുഖ്യവിഷയങ്ങളിൽ ധാരണ ആയിട്ടില്ല. ഇതോടെ, തിങ്കളാഴ്ച നടക്കുന്ന ഏഴാം വട്ട ചർച്ചയ്ക്ക് മുന്നോടിയായി കർഷക യൂണിയനുകൾ കേന്ദ്രസർക്കാരിന്റെ മേലുള്ള സമ്മർദ്ദം ശക്തമാക്കി.
മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുക, മിനിമം താങ്ങ് വിലയ്ക്ക് നിയമപരമായ ഉറപ്പ് എന്നീ കാര്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ ജനുവരി ആറ് മുതൽ സമരം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നാക്കം പോയിട്ടുമില്ല. തങ്ങളുടെ ആവശ്യങ്ങളെ സർക്കാർ നിസ്സാരമായി കാണരുതെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല, കടുത്ത നിലപാടിൽ തന്നെ തുടരുകയാണ് അവർ.
തിങ്കളാഴ്ചത്തെ ചർച്ചയിൽ തൃപ്തികരമായ ഫലം ഉണ്ടായില്ലെങ്കിൽ, കർഷകർ കുണ്ഡ്ലി, മനേശർ-പൽവാൾ ഹൈവേയിൽ ജനുവരി ആറിന് പ്രതിഷേധ സൂചകമായി ട്രാക്ടർ മാർച്ച് നടത്തും. ഡിസംബർ 31 ന് ആലോചിച്ചിരുന്ന ട്രാക്ടർ മാർച്ച് ഡിസംബർ 30 ന് നടന്ന സർക്കാരുമായുള്ള ചർച്ച കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.