- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്തമംഗലം ഹീരാ ബ്ലൂ ബെൽസ് ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ഹീര ബാബുവിനും മകനും ജാമ്യമില്ല; ഹർജി തള്ളി തിരുവനന്തപുരം സിബിഐ കോടതി; കൂട്ടുപ്രതികളായ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം രാജ്യം വിട്ട് ഒളിവിൽ പോകാൻ സാധ്യതയെന്നും കോടതി
തിരുവനന്തപുരം: തലസ്ഥാനത്തെ കവഡിയാർ എസ്‌ബിഐ ബാങ്കിൽ നിന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന 15 കോടി രൂപയുടെ വായ്പ തട്ടിപ്പ് അഴിമതി കേസിൽ റിമാന്റിൽ കഴിയുന്ന ഹീരാ ഫ്‌ളാറ്റ് കമ്പനിയുടമ ഹീര ബാബുവെന്ന അബ്ദുൾ റഷീദിനും മകൻ സുബിൻ റഷീദിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യഹർജികൾ തിരുവനന്തപുരം സിബിഐ കോടതി തള്ളി ഉത്തരവായി.
കോടികൾ മറിഞ്ഞ അഴിമതിക്കേസിലെ ഉന്നതങ്ങളിൽ സ്വാധീനമുള്ള മുഖ്യപ്രതികളെ ഈ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ ഇനി പിടിയിലാകാനുള്ള ബാബുവിന്റെ ഭാര്യ സുനിതാ ബീഗം, മകൻ റസ്വിൻ റഷീദ്, മകൾ സുറുമി ബീഗം എന്നിവരുമായി രാജ്യം വിട്ട് ഒളിവിൽ പോകാൻ സാധ്യതയുണ്ട്. പിടിയിലാകാനുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെയടക്കം അറസ്റ്റിന് വിഘ്‌നം സംഭവിക്കും. അപ്രകാരം സംഭവിച്ചാൽ വിചാരണക്ക് പ്രതികളെ പ്രതിക്കൂട്ടിൽ ലഭ്യമാകാത്ത അവസ്ഥ സംജാതമാകും. മുഖ്യ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ മൊഴി വിചാരണയിൽ തിരുത്തി കൂറുമാറ്റി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ട്. ഗൗരവമേറിയ വൈറ്റ്‌കോളർ കുറ്റം ചെയ്ത് കുറച്ചു നാൾ റിമാന്റിൽ കഴിഞ്ഞ് പുറത്തിറങ്ങാമെന്ന സ്ഥിതിവിശേഷമുണ്ടായാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ സി ബി ഐ ജഡ്ജി കെ. സനിൽകുമാർ ചൂണ്ടിക്കാട്ടി.
മാർച്ച് 10 മുതൽ 15 വരെ രണ്ടു പ്രതികളും സിബിഐ കസ്റ്റഡി റിമാന്റിലും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി റിമാന്റിലുമാണ് . പ്രതികളെ സിബിഐ കസ്റ്റഡിയിൽ നിന്നും 15 ന് തിര്യെ ഹാജരാക്കിയ വേളയിലാണ് വീണ്ടും റിമാന്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വച്ച് കൂടുതൽ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനും കേസിലുൾപ്പെട്ട ബാങ്ക് മാനേജർമാരടക്കമുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുമായി സിബിഐ ജഡ്ജി കെ. സനിൽകുമാർ ഈ മാസം 15 വരെ അബ്ദുൾ റഷീദിനെയും മകനെയും സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ബാങ്ക് വായ്പ അഴിമതി കേസിൽ ബാങ്ക് മാനേജർമാരെ കൂടാതെ അബ്ദുൾ റഷീദിന്റെ ഭാര്യ സുനിതാ ബീഗവും മകൾ സുറുമി ബീഗവും മകൻ സുബിൻ റഷീദും കൂട്ടു പ്രതികളാണ്.
അസ്സൽ പ്രമാണവും വ്യാജ പ്രമാണങ്ങളും വ്യാജ ലോൺ രേഖകളും തലസ്ഥാനത്തെ എസ് ബി ഐ യിൽ പണയപ്പെടുത്തി 15 കോടി രൂപ കൈപ്പറ്റിയ വിവരം മറച്ച് വെച്ച് ഫ്‌ളാറ്റ് വിൽപ്പന നടത്തി കേരളത്തിലങ്ങോളമിങ്ങോളമുള്ള അനവധി പേരെ വിശ്വാസ വഞ്ചന ചെയ്ത ഹീരാ ഫ്‌ളാറ്റ് വായ്പാ തട്ടിപ്പുകേസിൽ ബാങ്ക് മാനേജർമാരും അബ്ദുൾ റഷീദിന്റെ ഭാര്യ സുനിതാ ബീഗം , മകൾ സുറുമി ബീഗം , മകൻ സുബിൻ റഷീദ് എന്നിവരും പ്രതികളാണ്.
അതേ സമയം മ്യൂസിയം പൊലീസ് 2019 ൽ രജിസ്റ്റർ ചെയ്ത ഫ്‌ളാറ്റ് തട്ടിപ്പുകേസിൽ 7 മുൻ ക്രൈം കേസുകൾ മറച്ചുവെച്ച് മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർ ആർ. എസ്. രതീന്ദ്ര കുമാറിന്റെ ഒത്താശയോടെ അബ്ദുർ റഷീദിന് നേടിക്കൊടുത്ത ജാമ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്രേട്ട് കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. എന്നിട്ടും മ്യൂസിയം പൊലീസ് പ്രതിയെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യാതെ ഒളിവിൽ പോകാൻ ഒത്താശ ചെയ്തു.
തലസ്ഥാനത്തെ ആക്കുളം ഹീര ലേക്ക് ഫ്രണ്ട് പ്രൊജക്റ്റിനായി 15 കോടി രൂപയാണ് വ്യാജരേഖകൾ ഹാജരാക്കി അബ്ദുൾ റഷീദും കൂട്ടാളികളും വായ്പയെടുത്തത്. വായ്പക്ക് കൊളാറ്ററൽ സെക്യൂരിറ്റിയായി ഈട് നൽകിയതുകൊല്ലം ചിന്നക്കടയിലെ ഹീര പ്ലാസ എന്ന വാണിജ്യ സമുച്ചയമായിരുന്നു. വായ്പ പൂർണ്ണമായി തിരിച്ചടക്കും മുമ്പ് ബാങ്ക് അധികൃതരുടെ അറിവും സമ്മതത്തോടെയും ഒത്താശയോടെയും ജാമ്യ വസ്തുക്കൾ അബ്ദുൾ റഷീദ് വിറ്റഴിച്ചു.ബാങ്കധികൃതരുടെ ഒത്താശയോടെ വ്യാജരേഖകൾ ഹാജരാക്കി 15 കോടി രൂപ വായ്പയെടുത്ത ശേഷം ഫ്‌ളാറ്റുകൾ മൂന്നാം കക്ഷികൾക്ക് വിറ്റഴിച്ച് കോടികൾ കൈക്കലാക്കിയും വായ്പ തുക പലിശ സഹിതം തിരിച്ചടക്കാതെ സർക്കാരിനെയും ബാങ്കിനെയും വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് സിബിഐ കേസ്. പുതുതായി ചാർജെടുത്ത എസ് ബി ഐ റീജണൽ മാനേജരാണ് വായ്പ തട്ടിപ്പ് കണ്ടെത്തി വിവരം സിബിഐക്ക് കൈമാറിയത്. വൻ വായ്പാ കുടിശ്ശികക്കാരുടെ ലിസ്റ്റ് സിബിഐ ദേശസാൽകൃത ബാങ്കുകളിൽ നിന്നും ശേഖരിച്ചാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി ഹീരാ ബ്ലൂ ബെൽസ് ഫ്‌ളാറ്റ് സമുച്ചയത്തിലെ പന്ത്രണ്ടും പതിമൂന്നും നിലകളിലുള്ള ഫ്‌ളാറ്റുകൾ 2009 കാലയളവിൽ ഒന്നാം പ്രതി അപേക്ഷകനും മറ്റു പ്രതികൾ കൂട്ടപേക്ഷകരുമായി നിന്ന് എസ് ബി ഐ കവഡിയാർ ബ്രാഞ്ചിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈപ്പറ്റിയ വിവരം മറച്ച് വെച്ച് അതേ ഫ്‌ളാറ്റുകൾ വിൽപ്പന നടത്തി അനവധി പേരെ വഞ്ചിച്ച് ലോൺ തുക കൃത്യമായി അടക്കാതെ ഫ്‌ളാറ്റുകൾ ജപ്തി നടപടികൾക്ക് വിധേയമാകാൻ ഇടയാക്കി പരാതിക്കാർക്ക് ലോൺ തുകയുടെ ബാധ്യത ഉണ്ടാക്കാൻ ഇടയാക്കിയും പ്രതികൾ കുറ്റകരമായ ട്രസ്റ്റ് ലംഘനം നടത്തി വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് മ്യൂസിയം പൊലീസ് കേസ്. എസ്‌ബിഐ ബാങ്കധികൃതർ പ്രതിപ്പട്ടികയിലുണ്ടായിട്ടും മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർ അവരെ പ്രതിപ്പട്ടികയിൽ നിന്ന് കുറവ് ചെയ്ത് അന്വേഷണം തുടരുന്ന വിവരത്തിന് അഡീഷണൽ റിപ്പോർട്ട് തലസ്ഥാനത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു.