തിരുവനന്തപുരം: ഹെലികോപ്ടറിൽ പ്രചരണ സ്ഥലത്തിന് തൊട്ടടുത്തിറങ്ങി പ്രവർത്തകരെ കൈവീശി കാട്ടി യോഗത്തിനെത്തുന്ന നേതാക്കൾ ഉത്തരേന്ത്യയിലെ സ്ഥിരം കാഴ്ചകളാണ്. ദേശീയ നേതാക്കളുടെ ഇത്തരം പ്രചരണങ്ങൾ മലയാളിക്ക് കേട്ടറിവ് മാത്രമായിരുന്നു. അതിനാണ് ബിജെപി മാറ്റം വരുത്തിയത്. കേരളം മുഴുവൻ പറന്നു നടക്കാൻ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബിജെപി ഹെലികോപ്ടർ അനുവദിച്ചു. എന്നാൽ ചില മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവരുടെ തോൽവി ഉറപ്പാക്കാനാണ് വെള്ളാപ്പള്ളിക്ക് താൽപ്പര്യം. ഇതോടെ വഴിയാധാരമായത് ഹെലികോപ്ടറും.

ഇതോടെ ഹെലികോപ്ടറെ ഏറ്റെടുക്കാൻ പുതിയ നാഥനെത്തി. മകൻ തുഷാർ വെള്ളാപ്പള്ളി. കേരളത്തിൽ പ്രചരണത്തിന് തുഷാർ പോകുന്നത് അച്ഛന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലൂടെ അനുവദിച്ച് കിട്ടിയ ഹെലികോപ്ടറിലാണ്. ഹെലിപാഡുള്ള മുന്തിയ ഹോട്ടലുകളിലാണ് താമസം. അങ്ങനെ അടിമുടി തകർപ്പിൻ പ്രചരണത്തിലാണ് തുഷാർ. നടൻ സുരേഷ് ഗോപിക്ക് പ്രചരണത്തിനുള്ള ഹെലികോപ്ടറും ഉടൻ എത്തുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാകും പുതിയ ഹെലികോപ്ടർ എത്തുക.

കടുത്ത ചൂടിനെ പോലും അവഗണിച്ച് പ്രചരണത്തിൽ പരമാവധി ദൂരം പിന്നിടാനാണ് ആകാശമാർഗ്ഗം ഉപയോഗിക്കാനാണ് ഇത്. പ്രചരണത്തിന് ഹെലികോപ്റ്റർ യാത്രയാണ് തുഷാർ വെള്ളാപ്പള്ളി ഉപയോഗിക്കുന്നത്. കാസർഗോഡ് പ്രചരണത്തിനായി തുഷാർ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ യാത്ര തിരിച്ചു. കാസർഗോട്ട് ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുന്ന ഏക മണ്ഡലമായ കാഞ്ഞങ്ങാട് എംപി രാഘവന് വേണ്ടി പ്രചരണം നടത്താൻ വേണ്ടിയാണ് തുഷാർ ഹെലികോപ്റ്റർ ഇറങ്ങിയത്. ബേക്കലിലെ സ്വകാര്യ റിസോർട്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ തുഷാർ വെള്ളാപ്പള്ളി കാർ മാർഗമാണ് കാഞ്ഞങ്ങാട്ടെത്തിയത്.

സുരേഷ് ഗോപിക്ക് പ്രചരണത്തിനായി ഹെലികോപ്റ്റർ നൽകുമെന്ന് നേരത്തേ ബിജെപി പ്രഖ്യാപിച്ചിരുന്നു. 40 നിയോജക മണ്ഡലങ്ങളിൽ പ്രചരണത്തിനായി എത്താൻ അഞ്ചു ദിവസത്തേക്ക് സുരേഷ്‌ഗോപിക്ക് ഹെലികോപ്റ്റർ അനുവദിച്ചത്. തിങ്കളാഴ്ച സുരേഷ് ഗോപി കാസർകോട്ടെത്തിയതും ഹെലികോപ്റ്ററിലാണ്. ബേക്കലിൽ ഹെലികോപ്റ്റർ ഇറങ്ങിയ സുരേഷ് ഗോപി കാർ മാർഗം മഞ്ചേശ്വരം മണ്ഡലം ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രചരണ യോഗത്തിൽ സംബന്ധിക്കാൻ കുമ്പളയിലെത്തുകയായിരുന്നു.

പിന്നീട് അദ്ദേഹം കാസർകോട്ട് ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രിയുടെ പ്രചരണ യോഗത്തിലും സംബന്ധിച്ചാണ് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം തെരഞ്ഞെടുപ്പിന് മുമ്പ് ഒരു തവണ കൂടി താൻ കാസർകോട്ടെത്തുമെന്ന് പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്. ഈ വരവും ഹെലികോപ്റ്ററിലാവും. സുരേഷ് ഗോപിയും തുഷാർ വെള്ളാപ്പള്ളിയും ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടു കൂടി തന്നെയാണ് ഹെലികോപ്റ്ററിൽ പ്രചരണത്തിനെത്തിയതെന്നും ഹെലികോപ്റ്റർ വാടക അടക്കമുള്ള ചെലവ് സംബന്ധിച്ച കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ ഇ. ദേവദാസൻ പറഞ്ഞു.

ഈ മണ്ഡലങ്ങളിലെല്ലാം ഇളക്കി മറിച്ചുള്ള പ്രചരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി വെള്ളാപ്പള്ളിയേയും സുരേഷ് ഗോപിയേയും പ്രചരണത്തിൽ നിറയ്ക്കാനാണ് ഹെലികോപ്ടർ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംസ്ഥാനത്ത് 37 ഇടത്താണ് ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. വെള്ളാപ്പള്ളിയെ കൂടുതൽ സമയവും പ്രചാരണത്തിനിറക്കുന്നത് ഗുണം ചെയ്യുമെന്ന കണ്ടെത്തലാണ് ഇതിന് പിന്നിൽ. ഏതായാലും ഹെലികോപ്ടർ നൽകുന്നതിലൂടെ ബി.ഡി.ജെ.എസിന്റെ മാത്രമല്ല, ബിജെപി. സ്ഥാനാർത്ഥികളുടെയും പ്രചാരണത്തിനായി മുഴുവൻ സമയവും വെള്ളാപ്പള്ളി ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ബിജെപി.

എന്നാൽ ഇത് നടക്കുന്നില്ല. വെള്ളാപ്പള്ളിക്ക് പകരം തുഷാറാണ് ഹെലികോപ്ടറിലെ യാത്ര ആഘോഷിക്കുന്നത്. ഇതിൽ ബിജെപിക്കാർക്ക് അതൃപ്തിയുമുണ്ട്‌