- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്ദ്ര തുറമുഖത്ത് പിടികൂടിയത് അഫ്ഗാനിസ്താനിൽനിന്നുള്ള ഹെറോയിൻ; 19000 കോടി രൂപ വില വരുന്ന മൂന്ന് ടൺ പിടിച്ചെടുത്തതായി സ്ഥീരീകരണം; ഹെറോയിൻ എത്തിച്ചത് വെണ്ണക്കല്ലെന്ന വ്യാജേന; ലഹരിമരുന്ന് കടത്തിൽ അഫ്ഗാൻ പൗരന്മാർക്ക് പങ്കുള്ളതായും കണ്ടെത്തൽ
അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് പിടിച്ചെടുത്തത് 19,000 കോടി രൂപയുടെ ഹെറോയിനെന്ന് ഡി.ആർ.ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) ഉദ്യോഗസ്ഥർ. അഫ്ഗാനിസ്താനിൽനിന്നുള്ള ഹെറോയിൻ ഇറാനിലെ തുറമുഖത്തുനിന്നാണ് ഗുജറാത്തിലേക്ക് അയച്ചതെന്നും സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡി.ആർ.ഐ. അറിയിച്ചു.
ഒരു കണ്ടെയ്നറിൽനിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്നറിൽനിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്. വണ്ണക്കല്ലുകളാണെന്ന വ്യാജേനയാണ് ഇവ രണ്ട് കണ്ടെയ്നറുകളിലായി എത്തിച്ചിരുന്നത്. കഴിഞ്ഞദിവസമാണ് മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്നറുകളിൽനിന്ന് മൂന്ന് ടൺ ഹെറോയിൻ ലഹരിമരുന്ന് ഡി.ആർ.ഐ. പിടിച്ചെടുത്തത്.
ലോകത്ത് ഏറ്റവും കൂടുതൽ ഹെറോയിൻ ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്താനിലാണ്. ലോകത്തെ ലഹരിവിപണിയിൽ എത്തുന്ന ഹെറോയിനിൽ 80 ശതമാനവും അഫ്ഗാനിസ്താനിൽനിന്നാണെന്നാണ് റിപ്പോർട്ട്. താലിബാന്റെ സഹായത്തോടെ അഫ്ഗാനിസ്താനിലെ ലഹരിമരുന്ന് ഉത്പാദനം അടുത്തിടെ വൻതോതിൽ വർധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. താലിബാൻ വീണ്ടും ഭരണം പിടിച്ചെടുത്തതോടെ ഇനിയും വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡവി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ഡി.ആർ.ഐ. റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്ന് കടത്തിൽ അഫ്ഗാൻ പൗരന്മാർക്ക് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഈ പരിശോധനകളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ