മലയാളത്തിലെ ജനപ്രിയ നടൻ നിവിൻ പോളി, ദക്ഷിണേന്ത്യയിലെ മുൻനിര നായിക തൃഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രം ഹേയ് ജൂഡിന്റെ ചിത്രീകരണം പുരോഗമിക്കുന്നു .നിർമ്മൽ സഹദേവ്, ജോർജ് കാനാട്ട് എന്നിവർ തിരക്കയൊരുക്കുന്ന ചിത്രത്തിൽ ഔസേപ്പച്ചനാണു സംഗീതം നൽകുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും കാർത്തിക് ജോഗേഷ് എഡിറ്റിംഗും നിർവഹിക്കുന്നു.

അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അഡ്വ. അനിൽകുമാർ അമ്പലക്കരയാണ് ചിത്രം നിർമ്മിക്കുന്നത്. ഗോവയും ,ഫോർട്‌കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കൊച്ചിയിൽനിന്നും ഗോവയിലെത്തുന്ന ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.നിവിൻ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രം.

തമിഴിലും തെലുങ്കിലും വമ്പൻ ചിത്രങ്ങളിൽ അഭിനയിച്ചുപോരുന്ന തൃഷയെ മലയാളത്തിൽ അവതരിപ്പിക്കുന്നതിനായി പലരും ശ്രമിച്ചിരുന്നു. തൃഷയുടെ പ്രതിഫലവും , അന്യഭാഷകളിലെ തിരക്കുകളുമായിരുന്നു മലയാളത്തിലേക്ക് എത്താൻ താരം വൈകിയതെന്നു റിപോർട്ടുകൾ പറയുന്നു .മലയാളത്തിലെ അഭിനയസാധ്യതയും കഥാപാത്രത്തിന്റെ ശക്തിയുമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഗോവയിലെ ലൊക്കേഷനിൽ വച്ച് തൃഷ പറഞ്ഞിരുന്നു.

ചിത്രത്തിൽ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത് .
ഫോർട്ട് കൊച്ചിയിലെ ഒരു സാധാരണ കുടുംബമാണ് ജൂഡിന്റേത്. ഫോട്ടോസ്റ്റാറ്റും അപേക്ഷാ ഫോറങ്ങളുമൊക്കെ വിൽക്കുന്ന ഒരു ഇടത്തരം കൈത്തൊഴിൽ ഡൊമിനിക്ക് ചെയ്യുന്നു. ഒരു ഓട്ടോമൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ജോലി ജൂഡിനുണ്ട്.

ജൂഡിന്റെ കഥാപാത്രം പ്രസക്തമാകുന്നത് അവന്റെ സ്വഭാവത്തിലുള്ള ചില പ്രത്യേകതകളിലൂടെയാണ്. സാധാരണ മനുഷ്യരിൽനിന്നും വ്യത്യസ്തമാണ് അവന്റെ രീതികൾ. ഇതിനിടയിലാണ് ഈ കുടുംബത്തിന് ഒരാവശ്യവുമായി ബന്ധപ്പെട്ട് ഗോവയിലേക്ക് പോകേണ്ടിവരുന്നത്.ഗോവയിലെ ജീവിതത്തിനിടയിലാണ് ക്രിസ്റ്റൽ എന്ന പെൺകുട്ടിയെ അവൻ കണ്ടുമുട്ടുന്നത്. ഇവിടെ ഒരു കോഫി കഫെ നടത്തുകയും സിംഗറുമാണ് ക്രിസ്റ്റൽ. ക്രിസ്റ്റലുമായുള്ള അവന്റെ ഈ കണ്ടുമുട്ടലും പരിചയവും അവന്റെ ജീവിതത്തിലുളവാക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

കൊച്ചുകൊച്ചു മുഹൂർത്തങ്ങളിലൂടെയാണ് ഈ സംഭവങ്ങൾ ശ്യാമപ്രസാദ് കോർത്തിണക്കുന്നത്. ഈ ചിത്രത്തിൽ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് മേനോനാണ്. ക്രിസ്റ്റലിന്റെ പപ്പ സെബാസ്റ്റ്യൻ എന്ന കഥാപാത്രം. സുരാജ് വെഞ്ഞാറമ്മൂട് മറ്റൊരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നു.കലാഭവൻ നൗഷാദ്, ഡോ. സതീഷ് കുമാർ, ബിജു എഴുകോൺ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശ്യാമപ്രസാദ് നിവിൻപോളി കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് ഹേയ് ജൂഡ്. 'ഇവിടെ' എന്ന ചിത്രമായിരുന്നു ഇരുവരുടെയും ആദ്യ കൂട്ടുകെട്ട് . തെന്നിന്ത്യൻ താരറാണി തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രത്തെ ആരാധകർ ഏറെ ആകാംഷയോടെയാണ കാത്തിരിക്കുന്നത്. ചിത്രം സെപ്റ്റംബര് 29 ന് തിയേറ്ററുകളിൽ എത്തും .