കുവൈറ്റ് സിറ്റി: ഹൃദ്രോഗം മൂർച്ഛിച്ച് ഫർവാനിയ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പെരുവണ്ണാമൂഴി പരവന്തറയിൽ കരുണാകരൻ ചന്ദ്രൻ തുടർ ചികിത്സയ്ക്കും നാട്ടിലേക്ക് മടങ്ങുന്നതിനുമായി സുമനസ്സുകളുടെ സഹായം തേടുന്നു. 16 വർഷത്തോളമായി കുവൈറ്റിലുള്ള ചന്ദ്രൻ ഗാർഹിക തൊഴിലാളിയായിട്ടാണ് പണിയെടുത്തിരുന്നത്. 2010 ൽ ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് പിന്നീട് രണ്ട് തവണ ആഞ്ജിയോപ്ലാസ്റ്റി നടത്തി സ്റ്റാൻഡ് ഇടേണ്ടതായി വന്നിട്ടുണ്ട്. തുടർന്ന് ചെറിയ ജോലികളുമായി കുവൈറ്റിൽ തുടർന്ന ചന്ദ്രനെ കഴിഞ്ഞമാസം ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് സബാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതിനായി ഏറെനാൾ കാത്തുനിൽക്കേണ്ടതിനാൽ ഡിസ്ചാർജ് ചെയ്ത ചന്ദ്രനെ വീണ്ടും നെഞ്ചുവേദന കലശലായതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ആശുപത്രി അധികൃതരുടേയും ഒരു സുഹൃത്തിന്റേയും പരിചരണത്തിലാണ് അദ്ദേഹം. നാട്ടിൽ രോഗിയായ ഭാര്യയും രണ്ട് പെൺ മക്കളുമുള്ള അദ്ദേഹത്തിന്റെ വീടും സ്ഥലവും പണയത്തിലാണുള്ളത്. ഇദ്ദേഹത്തിനെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനും തുടർചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി സുമനസ്സുക്കളുടെ സഹായം തേടുന്നു. ഇദ്ദേഹത്തെ സഹായിക്കാൻ താത്പര്യമുള്ളവർക്ക്കല കുവൈറ്റ് പ്രവർത്തകരെ 60383336, 97264683, 66646578, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.