ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ ഫരീദാബാദിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ ഏകദേശം 2500 കോടി രൂപയോളം വിലവരുന്ന 354 കിലോ ഹെറോയിനാണ് ശനിയാഴ്ച പൊലീസ് പിടികൂടിയത്. സംഭവത്തിൽ അഫ്ഗാനിസ്ഥാൻ പൗരനടക്കം നാല് പേരേ പൊലീസ് അറസ്റ്റ് ചെയ്തു.

അഫ്ഗാനിസ്ഥാൻ പൗരനായ ഹസ്രത് അലി, കശ്മീർ സ്വദേശി റിസ്വാൻ അഹമ്മദ്, പഞ്ചാബ് സ്വദേശികളായ ഗുർജോത് സിങ്, ഗുർദീപ് സിങ് എന്നിവരാണ് പിടിയിലായത്. അഫ്ഗാനിസ്ഥാൻ, യൂറോപ്പ്, ഇന്ത്യ എന്നിവടങ്ങളിലായി പരുന്നുകിടക്കുന്ന ലഹരിമരുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്നു ഡൽഹി പൊലീസ് സ്‌പെഷൽ സെൽ കമ്മിഷണർ നീരജ് ഠാക്കൂർ പറഞ്ഞു.

പാക്കിസ്ഥാനിൽനിന്നും റാക്കറ്റിന് പണമെത്തുന്നുണ്ടെന്നും ഇതു സംബന്ധിച്ചും അന്വേഷിക്കുമെന്ന് നീരജ് ഠാക്കൂർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്.

ഹെറോയിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ശേഖരവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചാക്കുകളിലും, കാർഡ്‌ബോർഡ് പെട്ടികളിലുമായാണ് ലഹരിമരുന്നും രാസവസ്തുക്കളും സൂക്ഷിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിൽനിന്ന് എത്തിച്ച ഇവ, പഞ്ചാബിലേക്ക് കടത്താനായിരുന്നു പദ്ധതി.

ഇറാനിലെ ചാബഹാർ തുറമുഖം വഴിയാണ് രാസവസ്തുക്കൾ മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്ത് എത്തിയത്. അവിടെനിന്നു മധ്യപ്രദേശിലെ ശിവപുരിയിൽ എത്തിച്ച്, അഫ്ഗാനിസ്ഥാനിൽനിന്നുള്ള വിദഗ്ധരാണ് ഹെറോയിൻ നിർമ്മിച്ചത്. തുടർന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയച്ചു. റാക്കറ്റിന്റെ 'ബുദ്ധികേന്ദ്രമായ' നവ്പ്രീത് സിങ് പോർച്ചുഗലിൽനിന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നു പിടിയിലായ പഞ്ചാബ് സ്വദേശികൾ പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ അഞ്ചാം തീയതി മുംബൈയിലും 2000 കോടി വിലമതിക്കുന്ന 283 കിലോ ഹെറോയിനുമായി മൂന്നു പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയിരുന്നു.