കൗണ്ടി ഡർഹാമിലെ ഷോട്ടൻ കോലിറിയിലുള്ള ഹൗസിങ് എസ്റ്റേറ്റിൽ ശനിയാഴ്ച ഡൈവിംഗിനിടെ നടന്ന അപകടത്തിൽ പ്രമുഖ സ്‌കൈ ഡൈവറായ പമീല ഗോവർ ദാരുണമായി കൊല്ലപ്പെട്ടു. 15,000 അടി ഉയരത്തിൽ നിന്നുള്ള ചാട്ടത്തിനിടെ ആയിരുന്നു പാരച്യൂട്ട് തുറക്കാത്തതിനെ തുടർന്ന് പമീല മരിച്ചത്. അകാലത്തിൽ പൊലിഞ്ഞ് പോയിരിക്കുന്നത് പൊക്കമില്ലായ്മയെ ആഘോഷമാക്കിയ 49കാരിയാണ്. പാർക്ക് ചെയ്ത ഒരു കാറിന് മേലെയാണ് ചാട്ടം പിഴച്ച പമീല വന്ന് വീണ് മരിച്ചത്. ക്രേസി ട്രെയിനീ സ്‌കൈഡൈവർ എന്നായിരുന്നു പമീല തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നത്. അപകടത്തെ തുടർന്ന് സൗത്ത് ടെന്നെസീയിലെ ഹെബേൺ സ്വദേശിയായ ഗോവറിനെ എയർആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചിരുന്നവെങ്കിലും രക്ഷിക്കാനായില്ല.

നീളം കുറവായതിനാൽ സ്റ്റാൻഡേർഡ് പാരച്യൂട്ടിന് മുകളിലെ സ്റ്റാൻഡേർഡ് റിപ്കോർഡ് ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ഇക്കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷൻ പ്രത്യേകം അഡാപ്റ്റ് ചെയ്ത ഉപകരണം സ്‌കൈ ഡൈവിംഗിന് ഉപയോഗിക്കാൻ ഗോവറിനെ അനുവദിച്ചിരുന്നു. താൻ നീളമില്ലായ്മയെ മറി കടന്ന് സാഹസികമായി ഡൈവിങ് നിർവഹിക്കുന്നതിന്റെ ആകർഷകങ്ങളായ നിരവധി ഫോട്ടോകൾ ഗോവർ തന്റെ ഫേസ്‌ബുക്ക് പേജിലൂയെ ഷെയർ ചെയ്തിരുന്നു.ഒരു ഇൻസ്ട്രക്ടറായി തീരാനായിരുന്നു ഗോവർ ഇഷ്ടപ്പെട്ടിരുന്നത്. സ്‌കൈഡൈവിങ് ചെയ്യുമ്പോൾ തനിക്ക് ലഭിക്കുന്ന സന്തോഷം മറ്റെവിടെ നിന്നും ലഭിക്കുന്നില്ലെന്ന് ഫേസ്‌ബുക്കിലൂടെ ഗോവർ വ്യക്തമാക്കിയിരുന്നു.

റെപ്ലോയിൽ ഒരു എംപ്ലോയ്മെന്റ് അഡൈ്വസറായി ജോലി ചെയ്യുകയായിരുന്നു ഗോവർ. അംഗപരിമിതി നേരിടുന്നവർക്ക് പ്ലേസ്മെന്റ് നൽകുന്ന സംഘടനയാണിത്. ഗോവറിന്റെ അകാല നിര്യാണമറിഞ്ഞ് തങ്ങൾ ഞെട്ടിപ്പോയെന്നാണ് റെപ്ലോയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. സംഘടനയുടെ ന്യൂകാസിൽ ബ്രാഞ്ചിലാണ് ഗോവർ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ തന്റെ ഒഴിവ് സമയങ്ങൾ കാൻസർ റിസർച്ച് യുകെയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കാനും പമീല ശ്രമിച്ചിരുന്നു. അടുത്തിടെ നൂറ് കണക്കിന് പൗണ്ടാണ് ഇവർ ഇത്തരത്തിൽ ശേഖരിച്ചിരുന്നത്. ഡൈവിംഗിനിടെയുണ്ടായ പമീലയുടെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് ഡർഹാം പൊലീസ് പറയുന്നത്. ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷനും ഇതിൽ ഭാഗഭാക്കാകും. കൊറോണറെ ഇക്കാര്യം അറിയിക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്യും.