- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹീര ബാബുവിനെ പൂട്ടിയത് ബിജെപി വൈസ് പ്രസിഡന്റ്; വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലു ബെൽസ് ഫ്ളാറ്റ് സ്വന്തമാക്കിയതിന് പിന്നാലെ വന്നത് വായ്പാ മുടങ്ങലിനെ തുടർന്നുള്ള ഏറ്റെടുക്കൽ നടപടി; ലോണിന്റെ പിതൃത്വം ബിൽഡർക്ക് എന്ന് മനസിലാക്കി വിടി രമ പരാതി നൽകിയത് ഫ്ളാറ്റ് തട്ടിപ്പിന്റെ പേരിൽ; പൂർണമാകുന്നത് കേരളത്തിലെ പ്രമുഖ ബിൽഡറുടെ പതനം
തിരുവനന്തപുരം: പ്രമുഖ ബിൽഡറായ ഹീരാ ബാബുവിന്റെ പതനം പൂർണമാക്കി നടന്ന അറസ്റ്റിനു വഴിവെച്ചത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വി.ടി.രമ നൽകിയ പരാതിയിൽ. കഴിഞ്ഞ വർഷം നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി വന്നത്. ഹീര ബാബു സ്ഥിരം നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് തന്നെയാണ് രമ നൽകിയ പരാതിയിലും ചൂണ്ടിക്കാണിച്ചത്. വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലൂബെൽസ് ഫ്ളാറ്റ് വാങ്ങിയപ്പോൾ ബിൽഡറായ ഹീര ബാബു ചതിച്ചുവെന്നാണ് രമ പരാതി നൽകിയത്.
രമ ലോൺ എടുത്ത് വാങ്ങിയ ഫ്ളാറ്റ് ഈടായി നൽകി ഹീരാ ബാബു വേറെ ബാങ്ക് ലോൺ എടുത്തിരുന്നു. ബാബു ലോൺ മുടക്കിയപ്പോൾ ഫ്ളാറ്റ് സമുച്ചയം അറ്റാച്ച് ചെയ്യുന്ന നടപടിയുമായി ബാങ്ക് മുന്നോട്ടു പോയി. അപ്പോഴാണ് രമ ചതി മനസിലാക്കിയത്. രമ ലോൺ എടുത്ത് സ്വന്തമാക്കിയ ഫ്ളാറ്റ് എങ്ങനെ ഹീര ബാബുവിന്റെ വായ്പയുടെ പേരിൽ ബാങ്കിന് തിരികെ പിടിക്കാൻ കഴിയും. ചതി മനസിലാക്കിയാണ് രമ പരാതി നൽകിയത്. രമയുടെ പരാതിയിലാണ് നടപടി വന്നത്. താനാണ് പരാതി നൽകിയത് എന്ന് രമ മറുനാടനോട് സമ്മതിച്ചു. എന്നാൽ കൂടുതൽ പ്രതികരണത്തിന് ഇല്ല എന്നാണ് രമ മറുനാടനോട് പ്രതികരിച്ചത്.
ഇന്നലെ രാത്രിയാണ് കവടിയാറിലെ വീട്ടിൽ ചെന്ന് മ്യൂസിയം പൊലീസ് ഹീരാ ബാബുവിനെ നാടകീയമായ രീതിയിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം വെളിയിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു രക്ഷപ്പെടലിനും ഹീര ബാബുവിന് കഴിഞ്ഞില്ല. അപ്രതീക്ഷിതമായ പൊലീസ് നടപടിയിൽ കുഴഞ്ഞുപോയ ഹീര ബാബു സറണ്ടർ ആവുകയായിരുന്നു. ഇതേ രീതിയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയതിനു മ്യൂസിയം സ്റ്റേഷനിൽ തന്നെ അഞ്ചിലേറെ പരാതികൾ ഹീര ബാബുവിന്റെ പേരിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഹീരയ്ക്ക് എതിരെയുള്ള പരാതികൾ വർദ്ധിച്ചപ്പോൾ കടുംവെട്ടിനു മ്യൂസിയം പൊലീസ് തയ്യാറാവുകയായിരുന്നു. കേരളത്തിലെ ഒരു കേസിലും ഒരു പൊലീസും അറസ്റ്റ് ചെയ്യാൻ മടിച്ച തട്ടിപ്പ് വീരനെയാണ് രണ്ടു കൽപ്പിച്ചുള്ള നീക്കത്തിലൂടെ മ്യൂസിയം പൊലീസ് വലയിലാക്കിയത്. അറസ്റ്റ് വാർത്ത ഇന്നലെ രാത്രി തന്നെ മറുനാടൻ നൽകിയിരുന്നു.
പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഹീര ബാബു ഉയർത്തി. ഇതോടെ പൊലീസ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനു ശേഷം അവരുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഈ പ്രമുഖ ബിൽഡർ. ഹീര ബാബുവിന്റെ യുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും കോടതി നിർദ്ദേശ പ്രകാരം അനന്തര നടപടികൾ സ്വീകരിക്കുമെന്നും മ്യൂസിയം എസ്ഐ ശ്യാം രാജ് മറുനാടനോട് പറഞ്ഞു.
തട്ടിപ്പിന് അനുവർത്തിക്കുന്നത് ഒരേ രീതികൾ
ഫ്ളാറ്റ് തട്ടിപ്പിന് ഹീര അനുവർത്തിക്കുന്ന രീതിയാണ് ബ്ലൂ ബെൽസ് ഫ്ളാറ്റ് തട്ടിപ്പിലും ഹീര പ്രയോഗിച്ചത്. പുതിയ ഫ്ളാറ്റ് സമുച്ചയവുമായി മുന്നോട്ടുവന്നാൽ അധികം കഴിയും മുൻപ് തന്നെ ഫ്ളാറ്റുകൾ മുഴുവൻ ഹീര വിൽക്കും. അതിനുശേഷം ഫ്ളാറ്റ് സമുച്ചയം മുഴുവൻ പണയം വെച്ച് ഹീര ലോൺ വാങ്ങും. ബാങ്കുകളും കെഎഫ്സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളിയിലാണ് ഹീര ലോൺ വാങ്ങിക്കുക. ഈ രീതിയിൽ ലോൺ എടുക്കാൻ ഹീരയ്ക്കോ ലോൺ നൽകാൻ ബാങ്കിങ് സ്ഥാപനങ്ങൾക്കോ കഴിയില്ല. ഈ ഘട്ടത്തിൽ ബാങ്ക് അധികൃതരുമായി ഹീര ഒത്തുതീർപ്പിൽ എത്തും.
കോടികളുടെ ലോണിന്റെ പേരിൽ അവർക്ക് ഫ്ളാറ്റുകൾ ഫ്രീയായി നൽകും. വായ്പ തുകയുടെ വർദ്ധന അനുസരിച്ച് ഫ്ളാറ്റുകളുടെ എണ്ണവും കൂടും. ഇങ്ങനെ ബാങ്കുകളും-ഹീരയും കള്ളക്കളി കളിക്കുമ്പോൾ എല്ലാം വിറ്റ് പെറുക്കിയും ലോൺ എടുത്തും ഫ്ളാറ്റുകൾ വാങ്ങിയ ഉടമകൾ പെടും. ലോൺ ഹീര കൃത്യമായി തിരിച്ചടച്ചാൽ ഇത് വെളിയിൽ വരില്ല. ഫ്ളാറ്റ് പദ്ധതികളുടെ മറവിൽ കാശെല്ലാം അടിച്ച് മാറ്റിയ ശേഷം പാപ്പരായെന്ന രീതിയിൽ നടക്കുന്ന ഹീര ഈ രീതിയിൽ എടുത്ത പല ലോണും അടച്ചില്ല. അതിനാലാണ് ലോൺ ഇടപാട് ഹീരയ്ക്ക് വിനയായത്. ഇതോടെയാണ് ഹീര നടത്തിവന്ന ഫ്ളാറ്റ് തട്ടിപ്പ് പല ഫ്ളാറ്റ് ഉടമകളും അസോസിയേഷനുകളും മനസിലാക്കിയത്. ഹീര പാപ്പരായതിനാൽ ഹീരയുടെ ലോൺ സ്വന്തം അടച്ചു വീട്ടേണ്ട അവസ്ഥയിലാണ് ഫ്ളാറ്റ് ഉടമകളുടെ അവസ്ഥ. ഹീര ബ്ലു ബെല്ലിലെ തട്ടിപ്പിനെ തുടർന്ന് രമ നൽകിയ അതേ പരാതി തന്നെ ഹീരയുടെ ശാസ്തമംഗലം സ്വിസ്സ് ടൗൺ പ്രോജക്ടിലെ ഫ്ളാറ്റ് ഉടമകൾക്കുമുണ്ട്.
ശാസ്തമംഗലം സ്വിസ്സ് ടൗൺ പ്രോജക്ടിലെ കുഴപ്പത്തിനു കാരണം ഹീരയുടെ ലോൺ
ശാസ്തമംഗലം സ്വിസ്സ് ടൗൺ പ്രോജക്ടിലെ ഫ്ളാറ്റുകൾ മുഴുവൻ ഉടമകൾ സ്വന്തമാക്കിയപ്പോഴാണ് ജപ്തി നടപടിയുമായി കെഎഫ്സി എത്തിയത്. തങ്ങൾ ലോൺ എടുത്ത് സ്വന്തമാക്കിയ ഫ്ളാറ്റുകൾ എങ്ങനെ കെഎഫ്സി അറ്റാച്ച് ചെയ്യും എന്ന വിവരം തേടിയപ്പോഴാണ് തങ്ങൾക്ക് ഫ്ളാറ്റ് വിറ്റ ശേഷം ആ സമുച്ചയം മുഴുവൻ പണയം വെച്ച് കെഎഫ്സിയിൽ നിന്ന് ലോൺ എടുത്ത കാര്യം വെളിയിൽ വന്നത്. ഇതിൽ മൂന്നു കോടി ഹീര അടച്ചില്ല.
ഇതിനെ തുടർന്നാണ് ജപ്തി നടപടിയുമായി കെഎഫ്സി രംഗത്ത് വന്നത്. ഈ മൂന്നു കോടി ആര് തിരിച്ചടയ്ക്കും എന്ന കാര്യത്തിൽ ഇപ്പോഴും അവിടെ തർക്കം നിലനിൽക്കുകയാണ്. ഹീര ബാബുവും ബാബുവിനോടു അടുപ്പമുള്ള ഫ്ളാറ്റ് ഉടമകളും ഈ ലോൺ പിരിവെടുത്ത് അടയ്ക്കാം എന്ന നിർദ്ദേശം അവിടെ മുന്നോട്ടു വെച്ചിട്ടുണ്ട്. സെറ്റിൽമെന്റിന്റെ ഭാഗമായി അറുപതു ലക്ഷമായി തുക കെഎഫ്സി കുറച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഈ തുക ഫ്ളാറ്റ് ഉടമകൾ എല്ലാവരും ചേർന്ന് അടയ്ക്കാം എന്ന നിർദ്ദേശം അസോസിയേഷൻ മുന്നോട്ടു വെച്ചത്. ബിൽഡറുടെ ലോൺ തങ്ങൾ എന്തിന് അടയ്ക്കണം എന്ന ചിന്തയിൽ പല ഫ്ളാറ്റ് ഉടമകളും ഈ നിർദ്ദേശം സ്വീകരിച്ചിട്ടില്ല. ഈ പ്രശ്നം അവിടെ പുകഞ്ഞുകൊണ്ടിരിക്കെയാണ് സമാന പ്രശ്നത്തിൽ മറ്റൊരു ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട പരാതിയിൽ ഹീരയ്ക്ക് കുരുക്ക് മുറുകുന്നത്.
സിപിഎം നേതാവായ മുൻ മേയറും ടൗൺ പ്ലാനറുമടക്കം 9 പേർ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാർ 14 നില അനധികൃത ഫ്ളാറ്റ് നിർമ്മാണ - വിൽപ്പന കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഈ കേസിൽ തുടർ നടപടി ഒന്നും ആയിട്ടില്ല. ഇതിനിടെയാണ് മറ്റൊരു കേസ് എടുത്തത്. സാമ്പത്തിക തട്ടിപ്പിൽ കമറൂദ്ദീൻ എംഎൽഎയും മറ്റും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഹീരാ ബാബുവിനെതിരായ പരാതിയും കണ്ടില്ലെന്ന് നടക്കാനായില്ല. ഇതാണ് അറസ്റ്റിന് സാഹചര്യമൊരുക്കിയത്.
കൺസ്ട്രക്ഷൻ വ്യവസായത്തിലെ പണം വഴിതിരിച്ച് വിറ്റും തട്ടിപ്പ്
വലിയ പ്രതിസന്ധിയിലേക്ക് ഹീരയും ബാബുവും നീങ്ങുന്നതായി മറുനാടൻ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. 2015ൽ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ നിയമ നടപടികൾ തുടങ്ങിരുന്നു, അബ്ദുൾ റഷീദ് അലിയാർ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടർ. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിൻ, റസ്വിൻ എന്നിവരാണ് കമ്പനിയിലെ മറ്റ് ഡയറക്ടർമാർ. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കൺസ്ട്രക്ഷൻ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്പനികൾ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.
1991ലാണ് ഹീരാ കൺസ്ട്രക്ഷൻ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം 1995ൽ ഹീരാ സമ്മർ ഹോളിഡേ ഹാംസും രൂപീകരിച്ചു. ബാക്കിയെല്ലാ കമ്പനിയും 2007ന് ശേഷമാണ് രൂപീകരിച്ചത്. കമ്പനിയിലെ പ്രതിസന്ധി തുടങ്ങിയ ശേഷവും നിരവധി കൺസ്ട്രക്ഷൻ കമ്പനികൾ ഹീരാ ബാബു രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലും ഹീരാ ബാബുവും കുടുംബംഗങ്ങളുമാണ് ഡയറക്ടർമാരായുള്ളത്. നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന കെഎഫ്സി ഹീരയിൽ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികൾ തുടങ്ങിയതോടെയാണ് പ്രതിസന്ധി പുറത്തു വന്നത്. വായ്പാ കുടിശികയെത്തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) ജപ്തി ചെയ്ത കേരളത്തിലെ പ്രമുഖ ഫ്ളാറ്റ് നിർമ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്റ്റൈൽ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചു. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന് ഇരുപത്തി ഒൻപത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്..
വായ്പാ തിരിച്ചടവിൽ കുടിശിക വരുത്തിയതിനെത്തുടർന്ന് 2015 ഒക്ടോബർ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നൽകിയത്. എന്നാൽ പലിശ അടയ്ക്കാൻ വായ്പ്പക്കാരൻ തയാറായില്ല. അത്രയേറെ പ്രതിസന്ധിയിലാണ് ഹീര. ഇതേത്തുടർന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നൽകുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു. നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടർന്ന് ഹീരയുടെ നാല് സ്ഥലങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കും ജപ്തി ചെയ്തിരുന്നു.
കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ഹീരാ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങൾ, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങൾ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂർ വില്ലേജിലാണ് സ്ഥലങ്ങൾ. ഹീര ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കിൽ നിന്ന് എടുത്തിരുന്നത്.
കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമാണ് ഹീര ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ബിൽഡേഴ്സിന്റെ തകർച്ചയുടെ വാർത്തകൾ മുൻ നിര പത്രങ്ങൾ പോലും വാർത്തയാക്കിയിട്ടില്ല. ഗോവ ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഹീരാ ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ.ബാബു സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് എൻജിനീയറിങ് കോളേജ് അടക്കം സ്ഥാപിച്ചിരുന്നു. കുടുംബവുമൊത്ത് തിരുവനന്തപുരത്ത് കവടിയാറിലാണ് ഡോ.ബാബു താമസിച്ചിരുന്നത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.