- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയുടെ അകക്കാമ്പിൽ നിന്നും പ്രതിവർഷം ചോർന്നു പോകുന്നത് 2000 ഗ്രാം ഹീലിയം-3; സൗര ധൂമതാരാഗണത്തിൽ കാണപ്പെടുന്ന ഈ ഹീലിയം ഐസോടോപ്പിന്റെ സാന്നിദ്ധ്യം പറയുന്നത് ഭൂമി ഉണ്ടായത് ഒരു സജീവ താരഗണത്തിൽനിന്നെന്ന്; ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം
ഹീലിയം വാതകത്തിന്റെ വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു ഐസോടോപ്പാണ് ഹീലിയം - 3. സാധാരണയായി സൂര്യൻ ഉൾപ്പെടുന്ന ധൂമ താരാഗണത്തിൽ കാണപ്പെടുന്ന ഈ ഐസോടോപ്പ് ഭൂമിയുടെ അകക്കാമ്പിൽ നിന്നും ചോര്ന്നു പോകുന്നതായി കണ്ടെത്തിയിരിക്കുന്നു. ചില സ്വാഭാവിക പ്രക്രിയകൾ വഴിയാണ് ഹീലിയം-3 രൂപം കൊള്ളുന്നത്. എന്നാൽ, ഇത് പ്രാഥമികമായും ഉണ്ടാകുന്നത് ധൂമതാരാഗണങ്ങൾ അഥവാ നെബുലയ്ക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ വാതകങ്ങളും പൊടിയും നിറഞ്ഞ മേഘങ്ങളിൽ നിന്നാണ്.
ഒരു ഗ്രഹം വളർന്ന് വലുതാകും തോറും അതിനു ചുറ്റുമുള്ള പദാർത്ഥങ്ങളെയെല്ലാം അതിന്മേൽ സംഭരിച്ചു കൂട്ടും. അതുകൊണ്ടു തന്നെ ഒരു ഗ്രഹത്തിന്റെ ഘടന അത് രൂപംകൊണ്ട സാഹചര്യത്തേയും പശ്ചാത്തലത്തേയും ശരിയായ രീതിയിൽ പ്രതിഫലിപ്പിക്കും. ഭൗമോപരിതലത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമായിരുന്നു ഹീലിയം - 3 കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭൂമി സോളാർ നെബുലയിൽ നിന്നും രൂപം കൊണ്ടതാണെന്ന വാദത്തെ അംഗീകരിക്കാൻ പല ജ്യോതിശ്ശാസ്ത്രജ്ഞരും തയ്യാറായിരുന്നില്ല.
എന്നാൽ, ഈ ഐസോടോപ്പ് ഭൂമിയുടെ അകക്കാമ്പിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്നു എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ന്യു മെക്സിക്കോയിലെ ഗവേഷകർ തെളിയിച്ചിരിക്കുന്നത്. ഇതു തന്നെ, ഭൂമിയുടെ ഉല്പത്തി സോളാർ നക്ഷത്രഗണത്തിൽ നിന്നാണെന്ന് വ്യക്തമാക്കുന്നു. ഇത്രയധികം ഹീലിയം -3 അകക്കാമ്പിൽ ഉണ്ടായിരിക്കണമെങ്കിൽ വളരെ സജീവമായ ഒരു ധൂമതാരാഗണത്തിൽ നിന്നു തന്നെയായിരിക്കണം ഭൂമി ഉത്ഭവിച്ചിരിക്കുക എന്നും ഗവേഷകർ പറയുന്നു. അതല്ലാതെ എരിഞ്ഞടങ്ങുന്ന നക്ഷത്ര സമൂഹത്തിൽ നിന്നാകില്ല.
പ്രതിവർഷം 2000 ഗ്രാം ഹീലിയം - 3 ഭൂമിയുടെ അകക്കാമ്പിൽ നിന്നും ചോർന്ന് പോകുന്നതായാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. ഇത് ഭൂമിയുടെ ഉത്പത്തിയിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന കണ്ടെത്തലാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂമിയുടെ ചരിത്രം പഠിക്കുവാൻ പ്രധാനമായും ഭൂമിയുടെ ചരിത്രത്തിലെ രണ്ട് പ്രധാന സംഭവങ്ങളുടെ മാതൃക തയ്യാറാക്കിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ആദ്യ ഘട്ടം എന്നു പറയുന്നത്, ഭൂമി ഉണ്ടായതായി കണക്കാക്കപ്പെടുന്ന ആദ്യകാലങ്ങൾ, അതായത് 4.53 ബില്യൺ വർഷങ്ങൾക്ക് മുൻപുള്ളത്.
ഈ കാലഘട്ടത്തിലായിരുന്നു ചുറ്റുമുള്ള വാതകങ്ങളിൽ നിന്നും പൊടികളിൽ നിന്നുമൊക്കെയായി ഹീലിയം ഇവിടെ അടിഞ്ഞുകൂടാൻ തുടങ്ങിയത്. രണ്ടാമത്തെ ഘട്ടം എന്നു പറയുന്നത് ചന്ദ്രന്റെ ഉത്ഭവശേഷമുള്ളതാണ്. ഏകദേശം 4 ബില്യൺ മുൻപുള്ളതാണ് ഈ കാലഘട്ടം. തെളിവുകൾ പറയുന്നത്, ഭൗമോത്പത്തിയുടെ ആദ്യഘട്ടങ്ങളിൽ എപ്പഴോ ഭൂമിയുടെ വലിപ്പത്തിന്റെ മൂന്നിലൊന്ന് വലിപ്പമുള്ള വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചെന്നും അതിന്റെ ചൂടിൽ ഭൂമി ഉരുകിയൊലിച്ചപ്പോൾ ഭൗമോപരിതലത്തിലെ ഹീലിയം ശേഖരണത്തിൽ അധികവും ചുറ്റുമുള്ള അന്തരീക്ഷത്തിലേക്ക് ലയിച്ചു എന്നുമാണ്.
ആധുനിക ഹീലിയം-3 ചോർച്ചയുടെ നിരക്കും അതുപോലെ ഹീലിയം ഐസോടോപ്പുകളുടെ മാതൃകകളും ഉപയോഗിച്ചുള്ള പഠനത്തിൽ ഭൂമിയുടെ ഉൾക്കാമ്പിൽ എത്രമാത്രം ഹീലിയം- 3 ഉണ്ടായിരുന്നു എന്ന് കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ച് ഏകദേശം 10 ടെറാഗ്രാം ( പതിനായിരം കോടി കിലോഗ്രാം) മുതൽ ഒരു പെറ്റാഗ്രാം (10 ലക്ഷം കോടി കിലോഗ്രാം) വരെ ഹീലിയം - 3 ഭൂമിക്കടിയിൽ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഇത്രയധികം ഹീലിയം -3 അകക്കാമ്പിൽ ഉണ്ടാകണമെങ്കിൽ, ഹീലിയം വലിയ അളവിൽ ഉള്ള സജീവമായ ഒരു താരാഗണത്തിൽ നിന്നു തന്നെയായിരിക്കണം ഭൂമി ഉത്ഭവിച്ചിട്ടുണ്ടാവുക എന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ആണവോർജ്ജം ഉണ്ടാക്കുന്ന ഫ്യുഷൻ റിയാക്ഷനിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഹീലിയം-3. ഇത് ഒരു റേഡിയോ ആക്ടീവ് പദാർത്ഥമല്ല, അതിനാൽ തന്നെ കൂടുതൽ അപകടരഹിതമായ രീതിയിൽ ആണവോർജ്ജം ഉത്പാദിപ്പിക്കാൻ ഹീലിയം- 3 ഉപയോഗിക്കാം എന്ന് ചില ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഈ പുതിയ കണ്ടെത്തലുകൾ ആ വഴിക്കും നിരവധി സാധ്യതകൾ ശാസ്ത്രത്തിനു മുൻപിൽ തുറന്നിടുകയാണ്. നാസ-അപ്പോളോകാലത്തെ ഭൗമ ശാസ്ത്രജ്ഞനായിരുന്ന ഹാരിസൺ ഷെമിറ്റ്, ചന്ദ്രനിൽ ഹീലിയം-3 ഖനനം നടത്തണമെന്ന ആശയം മുന്നോട്ട് വെച്ച വ്യക്തിയായിരുന്നു. അതുവഴി സുരക്ഷിതമായ രീതിയിൽ ആണവോർജ്ജം ഉദ്പ്പാദിപ്പിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദഗതി.
മറുനാടന് ഡെസ്ക്