ന്നിനൊന്ന് അരോചകവും വളിപ്പുമായ സിനിമകൾ കണ്ട്കണ്ട് മനസ്സ് കല്ലിച്ചുപോയ അവസ്ഥയിലാണ് പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദ്, ന്യൂജൻ വണ്ടർബോയ് നിവിൻപോളിയെ നായകനാക്കിയെടുത്ത 'ഹേയ് ജൂഡിന്' ടിക്കറ്റെടുത്തത്. പതിവുപോലെ പതിഞ്ഞ താളവും,ലോങ്ങ്‌ഷോട്ടുകളും, അൽപ്പം ഇംഗ്‌ളീഷ് ഫിലോസഫിയുമൊക്കെയായി ആർട്ട്ഹൗസ് കൾട്ട് തന്നെയായിരുന്നു ഈ പടമെന്ന ധാരണ ആദ്യ അഞ്ചുമിനിട്ടിനകം തന്നെ തകർന്നു.ശ്യാമപ്രസാദ് ഇതുവരെ ചെയ്തിട്ടില്ലാത്ത, ഹാസ്യരസ പ്രധാനമായ ലളിത സുന്ദര ചിത്രമാണിത്.ഒരു ഫീൽഗുഡ് മൂവിയെന്ന് ഒറ്റയടിക്ക് പറയാം.ഈ ചിത്രത്തിന് ടിക്കറ്റെടുക്കുന്നവർക്ക് പൈസ വസൂലാവും.

നിവൻപോളിയുടെ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.സഖാവ്,റിച്ചി തുടങ്ങിയ സമീപകാല ദുരന്തങ്ങൾക്ക്‌ശേഷമുള്ള നിവിന്റെ ശക്തമായ തിരച്ചുവരവ്.പ്രത്യേകതരത്തിലുള്ള ഓട്ടിസം ബാധിച്ച,ദൈനംദിന പ്രവർത്തനങ്ങളിലും ചിട്ടകളിലും അൽപ്പം 'കളിപോയതെന്ന്' തോന്നിക്കുന്ന, എന്നാൽ തനിക്ക് താൽപ്പര്യമുള്ള മേഖലകളിൽ ജീനിയസായ ജൂഡ് എന്ന കഥാപാത്രത്തെ നിവൻ ഗംഭീരമാക്കുന്നുണ്ട്.ചിലപ്പോൾ കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്ന് തോന്നിക്കുന്ന ആ കഥാപാത്രത്തിന്റെ വികാരവിക്ഷോഭങ്ങൾ, കമേർഷ്യൽ സിനിമ ചങ്ങലക്കിട്ട് വെച്ചിരിക്കുന്ന നിവിനിലെ നടനെയാണ് പുറത്തിറക്കിയത്.

കാർബണിലൂടെ ഫഹദ് ഫാസിൽ,ഇപ്പോൾ നിവിനും.ഒന്നുറിപ്പിക്കാം. ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിലടക്കം മലയാളത്തിനിന്ന് കടുത്ത മൽസരമാണ് ഉണ്ടാവാൻ പോവുന്നത്. പക്ഷേ ആഴത്തിലുള്ള ഒരു ചലച്ചിത്രാനുഭവമായി ചിത്രം മാറിയോ എന്നു ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് മറുപടി.കഥാന്ത്യത്തിലും മറ്റും പ്രേക്ഷകർക്ക് പരിചിത വഴികൾ തന്നെയാണ് കാണുന്നത്.പക്ഷേ ആ പോരായ്മകളൊക്കെ നമുക്ക് പൊറുത്തുകൊടുക്കാം.

ടോട്ടാലിട്ടിയാണെല്ലോ പ്രധാനം. ഈ ചിത്രത്തിൽ ഏറ്റവും അഭിനന്ദം അർഹിക്കുന്നത് തിരക്കഥാകൃത്തുക്കളായി പേരുകാണുന്ന നിർമ്മൽ മഹാദേവ്, ജോർജ് കാണാട്ട് എന്നിരെയാണ്.അടുത്തകാലത്ത് മലയാളത്തിലെ മിക്ക ചിത്രങ്ങളുടെയും പരാജയകാരണം സ്‌ക്രിപ്റ്റായിരുന്നുവെന്നത് മറക്കാനാവില്ല.

ലളിതം സുന്ദരം; പിന്നെ സ്വാഭാവിക ഹാസ്യവും

ശ്യാമപ്രസാദ് സിനിമകളിൽ കാണാറുള്ള ആഖ്യാന-പ്രമേയ സങ്കീർണ്ണതകൾ ഇല്ലാതെ ലളിതമായാണ് ഈ ചിത്രം കടുന്നുപോവുന്നത്. 'അഞ്ചുപൈസ കുറവുള്ളവൻ' എന്ന് നാട്ടിൻപുറങ്ങളിൽ പറയുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ നിവിന്റെ ജൂഡ്.ഫോർട്ട് കൊച്ചിയിൽ പുരാവസ്‌ക്കുളുടെ കച്ചവടം നടത്തുന്ന ഒരു ആംഗ്‌ളോ ഇന്ത്യൻ കുടുംബത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.ജൂഡിന്റെ പിതാവ് ഡൊമിനിക്ക് റോഡ്രിഗ്‌സിന്റെ ( സിനിമയിൽ സിദ്ദീഖ്) പണത്തോടുള്ള ആർത്തിയും മകൻ ജൂഡിന്റെ വിചിത്രമായ സ്വഭാവവുമെല്ലാം വളരെ രസകരമായാണ് അവതരിപ്പിച്ചിട്ടുള്ളത്.

പ്രായത്തിന് അനുയോജ്യമായ വൈകാരിക തലത്തിലേക്ക് പലപ്പോഴും ഉയരാൻ ആവുന്നില്ല എന്നതാണ് ജൂഡിന്റെ പ്രശ്‌നം.അയാളുടെ ജോലി നഷ്ടമാവുന്നതും,പെണ്ണുകാണൽ ചടങ്ങ് അലസുന്നതുമെല്ലാം ശുദ്ധ നർമ്മത്തിന്റെ അകമ്പടിയോടെയാണ് ചിത്രീകരിക്കുന്നത്.എന്നാൽ കണക്കിന്റെ കാര്യത്തിലും തന്റെ പ്രിയ വിഷയമായ മറൈൻ സയൻസിലും വിക്കിപീഡിയ തോറ്റുപോവുന്ന വിജ്ഞാനകോശമാണ് ജൂഡ്.

അങ്ങനെയിരിക്കെയാണ് ഡോമിനിക്കിന്റെ ഗോവയിള്ള വകയിലൊരു അമ്മായി മരണപ്പെട്ടെന്ന് വിവരം കിട്ടുന്നത്.ആദ്യം യാത്രാ ചെലവോർത്ത് ഗോവക്കുപോവവാൻ മടിച്ചുനിന്ന ഡൊമനിക്ക് തനിക്കും മകനുമായാണ്,കോടികൾ വരുന്ന സ്വത്ത് അമ്മായി എഴുതിവെച്ചതെന്ന് അറിയുന്നതോടെ പ്‌ളേറ്റ് മാറ്റുന്നു. റോഡ്രിഗ്‌സ് കുടുംബം ഗോവയിലേക്ക് പോവുന്നതാണ് പിന്നീടുള്ള കഥ. ഗോവ ജൂഡിന് പുതിയൊരു ലോകമാവുന്നു.

ഡൊമനിക്കിന് ഈ വീടും പുരയിടവും വിൽക്കണമെങ്കിൽ, ഔട്ട്ഹൗസിൽ കഴിയുന്ന അരവട്ടനെപ്പോലെ ചിലപ്പോൾ തോന്നിക്കുന്ന മെന്റൽ ഡോക്ടർ സെബാസ്റ്റ്യനെയും ( വിജയ് മേനോൻ) മ്യൂസിക്ക് ബാൻഡും റെസ്റ്റോറൻന് നടത്തിപ്പുമായി അടിച്ചുപൊളിച്ച് ജീവിക്കുന്ന മകൾ ക്രിസ്റ്റലിനെയും (തൃഷ) ഒഴിപ്പിക്കണം.എന്നാൽ അവർ ഡൊമനിക്കിന്റെ അമ്മായിയുമായി നേരത്തെയുണ്ടാക്കിയ കരാർ പ്രകാരം വീടൊഴിയാൻ രണ്ടുവർഷം കൂടി സമയമുണ്ട്.അതിനാൽ എന്തെങ്കിലും സ്വാധീനം ചെലുത്തി അവരെ ഒഴിപ്പിക്കാനാവുമോ എന്നറിയാനായി മകൻ ജൂഡിനെ ആ കുടുംബവുമായി അടുക്കാൻ വിടുകയാണ് ഡൊമനിക്ക്.

ജൂഡിന് പ്രത്യേകതരം ഓട്ടിസമാണെങ്കിൽ, പുറത്തറിയാൻ പറ്റാത്ത വിധം ബൈപോളാർ ഡിസോർഡറുള്ള വ്യക്തിയാണ് ക്രിസ്‌ററൽ.ഒരിക്കലും ചേരില്ലാത്ത വൈരുധ്യങ്ങൾ നിരവധിയുള്ള രണ്ട് വ്യക്തിത്വങ്ങൾ.പക്ഷേ അവർ അടുക്കുന്നതാണ് കഥയുടെ രസച്ചരട്.
അടുത്തകാലത്തൊന്നും ഇത്രയും റിയലിസ്റ്റിക്കായ കോമഡിയുള്ള ചിത്രം കണ്ടിട്ടില്ല. പെണ്ണ് കാണലിനിടെ ഒരു ലഡുവിന്റെ കലോറിമൂല്യം ഗൂഗിൾചെയ്‌തെന്നപോലെ പറഞ്ഞ് ജൂഡ് പെൺകുട്ടിയെ വെറുപ്പിക്കുന്ന രംഗവും,ഗോവൻ യാത്രക്കിടെ ലിഫ്റ്റ്‌ചോദിച്ച് കയറുന്ന അജുവർഗ്ഗീസിന്റെ കഥാപാത്രത്തെ തന്റെ സമുദ്രജീവി വിജ്ഞാനം വിളമ്പി കത്തിവെച്ച് ഓടിക്കുന്നതുമെല്ലാം ഓർത്തോർത്ത് ചിരിക്കാവുന്നവയാണ്.

എന്നാൽ ഈ നർമ്മത്തിനിടയിലും പൊള്ളുന്ന ചില ജീവിതയാഥാർഥ്യങ്ങളും ഒട്ടും ഫിലോസഫിയുടെ അകമ്പടിയില്ലായെ ചിത്രം അവതരിപ്പിക്കുന്നു.എന്തിനോടെങ്കിലും അൽപ്പം വട്ടില്ലാത്തവർ ആരാണെന്ന് ചിത്രത്തിലെ ഡോ.സെബാസ്റ്റ്യൻ ചോദിക്കുന്നുണ്ട്. അതുപോലെതന്നെ ശ്യാമപ്രസാദ് അഭിനന്ദനം അർഹിക്കുന്നത് ചിത്രത്തിന്റെ ശാസ്ത്രീയതയിലുമാണ്.ഓട്ടിസം എന്ന അവസ്ഥയെ ചില ഹിന്ദി സിനിമയിലും മറ്റും കാണുന്നപോലെ പൈങ്കിളിവത്ക്കരിച്ചും അതിഭാവുകത്വപരമായും ചിത്രീകരിച്ചിട്ടില്ല ഈ പടം.തീർത്തും സൈന്റിഫിക്ക് അപ്രോച്ചാണ് ചിത്രത്തിലുള്ളത്. ഡോ.സെബാസ്റ്റ്യൻ പറയുന്നുണ്ട്.അരിത്തമാറ്റിക്‌സിലടക്കം അസാധ്യമായ കഴിവുണ്ടെങ്കിലും, ഇത്തരക്കാർക്ക് സർക്കാസം അടക്കമുള്ളവ പടികിട്ടില്ലെന്ന്.അതായത് 'പോയ് ചാവെടാ' എന്ന് പറഞ്ഞാൽ അവർ ശരിക്കും ചാവാൻ പോവുമെന്ന്.

തിരക്കഥാകൃത്തുക്കൾ ഇത്തരം രംഗങ്ങൾക്കായി നന്നായി റിസർച്ച് നടത്തിയിട്ടുണ്ടെന്നതും വ്യക്തമാണ്. ചിത്രാന്ത്യത്തിൽ ഒരു ട്വിസ്റ്റ്‌കൊണ്ടുവന്ന് ശ്യാമപ്രസാദ് പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ടെങ്കിലും പല കാര്യങ്ങളും പ്രവചനീയമാണ്.കൂട്ടുകാരിയുടെ സ്‌നേഹവും സഹാനുഭൂതിയും നായകനെ മാറ്റിയെടുക്കുന്ന പതിവ് സിനിമാറ്റിക്ക് ചേരുവയിൽ നിന്ന് മുക്തമല്ല ഈ പടവും.അൽപ്പം ക്‌ളീഷേയൊന്നുമില്‌ളെങ്കിൽ പിന്നെന്ത് സിനിമ.നമുക്ക് ക്ഷമിച്ചു കളയാം.

തകർത്തത് നിവിനും സിദ്ദീഖും

നിവിൻപോളിയെന്ന നടനെകുറിച്ച് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന ഒരു പ്രധാന പരാതി,അദ്ദേഹം സേഫായി ലാൻഡ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളെ മാത്രമേ എടുക്കുകയുള്ളൂ എന്നാണ്.അതിനുള്ള ശക്തമായ മറുപടിയാണ് ജൂഡ്.അങ്ങനെ പെട്ടെന്ന് ചെയ്ത് നാലുകാലിൽ വീഴാൻ കഴിയുന്ന കഥാപാത്രമല്ല ഇത്.കണ്ണിമവെട്ടത്തിൽ,മുഖത്തേക്ക് നോക്കാതെയുള്ള ഡയലോഗ് ഡെലിവറിയിൽ,പിച്ചവെക്കുന്ന കുട്ടികളെപ്പോലുള്ള പ്രത്യേക നടത്തത്തിൽ,അപകർഷതയും ഭയവും പ്രതിഫലിപ്പിക്കുന്ന ശരീരഭാഷയിൽ.....ഇവിടെയെല്ലാം പുതിയൊരു നിവിൻപോളിയെയാണ് കാണാൻ കഴിയുക.ഈ യുവനടന്റെ കരിയർ ബെസ്‌ററുകളിൽ ഒന്നാണ് ഈ പടം എന്ന് നിസ്സംശയം പറയാം.നവിന്റെ താരപ്രഭ ചൂഷണം ചെയ്യാനുള്ള ഒരു ശ്രമവും ഈ ചിത്രത്തിൽ നടത്തിയിട്ടില്ല.സാധാരണ ഒരു ജനപ്രിയ താരം മാനസികവെല്ലുവിളി നേരിടുന്ന വ്യക്തിയായി വേഷമിട്ടാലും, കൈ്‌ളമാക്‌സിൽ അയാൾ എല്ലാ വൈകല്യങ്ങളും മാറി പത്തിരുപതുപേരെ അടിച്ചുമലർത്തി അമ്മിഞ്ഞപ്പാൽവരെ കക്കിച്ച് സ്ലോമോഷനിൽ വരുന്നതാണെല്ലോ കാണാറ്!

അതുപോലെതന്നെയാണ് സിദ്ദീഖിന്റെ പ്രകടനവും.ദുൽഖർ സൽമാൻ മുതൽ പ്രണവ് മോഹൻലാലിന്റെ വരെ പിതാവായി വേഷമിട്ട മലയാളസിനിമയിലെ ഈ 'ആസ്ഥാന അച്ഛന്' പക്ഷേ ഈ പടം ടൈപ്പ് കഥാപാത്രത്തെയല്ല നൽകിയത്.ആർത്തിയും കൊതിയും ചേർത്ത സിദ്ദീഖിന്റെ സ്വാഭാവിക നർമ്മം ഗംഭീരമാണ്.അവസാനമാവുമ്പോഴേക്കും ഡൊമനിക്കിനെ കാണുമ്പോഴേക്ക് ചിരിവരുന്നതുപോലുള്ള അവസ്ഥ. അടുത്തകാലംവരെ തെന്നിന്ത്യയിൽ കത്തിനിന്ന തൃഷയാണ് നവിന്റെ നായികയായി എത്തിയത്.വളരെ പെട്ടന്ന് മനോനിലകൾ മാറുന്ന കഥാപാത്രത്തെ തൃഷ ഉൾക്കൊണ്ട് അഭിനയിച്ചിട്ടുണ്ട്.

ഡോ.സെബാസ്റ്റ്യൻ എന്ന വിചിത്ര കഥാപാത്രം, വിജയ്‌മേനോന്റെ തിരിച്ചുവരവുകൂടിയാണ്. ഒരുകാലത്ത് മലയാള ്സിനിമയിൽ നിറഞ്ഞു നിന്ന വിജയ്‌മേനോനെ ഈയിടെയായി തീരെ 'കാണാനില്ലായിരുന്നു'. ഈ ബ്രേക്കിന്റെ അടിസ്ഥാനത്തിൽ നല്ല ക്യാരക്ടർ റോളുകൾ ഇനിയും ഈ നടനെ തേടിയത്തെട്ടേ.

നവിൻപോളിയുടെ അമ്മയായി സാധാരണഗതിയിൽ നടി ലെനയാണ് വരേണ്ടിയിരുന്നത്.സിദ്ദീഖ് അച്ഛനും ലെന അമ്മയും എന്നതാണ് ഇപ്പോഴത്തെ ന്യൂജൻ ട്രെൻഡ്!പക്ഷേ ഇവിടെ നീനാകുറുപ്പാണ് അമ്മയായത്.വേഷം അവർ മോശമാക്കിയിട്ടുമില്ല. ഗിരീഷ് ഗംഗാധാൻ ക്യാമറ ചലപ്പിച്ച എല്ലാ ചിത്രങ്ങൾക്കുമൊണ്ട് ഒരാനച്ചന്തം.ശ്യാമപ്രസാദും ഔസേപ്പച്ചനും ചേരുമ്പോഴൊക്കെ നല്ലഗാനങ്ങൾ ഉണ്ടാവുന്ന പതിവ് ഇത്തവണയും തെറ്റിയിട്ടില്ല.ഒരുപാട്ട് സീനിൽ ഗസ്റ്റ് അപ്പിയറൻസായി ഔസേപ്പച്ചനെ കാണിക്കുമ്പോഴുള്ള കൈയടി അദ്ദേഹത്തിന്റെ ജനപ്രതീതിക്കും തെളിവാണ്.

വാൽക്കഷ്ണം:സാധാരണ നിവിൻപോളി ചിത്രങ്ങൾക്കുള്ള തിരക്ക് ആദ്യദിനങ്ങളിൽ ഈ പടത്തിന് കാണുന്നില്ല.ശ്യാമപ്രസാദിന്റെ ചിത്രമായതുകൊണ്ട് പ്രേക്ഷകർ ഇത് അവാർഡ് പടമാണെന്ന ധാരണയിലാണെന്ന് തോനുന്നു. കുഴപ്പമില്ല,വരും ദിവസങ്ങളിൽ മൗത്ത് പബ്‌ളിസിറ്റിയിലൂടെ ചിത്രം കയറിവരുമെന്ന് ഉറപ്പിക്കാം.