നെടുമ്പാശേരി: കുവൈത്തിലേക്ക് നിത്യേനയെന്നോണം മയക്കുമരുന്ന് കടത്തുന്ന ലോബിയിലെ പ്രധാനികളെ പിടികൂടണമെങ്കിൽ എൻ.ഐ.എ പോലുള്ള ഏജൻസികളുടെ ഇടപെടൽ വേണമെന്ന എക്‌സൈസിന്റെ ശുപാർശ ഇപ്പോഴും കടലാസിലൊതുങ്ങുന്നു. ഇന്ത്യയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് എത്തുന്നതിനെ തുടർന്ന് കുവൈത്തിലെത്തുന്ന ഇന്ത്യാക്കാരുടെ ബാഗേജുകളെല്ലാം കൂടുതലായി പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഡോക്ടർമാരുടെ വ്യക്തമായ കുറിപ്പടിയില്ലാത്ത മരുന്നുകൾ പോലും അനുവദിക്കുന്നില്ല.

കഴിഞ്ഞ ദിവസം മയക്കുമരുന്ന് എത്തിച്ച കേസിൽ മൂന്നു മലയാളികളെ കുവൈത്തിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇവരിലൊരാളായ കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖിനെ കുടുക്കിയത് ആലുവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ലോബിയാണ്. ആലുവയ്ക്കടുത്ത് വള്ളുവള്ളി സ്വദേശിയായ മുഹമ്മദ് ഹാരിസ്, തോട്ടുംമുഖം സ്വദേശിയായ ആബിക്ക് എന്നിവർ ചേർന്നാണ് അബൂബക്കർ സിദ്ദിഖ് വശം മയക്കുമരുന്ന് കൊടുത്തുവിട്ടത്. ജോലി വാഗ്ദാനം ചെയ്താണ് ഇയാളെ കുവൈത്തിലേക്ക് വിട്ടത്. അവിടെയുള്ള തന്റെ ഒരു സുഹൃത്തിന് കൊടുക്കണമെന്ന് പറഞ്ഞ് വസ്ത്രങ്ങളെന്ന പേരിൽ ഒരു പൊതി നൽകുകയായിരുന്നു.

വസ്ത്രത്തിനുള്ളിൽ പെട്ടെന്ന് തിരിച്ചറിയാത്ത വിധത്തിലാണ് ഹെറോയിൻ പ്രത്യേകമായി തുന്നിപിടിപ്പിച്ചത്. കുവൈത്തിലെത്തിയപ്പോൾ തന്നെ പിടിവീണു. കോടതി പരമാവധി ശിക്ഷയും നൽകി. തുടർന്ന് ഇയാൾ തന്റെ മോചനത്തിനുവേണ്ടി സഹായമഭ്യർത്ഥിച്ചുവെങ്കിലും ഈ ലോബി ഗൗനിച്ചില്ല. മാത്രമല്ല മറ്റ് പലരേയും ഉപയോഗപ്പെടുത്തി ഈ ലോബി ഹെറോയിൻ കടത്തുന്നതിനിടയിലാണ് ലോബികളിൽപെട്ടവർ തമ്മിൽ ഭിന്നതയുണ്ടാകുകയും ഈ ലോബിയിലെ ചിലർ എക്‌സൈസിന്റെ പിടിയിലാകുകയും ചെയ്തത്. എക്‌സൈസിന് പിടികൊടുക്കാതെ ഹാരിസ് ആത്മഹത്യ ചെയ്തുവെങ്കിലും ആബിക് പിടിയിലായി. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.

അഫ്ഗാനിസ്ഥാനിൽ നിന്നും പഞ്ചാബ് അതിർത്തി വഴിയും കാശ്മീർ അതിർത്തിവഴിയുമാണ് ഗുണനിലവാമുള്ള ഹെറോയിൻ കേരളത്തിലേക്ക് എത്തിക്കുന്നത്. കാശ്മീരിൽ ചില തീവ്രവാദ സംഘടനകളാണ് ഹെറോയിൻ ഇടപാട് നടത്തുന്നതെന്നും കണ്ടെത്തി. കുവൈത്തിൽ ഒരു കിലോ ഹഷീഷിന് ഒരു കോടിയോളം രൂപ വില ലഭിക്കും. കുവൈത്തിൽ ഇത് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ആലുവ മറിയപ്പടി സ്വദേശിയായ ഒരാളാണ്. ഇയാളെക്കുറിച്ച് എക്‌സൈസ് നടത്തിയ അന്വേഷണത്തിൽ 25 വർഷത്തിലേറെയായി ഇയാൾ കുവൈത്തിൽ തന്നെയാണെന്ന് മനസിലായി.

ഇയാളുടെ അടുത്ത ബന്ധുവായ ഒരു യുവാവാണ് ഹെറോയിൻ ശേഖരിച്ച് പലരേയും ഉപയോഗപ്പെടുത്തി കുവൈത്തിലേക്ക് കടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. മയക്കുമരുന്ന് മണത്തറിയുന്ന നായയുണ്ടെങ്കിലും പലപ്പോഴും നായകൾ ഇത് തിരിച്ചറിയുന്നില്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോ പ്രത്യേകനിരീക്ഷണം തുടങ്ങിയതിനാൽ ഇപ്പോൾ കൂടുതലായും കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങൾ വഴിയാണ് ഇത് കടത്തുന്നത്. ഈ റാക്കറ്റിൽ ഒട്ടേറെ സ്ത്രീകളുമുണ്ട്. പാലക്കാട് സ്വദേശി മുസ്തഫ ഷാഹുൽ ഹമീദ് (40) കാസർകോഡ് സ്വദേശി അബൂബക്കർ സിദ്ദിഖ് (21), മലപ്പുറം സ്വദേശി ഫൈസൽ മഞ്ഞോട്ട് ചാലിൽ (33) എന്നിവർക്കാണ് കുവൈത്തിൽ കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചത്. ഇവരോടൊപ്പം കേസിൽ ഉൾപ്പെട്ട 41 കാരിയായ ശ്രീലങ്കൻ സ്ത്രീയ്ക്കും സമാനശിക്ഷയാണ് കോടതി വിധിച്ചത്.

കഴിഞ്ഞ ഏപ്രിൽ 19നാണ് മയക്കുമരുന്ന് കേസിൽ ഇവർ പിടിയിലായത്. നാട്ടിൽനിന്ന് ലഹരിവസ്തുക്കൾ കൊണ്ടു വന്നതായാണ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്ന കുറ്റം. ലഹരിവസ്തു അടക്കം പ്രതിയെ താമസ സ്ഥലത്ത്‌നിന്നു പിടികൂടുകയായിരുന്നു. ഇയാളുടെ ഫോൺ രേഖ പരിശോധിച്ചാണ് മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്യത്.ഇതിൽ ലഹരിവസ്തുവുമായി വന്നയാളെ വിമാനത്താവളത്തിൽനിന്നു കൊണ്ടു വന്ന ടാക്‌സി ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ട്. വിധി പ്രഖ്യാപനത്തോടൊപ്പം പ്രതികൾക്ക് അപ്പീൽ പോകാൻ ഒരു മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.