ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയെ വെട്ടിലാക്കി വ്യവസായ മന്ത്രി പി.രാജീവിന്റെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി ഇംഗ്ലീഷ് ദിനപത്രം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഡബ്ല്യുസിസിയിലെ പ്രധാനികൾ ആരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സിനിമയിലെ വനിതാ കൂട്ടായ്മയിൽ പിളർപ്പിന് പോലും സാഹചര്യമൊരുക്കുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

പത്രത്തിലെ പ്രസ്താവന മന്ത്രി തള്ളുമോ എന്നതാണ് നിർണ്ണായകം. പത്രം വളച്ചൊടിച്ചു എന്ന് മന്ത്രി പറഞ്ഞില്ലെങ്കിൽ ആരാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് പുറത്ത് പറയേണ്ടി വരും. ഇത് വലിയ ചർച്ചകളിലേക്കും കാര്യങ്ങളെത്തിക്കും. ദിലീപ് കേസ് ചർച്ചയായതോടെയാണ് ഡബ്ല്യൂസിസി സിനിമയിലെ പ്രശ്‌നങ്ങൾ ചർച്ചയാക്കിയത്. തുടർന്ന് ഹേമാ കമ്മറ്റി വന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പലരും നടത്തി. എന്നാൽ അതെല്ലാം പുസ്തക രൂപത്തിൽ ഉറങ്ങുകയാണ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന വാർത്തകൾക്കിടെ വീണ്ടും ഹേമാ കമ്മറ്റി ചർച്ചയായി. ഇപ്പോൾ വിജയ് ബാബു പീഡനവും ചർച്ചകളിലുണ്ട്.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇതിന് വിരുദ്ധമായ ആവശ്യം മന്ത്രിയോട് ഡബ്ല്യുസിസി ഉന്നയിച്ചുവെന്നാണ് അഭിമുഖത്തിൽ പറയുന്നത്. 'ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാൻ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ എന്നോട് പറഞ്ഞു', മന്ത്രി പി.രാജീവിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. ഇതിന്റെ പഠന റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ നടി പാർവതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങൾ സർക്കാരിനെതിരെ വിമർശനം നടത്തിയിരുന്നു. പാർവ്വതിയും മറ്റും റിപ്പോർട്ട് പുറത്തു വിടണമെന്ന പക്ഷത്താണ് ഇപ്പോഴും.

ഇതിനിടെയാണ് മന്ത്രി പി.രാജീവ് ഡബ്ല്യുസിസിയെ വെട്ടിലാക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. കമ്മീഷൺ എൻക്വയറി ആക്ട് പ്രകാരം രൂപവത്കരിച്ച സമിതി അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി അഭിമുഖത്തിൽ പറയുന്നു. സമിതിയുടെ നിർദ്ദേശങ്ങൾ നിയമ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. പുതിയ നിയമം വേണമെങ്കിൽ പരിഗണിക്കാമെന്നും മന്ത്രി പറയുന്നു. ഇതെല്ലാം നേരത്തെ വനിതാ കമ്മീഷൻ അധ്യക്ഷയും പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് ഡബ്ല്യുസിസി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സിനിമയിലെ വനിതാ കൂട്ടായ്മയിൽ കൊച്ചി ലോബിയും കോഴിക്കോട് ലോബിയും സജീവമാണ്. ഇതിൽ കൊച്ചി ലോബിക്ക് മന്ത്രി രാജീവുമായി അടുപ്പവുമുണ്ട്. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും മറ്റും അവർ സജീവ സാന്നിധ്യവുമായിരുന്നു. ഇടതുപക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെ രാജീവിനോട് ആരാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നത് നിർണ്ണായകമാണ്. കേരളത്തിൽ സിനിമയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനാണ്. ഇതുവരെ സജി ചെറിയാനാണ് ഇക്കാര്യത്തിൽ ഇടപെട്ടത്. ഇതിനിടെയാണ് അട്ടിമറി നീക്കവുമായി രാജീവിന്റെ പ്രസ്താവന എത്തുന്നത്. സജി ചെറിയാനും തീർത്തും നിരാശനാണ്. ഹേമാ കമ്മറ്റിയിൽ പ്രശ്‌നപരിഹാരത്തിന് സജി ചെറിയാൻ ശ്രമിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മന്ത്രി രാജീവ് എല്ലാം അട്ടിമറിക്കുന്ന പ്രസ്താവനയുമായി എത്തിയത്. മന്ത്രി രാജീവ് ഇത് നിഷേധിച്ചാൽ പ്രശ്‌നം തീരുകയും ചെയ്യും.

കൊച്ചിയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത് കേരളത്തെ ഞെട്ടിച്ചതാണ്. തൃക്കാക്കര എം എൽ എ ആയിരുന്ന അന്തരിച്ച പി ടി തോമസിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് ആ സംഭവം ഒരു വാർത്ത തന്നെയായതും കേസ് എടുത്ത് അന്വേഷണം നടത്തിയതും. ഏതാണ്ടെല്ലാ കക്ഷി നേതാക്കൾക്കും ഇക്കാര്യം മൂടിവെക്കാനായിരുന്നു താത്പര്യം എന്നതൊരു രഹസ്യമല്ല. തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിൽ സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ പറ്റി ഒട്ടനവധി വെളിപ്പെടുത്തലുകൾ ഉണ്ടായി.

കൊച്ചിയിലെ സംഭവത്തിന് ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ 'വുമൺ ഇൻ സിനിമ കളക്ടീവ്' നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ സർക്കാർ നിയോഗിക്കുന്നത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനായി ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ.

മലയാള സിനിമാ രംഗത്തെ പ്രവർത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവർ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപോർട്ട് സമർപ്പിക്കാനാണ് ഹേമ കമ്മീഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ ഏതാണ്ട് രണ്ട് വർഷത്തോളം സമയമെടുത്താണ് ഹേമ കമ്മീഷൻ അവരുടെ റിപോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഹേമ കമ്മീഷനായി സർക്കാർ പുറപ്പെടുവിച്ച ഏഴ് നിബന്ധനകൾ (ടേംസ് ഓഫ് റഫറൻസ്) പ്രകാരം സിനിമയിലെ സ്ത്രീകളുടെ സുരക്ഷ, മെച്ചപ്പെട്ട ശമ്പള പാക്കേജ്, സേവന വ്യവസ്ഥകൾ, അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് കമ്മീഷൻ അന്വേഷിക്കേണ്ടിയിരുന്നത്.

2019 ഡിസംബർ 31 മുതൽ സർക്കാർ പുറത്തുവിടാതെ ഫയലിൽ വിശ്രമിക്കുകയാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ചും അതിക്രമത്തെക്കുറിച്ചും വിശദമായി പഠിച്ച് തയ്യാറാക്കിയ റിപോർട്ട്. റിപോർട്ടിന്മേൽ സർക്കാർ നടപടിയുണ്ടായാൽ മെച്ചപ്പെട്ട തൊഴിലിടവും സുരക്ഷിതത്വവും സൃഷ്ടിക്കാൻ കഴിയുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ഹേമ ഉറപ്പിച്ച് പറയുമ്പോഴും ഹേമ കമ്മിറ്റി റിപോർട്ട് ടേബിൾ ചെയ്യാനോ നടപടിയെടുക്കാനോ സർക്കാർ ശ്രമിക്കുന്നില്ല. ഇതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന.