ന്യൂഡൽഹി: നാല് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഇരുചക്രവാഹന യാത്രയ്ക്ക് ഹെൽമറ്റ് നിർബന്ധമാക്കും. നേരത്തെ പിൻസീറ്റിലിരിക്കുന്ന മുതിർന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അവതരിപ്പിച്ച പുതിയ ബില്ലിലാണ് നാല് വയസ്സിന് മുകളിലുള്ളവരുടെ കാര്യവുമുള്ളത്. തലപ്പാവ് ധരിക്കുന്ന സിഖുകാർക്ക് ഈ നിയമത്തിൽ ഇളവ് ലഭിക്കും. കാറിൽ സഞ്ചരിക്കുന്ന എല്ലാവർക്കും സീറ്റ് ബെൽറ്റും നിർബന്ധമാക്കും. കുട്ടികളും സീറ്റ് ബെൽറ്റ് ധരിക്കണം. ഇത് ലംഘിച്ചാൽ ആയിരം രൂപ പിഴ ഈടാക്കും. കുട്ടികൾ വാഹനമോടിച്ചാൽ അതിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്യും. ടാക്‌സിയും മറ്റും ഓടിക്കുന്നവർക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും ബിൽ മുന്നോട്ട് വയ്ക്കുന്നു. ഇവർക്ക് ഡ്രൈവിങ് സ്‌കൂൾ സർട്ടിഫിക്കറ്റാണ് നിർബന്ധമാക്കുന്നത്.

രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016ലെ മോട്ടോർ വാഹന ഭേദഗതി ബിൽ അവതരിപ്പിച്ചത്. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പുതിയ ബിൽ. നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമം ലംഘിച്ചാൽ എല്ലാ ശിക്ഷകളും ഇരട്ടിയാക്കാമെന്നും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്. പ്രായപൂർത്തിയാകാത്തവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കും ലംഘനങ്ങൾക്കും രക്ഷിതാവിനോ വാഹനത്തിന്റെ ഉടമയ്‌ക്കോ 25000 രൂപയും പിഴയും മൂന്ന് വർഷം വരെ തടവും നൽകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും. അപകടം വരുത്തുന്ന പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ നിയമപ്രകാരം വിചാരണ ചെയ്യും.

അപകടം വരുത്തിവച്ച ശേഷം നിറുത്താതെ പോകുന്ന കേസുകൾക്ക് നിലവിലുള്ള 25000 രൂപ നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപയായി ഉയർത്തും. മരിച്ചാൽ നഷ്ടപരിഹാരം 10 ലക്ഷം രൂപയാകും. പിഴ ശിക്ഷകൾ സംസ്ഥാനങ്ങൾക്ക് പത്ത് മടങ്ങ് വരെ വർദ്ധിപ്പിക്കാം. ദേശീയ തലത്തിൽ സാരഥി എന്ന പേരിൽ ഡ്രൈവിങ് ലൈസൻസുള്ളവരുടെ രജിസ്റ്ററും വാഹൻ എന്ന പേരിൽ വാഹനങ്ങളുടെ രജിസ്റ്ററും കൊണ്ടുവരും.

പുതുക്കിയ മറ്റ് പിഴ നിരക്കുകൾ (പഴയ നിരക്ക് ബ്രാക്കറ്റിൽ)
കുറഞ്ഞ പിഴ : 500 (100), ട്രാഫിക് നിയന്ത്രണ ലംഘനം: 500 (100), ടിക്കറ്റില്ലാതെ യാത്ര : 500 (200), ഉത്തരവ് ലംഘിക്കൽ : 2000 (500), അനധികൃതമായി വാഹനം ഉപയോഗിക്കൽ: 5000 (1000), ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ : 5000 (500), അയോഗ്യതയുള്ളപ്പോൾ വാഹനമോടിക്കൽ: 10000 (500), അമിത വലിപ്പമുള്ള വാഹനങ്ങൾക്ക് വിലക്ക് (പുതിയ വ്യവസ്ഥ) : 5000, അമിത വേഗം (ലൈറ്റ്) : 1000 (400), അമിത വേഗം (മീഡിയം) : 2000 (400), അപകടകരമായ ഡ്രൈവിങ് : 5000 (1000), മദ്യപിച്ച് വാഹനമോടിക്കൽ: 10000 (2000), മോട്ടോർ റേസിങ്: 5000 (500), പെർമിറ്റില്ലാതെ വാഹനത്തിന് : 10000 വരെ (5000 വരെ), ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ (പുതിയ വ്യവസ്ഥ) : 25000 മുതൽ ഒരു ലക്ഷം വരെ, ഓവർ ലോഡ് (പുതിയ വ്യവസ്ഥ) : അധികമുള്ള ഓരോ ആൾക്കും 1000 രൂപ വിതം. അമിത ഭാരം: 20000 രൂപയും അധികമുള്ള ഓരോ ടണ്ണിനും 2000 രൂപയും (2000,1000), സീറ്റ് ബെൽറ്റില്ലാതെ ഡ്രൈവിങ് : 1000 (100), ഇരുചക്ര വാഹനങ്ങളിൽ ഓവർ ലോഡ് : 2000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കലും (100), ആംബുലൻസ് ഉൾപ്പെടെ അത്യാവശ്യ വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ (പുതിയ വ്യവസ്ഥ): 10000,

ബോധവത്കരണവും പ്രതിരോധനടപടികളും മുറക്ക് തുടരുമ്പോഴും രാജ്യത്തെ വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞവർഷം 5,01,423 വാഹനാപകടങ്ങളാണ് ഉണ്ടായതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. പോയവർഷത്തെക്കാൾ 2.5 ശതമാനമാണ് വർധന. മരണ നിരക്കിലെ വർധന അതിലേറെയാണ്. 1,46,133 പേർക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. അതായത് ദിവസം അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം 400, അപകടങ്ങൾ 1374. ഈ സാഹചര്യത്തിലാണ് നിയമം കർശനമാക്കുന്നത്.

അപകടങ്ങളിൽ 86.7 ശതമാനവും 13 സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്ടിലാണ് കഴിഞ്ഞവർഷം ഏറ്റവുംകൂടുതൽ അപകടമുണ്ടായത്; 69,059. കർണാടകം, കേരളം, ആന്ധ്ര സംസ്ഥാനങ്ങളും ഈ കുരുതിപ്പട്ടികയിലുണ്ട്. 39,014 അപകടങ്ങളാണ് കേരളത്തിലുണ്ടായത്. കൂടുതൽ മരണം ഉത്തർ പ്രദേശിലാണ്; 17,666 പേർ. തമിഴ്‌നാട്ടിൽ 15,642 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ കേരളത്തിൽ 4196 പേർ മരിച്ചു, 43,735 പേർക്ക് പരിക്കേറ്റു.

1534 പ്രായത്തിൽ പെട്ടവരാണ് മരിച്ചവരിൽ കൂടുതലും. ദേശീയസംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്.