- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി വി ജെ ചിത്രയുടെ മരണത്തിൽ ഭർത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു; ചിത്രയുമായി ഹേംനാഥ് കലഹിച്ചത് സീരിയലിലെ ഒരു രംഗത്തെ ചൊല്ലി; ബന്ധം ഉപേക്ഷിക്കാനുള്ള അമ്മയുടെ ഉപദേശവും താരത്തെ സമ്മർദ്ദത്തിലാക്കി; പുറത്തുവരുന്നത് കേസിലെ നിർണായക വിവരങ്ങൾ
ചെന്നൈ: തമിഴ് സീരിയൽ നടിയും അവതാരകയുമായി വി ജെ ചിത്രയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്തേക്ക്. നടി ആത്മഹത്യ ചെയ്തത് പ്രതിശ്രുത വരന്റെ മാനസിക പീഡനം സഹിക്കാൻ വയ്യാതെയാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ ഭർത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് ചിത്രയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ ഹേംനാഥ് കൊലപ്പെടുത്തിയതാണെന്ന് ചിത്രയുടെ അമ്മ ആരോപിച്ചിരുന്നു. സീരിയലിലെ ഒരു രംഗത്തെ ചൊല്ലി ഹേംനാഥ് ചിത്രയോട് ദേഷ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക്കേഷനിലെത്തിയും ഇയാൾ ബഹളംവച്ചിരുന്നു.
ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഇയാൾ വഴക്കുണ്ടാക്കിയ വിവരം ചിത്ര അമ്മയെ അറിയിച്ചിരുന്നു. ബന്ധം ഉപേക്ഷിക്കാനായിരുന്നു അമ്മ നൽകിയ ഉപദേശം. ഇതോടെ താരം കൂടുതൽ മാനസിക സമ്മർദ്ദത്തിലാവുകയായിരുന്നു. അമ്മയെയാണ് ചിത്ര അവസാനമായി വിളിച്ചത്. ചിത്രയുടെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.വിവാഹ നിശ്ചയത്തിന് ശേഷം വീട്ടുകാർ അറിയാതെ ചിത്ര ഹേം നാഥിനെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു.
ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. നടിയും ഹേംനാഥും ചെന്നൈയിലെ നസറെത്പേട്ടായിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം പുലർച്ചെ രണ്ടരയോടെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയ ചിത്രയെ കുറച്ചുസമയത്തിന് ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാൻ പറഞ്ഞുവെന്നായിരുന്നു ഹേംനാഥ് ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നെ ചോദ്യം ചെയ്തപ്പോൾ കാറിൽ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാൻ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നാണ് പറഞ്ഞത്.
വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ 28 വയസ്സുള്ള നടിയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇ.വി.പി. ഫിലിം സിറ്റിയിൽ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലർച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഭാവിവരനായ ഹേംനാഥിനൊപ്പമായിരുന്നു താമസം. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്.
മറുനാടന് ഡെസ്ക്