ആലപ്പുഴ: ആലപ്പുഴയിൽ നവവധു മരിച്ചത് ഭർത്താവിന്റെ നിരന്തര പീഡനത്താലെന്ന് റിപ്പോർട്ട്. യുവതി മരിച്ചത് കുഴഞ്ഞു വീണാണെന്ന വാദമാണ് പൊളിഞ്ഞത്. ചേർത്തലയിൽ ഒരാഴ്ച മുൻപ് നവവധുവിനെ കുളുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.സംഭവത്തിൽ ഭർത്താവ് അപ്പുക്കുട്ടനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 26-നാണ് ചേർത്തല സ്വദേശി ഹെനയെ കുളിമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനിടെ മൃതദേഹത്തിൽ മുറിവുകൾ കണ്ട് ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു.

തല ഭിത്തിയിൽ ഇടിപ്പിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഭർത്താവ് അപ്പുകുട്ടൻ പൊലീസിന് നൽകിയ മൊഴി. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഏഴുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. സംഭവത്തിന് പിന്നിൽ സ്ത്രീധന പീഡനമാണെന്നാണ് വ്യക്തമാകുന്നത്.

ഹെനയെ ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് അച്ഛൻ പ്രേംകുമാറും വ്യക്തമായി. ഫോണിൽ സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ല. ആദ്യം സ്ത്രീധനം ആവശ്യപ്പെട്ടില്ല, എന്നാൽ ക്രമേണ പണം ചോദിക്കാൻ തുടങ്ങി. ഏഴുലക്ഷം രൂപ നൽകണമെന്ന് നേരിട്ട് ആവശ്യപ്പെട്ടെന്നും അച്ഛൻ പ്രേംകുമാർ പറഞ്ഞു.

പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്. ഇതാണ് കേസിൽ നിർണായകമായത്. തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യവേ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്ങ്ങളാണ് കാരണം. കഴിഞ്ഞ മാസം 26 നാണ് കാളികുളത്തെ വീട്ടിൽ ഹെനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.