കൊച്ചി: ഇന്ത്യയിലേക്ക് കടത്തിയ 1,526 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. ചെന്നൈയിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അറസ്റ്റ് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്നു മാഫിയയുടെ ഇന്ത്യയിലെ ഇടനിലക്കാരനായ ബാലകൃഷ്ണൻ പെരിയസ്വാമി പിള്ളൈ (52) ആണ് പിടിയിലായത്. ഇയാൾ ഇന്ത്യയിലേക്ക് കൂടുതൽ മയക്കുമരുന്നുകൾ എത്തിച്ചിരിക്കമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ചെന്നൈ എഗ്മോർ ചീഫ് മെട്രോപ്പോളിറ്റൻ കോടതിയിൽ ഇയാളെ ഹാജരാക്കി ട്രാൻസ്ഫർ വാറന്റിൽ കൊച്ചിയിലെത്തിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലേക്ക് പ്രതിയെ മാറ്റി. മെയ്‌ 19-ന് ആണ് കന്യാകുമാരിയിൽ നിന്നുള്ള രണ്ടു ബോട്ടുകളിൽ ലക്ഷദ്വീപ് തീരത്തിനടുത്തുനിന്ന് ഒമ്പത് ചാക്കുകളിലായി 218 കിലോ ഹെറോയിൻ ഡി.ആർ.ഐ.യും കോസ്റ്റ്ഗാർഡും ചേർന്ന് പിടിച്ചത്.

ബോട്ടുകളിലുണ്ടായിരുന്ന 20 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടുപേർ തിരുവനന്തപുരം സ്വദേശികളും ബാക്കിയുള്ളവർ കന്യാകുമാരി സ്വദേശികളുമാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും ഫോൺ വിളികൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലായിരുന്നു ഡി.ആർ.ഐ.യുടെ തുടരന്വേഷണം.

മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടിരുന്ന 'അജ്ഞാതൻ' ബാലകൃഷ്ണൻ പെരിയസ്വാമി പിള്ളൈ ആണെന്ന് സൂചന ലഭിച്ചതോടെ നുങ്കംപാക്കത്തുള്ള ഇയാളുടെ ഫ്ലാറ്റ് രണ്ടാഴ്ചയിലേറെയായി ഡി.ആർ.ഐ.യുടെ നിരീക്ഷണത്തിലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഫോണിലെ വിളി വിവരങ്ങളിൽ നിന്ന് ഇയാൾ തന്നെയാണ് സ്ഥിരമായി അവരെ ബന്ധപ്പെടാറുണ്ടായിരുന്നതും മയക്കുമരുന്ന് വരുന്ന കപ്പലിനെക്കുറിച്ച് വിവരം നൽകിയിരുന്നതും. പുറംകടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഏറ്റുവാങ്ങുന്ന ഹെറോയിൻ തീരത്തെത്തുമ്പോൾ ഏൽപ്പിക്കേണ്ടത് ആരെയെന്നുള്ള വിവരവും ബാലകൃഷ്ണൻ പെരിയസ്വാമിയാണ് നൽകിയിരുന്നത്.

ചെന്നൈ എഗ്മോറിൽ സ്വന്തമായി ഫ്ലാറ്റുകളും വാഹനങ്ങളുമെല്ലാമുള്ള സമ്പന്നനാണ് ബാലകൃഷ്ണൻ. മയക്കുമരുന്ന് കടത്തിന് തന്റെ ശ്രീലങ്കൻ ബന്ധവും ഇയാൾ പ്രയോജനപ്പെടുത്താറുണ്ടെന്നാണ് വിവരം. ഇന്ത്യൻ പൗരനാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡും ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്. പ്രതിയുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയ ഡി.ആർ.ഐ. സംഘം സുപ്രധാന രേഖകൾ പിടിച്ചെടുത്തു. ഡി.ആർ.ഐ.യുടെ പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.