ൾഫ് നാടുകളിൽ കനത്ത തണുപ്പ് തുടരുകയാണ്. സൗദി കാൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ തണുപ്പിലൂടെയാണ് കഴിഞ്ഞ ദിവസം കടന്ന് പോയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും കനത്ത ശീതകാലാവസ്ഥയും തുടരുകയാണ്. കനത്ത തണുപ്പിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി നൽകി. മൂന്ന് ദിവസമായി രാജ്യം അതിശൈത്യത്തിന്റെ പിടിയിലാണ്.

സൗദിയിൽ റിയാദ്, ദമ്മാം, ജിദ്ദ, തബൂക്ക്, ഖുറയ്യാത്ത്, അസീർ, സകാക, താഇഫ്, അറാർ, ഖസീം, ഹാഇൽ, അൽജൗഫ്, ജിസാൻ, അൽബാഹ എന്നിവിടങ്ങളിലാണ് ശൈത്യം രൂക്ഷമായത്. പലയിടത്തും താപനില പൂജ്യത്തിന് താഴെയാണ്. മഞ്ഞുവീഴ്ച കാരണം ചില പ്രദേശങ്ങളിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. തബൂക്കിൽ കനത്ത മഞ്ഞുമഴ പെയ്തു. അറാറിലും തബൂക്കിലും ശൈത്യകാറ്റും ആഞ്ഞുവീഴുന്നുണ്ട്.

കാലാവസ്ഥാ മാറ്റം പലയിടങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വൈകുന്നേരങ്ങളിൽ തിരക്ക് കുറവാണ്. റിയാദ് പ്രവിശ്യയിൽ മൂന്ന് ദിവസമായി കനത്ത തണുപ്പ് തുടരുകയാണ്. റിയാദിൽ പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയിലത്തെി. ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് മക്കയിലാണ്. 29 ഡിഗ്രിയായിരുന്നു ശനിയാഴ്ച മക്കയിലെ അന്തരീക്ഷ ഊഷ്മാവ്.

കാലാവസ്ഥാ മാറ്റം തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തണുപ്പ് പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ തൊഴിലുടമകൾ വിതരണം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.പകർച്ച വ്യാധികൾ പടരാൻ സാധ്യതയുണ്ടെന്നും ഭക്ഷ്യശീലങ്ങളിൽ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.