- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം ഉറപ്പാക്കണം; ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല; സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം; സിനിമയിലെ എല്ലാ ജോലികൾക്കും കരാർ ഉണ്ടാക്കണം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലിയുള്ള തർക്കം മുറുകവേ സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങളും പുറത്തുവന്നു. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് കരട് നിർദ്ദേശങ്ങളിൽ ചൂണ്ടിക്കാട്ടപ്പെടുന്ന കാര്യം.
സാംസ്‌കാരികമന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് ചർച്ച നടന്നത്. 5000 പേജുള്ള ബൃഹത്തായ റിപ്പോർട്ടാണ് ഹേമ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ളത്. നിർദ്ദേശങ്ങൾ തയ്യാറാക്കാനായി സാംസ്‌കാരികവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അവർ തയാറാക്കിയ കുറിപ്പാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിംഗസമത്വവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നിർദ്ദേശങ്ങളാണിതിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സെറ്റിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ പരിഗണന നൽകണം. തുല്യ വേതനം നൽകണം. സിനിമയിലെ എല്ലാ ജോലികൾക്കും കരാർ ഉണ്ടാക്കണം. സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനൽ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളിൽ സഹകരിപ്പിക്കരുത്. മദ്യവും മയക്കുമരുന്നും സെറ്റുകളിൽ പാടില്ല തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ.
ഹേമ കമ്മീറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിനായി സമഗ്ര നിയമനിർമ്മാണം വേണമെന്നും കരട് നിർദ്ദേശങ്ങളിലുണ്ട്. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന മന്ത്രി പി രാജീവിന്റെ പരാമർശവും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വർഷം മുമ്പാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ തുടർചർച്ചയല്ല വേണ്ടത്, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യുസിസി നിലപാട്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതിൽ സംസ്ഥാന സർക്കാരിനെ ദേശീയ വനിതാ കമ്മീഷൻ വിമർശിച്ചിരുന്നു. റിപ്പോർട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. ഇക്കാര്യത്തിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രതികരണം നൽകണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി വനിതാ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
മറുപടി ലഭിച്ചില്ലെങ്കിൽ സമിതിയെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ താൻ തന്നെ കേരളത്തിലേക്ക് പോകുമെന്നും രേഖ ശർമ്മ പറഞ്ഞു. വിഷയത്തിൽ മന്ത്രി പി രാജീവിന്റെ ന്യായീകരണം വനിതാ കമ്മീഷൻ തള്ളി. കമ്മിറ്റി റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാർക്ക് നൽകണമെന്നത് ചട്ടമാണെന്നും വാർത്ത സമ്മേളത്തിൽ രേഖ ശർമ്മ വ്യക്തമാക്കി. ഡബ്ല്യുസിസി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളിലില്ലെന്നും രേഖാ ശർമ്മ പറഞ്ഞു. അതേസമയം റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്.
എന്നാൽ റിപ്പോർട്ടിന്റെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും പുറത്തുവിടണമെന്ന് സർക്കാരിന് എഴുതി നൽകിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ പേരുകൾ പരസ്യപ്പെടുത്തരുത്, റിപ്പോർട്ടിന്റെ കണ്ടെത്തലുകളും ശുപാർശകളും പരസ്യമാക്കണം എന്നിവയാണ് ജനുവരി 21ന് മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ