- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 1526 കോടിയുടെ ഹെറോയിൻ പിടികൂടി; അഗത്തി തീരത്ത് നിന്ന് രണ്ട് ബോട്ടുകളിലായി 220 കിലോ ഹെറോയിൻ; ലക്ഷ്യമിട്ടത് തമിഴ്‌നാട്ടിലേക്ക് കടത്താൻ
കൊച്ചി: അഫ്ഗാനിസ്ഥാനിൽ നിന്ന് കടത്തി കൊണ്ടുവന്ന വൻ ഹെറോയിൻ ശേഖരം ലക്ഷദ്വീപ് തീരത്ത് പിടികൂടി. 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് പിടിയിലായത്. ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും നടത്തിയ സംയുക്ത പരിശോധനയിൽ അഗത്തി തീരത്തുനിന്നാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ബോട്ടുകളിലുണ്ടായിരുന്ന 20 തൊഴിലാളികളെയും ഡിആർഐ അറസ്റ്റ് ചെയ്തു. കന്യാകുമാരി തീരത്തു നിന്നുള്ളതാണു 2 ബോട്ടുകളും.
അഗത്തി തീരത്തു വച്ച് 2 ദിവസം മുൻപു കസ്റ്റഡിയിലെടുത്ത ബോട്ടുകൾ ഇന്നു പുലർച്ചെ മട്ടാഞ്ചേരിയിലെത്തിച്ചിരിക്കുകയാണ്. ഡിആർഐക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അഗത്തിക്കു സമീപത്തു വച്ച് ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലിൽ നിന്നെത്തിയവയാണ്. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ.
അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കപ്പലിൽ നിന്നാണ് ബോട്ടുകളിൽ മയക്കുമരുന്ന് ഇറക്കിയതെന്നാണ് സൂചനകൾ. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവരിൽ നാല് മലയാളികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവർ കുളച്ചൽ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ