കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി നൽകിയ സൂചനകൾ മനസ്സിലാക്കി തിരിച്ചുവരവിനായി ആംആദ്മി പാർട്ടിയുടെ തീവ്രശ്രമം. ബാർകോഴയടക്കമുള്ള വമ്പൻ അഴിമതികൾ അരങ്ങുതകർക്കുന്ന കേരളത്തിൽ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് പാർട്ടി നഷ്ടമായ പ്രതിഛായ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ ഹെൽപ് ലൈൻ നമ്പറുമായി ഡൽഹി മോഡലിൽ ഇറങ്ങിയിരിക്കയാണ് കേരളത്തിലെ ആം ആദ്മി പാർട്ടിയും.

പാർട്ടിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ 'മിഷൻ 365 അഴിമതി രഹിത കേരളം' പദ്ധതിയിലാണ് സേവനം ലഭ്യമാവുകയെന്ന് സംസ്ഥാന കൺവീനർ പ്രഫ. സാറാ ജോസഫ് അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നടക്കും. ഒരോ ജില്ലയിലും ഹെൽപ് ലൈൻ നമ്പറുണ്ടാവും. കൈക്കൂലി ആവശ്യപ്പെടുകയോ ജനങ്ങളുടെ അവകാശമായ സേവനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിക്കാതിരിക്കുകയോ ചെയ്താൽ ഹെൽപ് ലൈനിൽ ബന്ധപ്പെടാം. പരാതികൾ കിട്ടുന്ന മുറക്ക് സത്യാവസ്ഥ മനസ്സിലാക്കി ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് അഴിമതിവിരുദ്ധ വിഭാഗം സംസ്ഥാന കൺവീനർ ജിജോ നെടുങ്കല്ലേൽ അറിയിച്ചു. സംസ്ഥാന ഹെൽപ് ലൈൻ നമ്പറായ 7034022700 വഴിയും പരാതി സമർപ്പിക്കാം.

മലയാളികൾക്ക് അഴിമതിയോടുള്ള സമീപനമാണ് പാലായിൽ കെ.എം. മാണിക്ക് ലഭിച്ച സ്വീകരണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വർധിച്ചെന്നും സാറാ ജോസഫ് പറഞ്ഞു. അഴിമതിയും വർഗീയതയും ഓരേപോലെ എതിർക്കപ്പെടേണ്ടതാണ്. എസ്.എൻ.ഡി.പിയുടെ തണലിൽ നിന്നതുകൊണ്ട് മാത്രമാണ് കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കിയതെന്നും സാറാ ജോസഫ് പറഞ്ഞു.
അുതസമയം ആം ആദ്മി കേരള ഘടകത്തിലെ സാറാജോസഫ് അടക്കമുള്ളവരുടെ ഈഗോയാണ് പാർട്ടിയെ ഈ രീതിയിൽ ആക്കിയതെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

ഇവർ സാറടീച്ചർക്കെതിരെ പരസ്യമായി രംഗത്തത്തെിയിരുന്നു.സേവ് ആപ് കേരള എന്നപേരിൽ ഒരു ഫോറംതന്നെ ഇവർ രൂപീകരിച്ചിരുന്നു.കോട്ടയം ജില്ലാ നേതൃത്വത്തിനെതിരെ കോടതിയിൽ നിന്ന്അനുകൂല വിധി ഇവർ നേടിയിരുന്നു. പഴയ നക്‌സൽമാവോയിസ്റ്റ് ബന്ധമുള്ളവരെയാണ് സാറാ ജോസഫ് ജില്ലാ കമ്മിറ്റികളിലും 140 മണ്ഡലം കമ്മിറ്റികളിലും നിയമിച്ചതെന്നും ഇതുകാരണം സാധാരണക്കാർ പാർട്ടിയിലേക്ക് വരുന്നില്‌ളെന്നുമാണ് സേവ് ആപ് ഫോറക്കാർ പറയുന്നത്.

പ്രവർത്തകരും നേതൃത്വവും തമ്മിലുള്ള ചേരിപ്പോര് കാരണം സമസ്ഥ മേഖലകളിലും പാർട്ടി പ്രവർത്തനം സ്തംഭിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഇത് മാറ്റിയെടുക്കാൻ ഹെൽപ്പ് ലൈനിന് കഴിയുമോ എന്നതാണ് സാധാരണ പ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യം.