കുവൈറ്റ്: കുവൈറ്റിലെ മലയാളി സംഘടനകളുടെ പൊതു വേദിയായ ഹെൽപ്പ് കേരളാ കുവൈറ്റ് പ്രളയ ബാധിത കേരളത്തിന്റെ പുനർ നിർമ്മിതിക്കായി രൂപം കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ്. കുവൈറ്റിലെ നൂറിൽപ്പരം സജീവ മലയാളി സംഘടനയുടെ ഭാരവാഹികൾ അംഗങ്ങളായിട്ടുള്ള ഗവേണിങ് ബോഡിയാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

നവകേരള നിർമ്മിതിക്കായി സഹായകമാകുന്ന ഭവന നിർമ്മാണം, കുടിവെള്ളം സാനിറ്റേഷൻ, കൃഷിയും സ്വയം തൊഴിലും തുടങ്ങി വിവിധ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ആയതിലേക്കുള്ള ധനശേഖരണാർത്ഥം ഇന്ത്യൻ സ്‌കൂളുകൾ, ഇന്ത്യൻ ബിസിനസ് ശൃംഖലകൾ, മെഗാ ഹെൽപ്പ് കേരളാ കാർണിവൽ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.

ഹെൽപ്പ് കേരള ചെയർമാൻ ഡോ. അമീർ അഹമ്മദ്, ജനറൽ സെക്രട്ടറി ബാബുജി ബത്തേരി, ട്രഷറർ അഡ്വ. ജോൺ തോമസ്, സെക്രട്ടറിമാരായ ഷൈനി ഫ്രാങ്ക്, സണ്ണി മണർകാട്ട്, വിവിധ കൺവീനർമാരായി ചെസിൽ രാമപുരം, കെ പി സുരേഷ്, ഹിക്മത്ത് തോട്ടുങ്കൽ, കലീൽ റഹ്മത്ത്, സജീവ് നാരായണൻ അടങ്ങുന്ന കമ്മിറ്റിയാണ് ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രളയ ദുരിതത്തിൽ അകപ്പെട്ട കുവൈറ്റ് നിവാസികളുടെ സ്ഥിതിവിവരശേഖരണത്തിന്റെ ഹെൽപ്പ് കേരള കുവൈറ്റ് വെബ് ലിങ്ക് വഴി ഫോറം പുറത്തിറക്കിയിട്ടുണ്ട്.

ഈ ലിങ്ക് വഴി സെപ്റ്റംബർ 30 ന് മുന്പായി ഹെൽപ്പ് കേരളയ്ക്ക് സമർപ്പിക്കേണ്ടതാണെന്നും മേൽ വിവരങ്ങൾ ക്രോഡീകരിച്ച് എംബസി, വിവിധ സർക്കാർ ഏജൻസികൾ എന്നിവയ്ക്ക് നൽകുന്നതിനും കമ്മറ്റി തീരുമാനിച്ചു.

ഇതിന്റെ ധനശേഖരണാർത്ഥം ഡിസംബർ 7 ന് നടത്താൻ ഉദ്ദേശിക്കുന്ന വിവിധ പരിപാടികളുടെ ആദ്യ ഘട്ടം എന്ന നിലയിൽ നടത്തപ്പെടുന്ന മെഗാ ഹെൽപ്പ് കേരളം കാർണിവലിന്റെ ജനറൽ കൺവീനറായി കുവൈറ്റിലെ മുതിർന്ന സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിനെ ഐക്യകണ്ടേന തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം സബ് കമ്മറ്റികൾ വ്യാഴാഴ്‌ച്ച (13/9/2018) വൈകിട്ട് 6 മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ചേരുന്ന കുവൈറ്റിലെ മുഴുവൻ മലയാളി സംഘടനാ ഭാരവാഹികളുടെയും സംയുക്ത മീറ്റിങ്ങിൽ വച്ച് തിരഞ്ഞെടുക്കുന്നതുമായിരിക്കും.

വിവിധ കമ്മറ്റികളിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള സംഘടനാ ഭാരവാഹികൾ അന്നേ ദിവസം എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.