- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേൽ വ്യോമാക്രമണത്തിന് പ്രതികാരവുമായി ഹിസ്ബുള്ള; ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് ഡസൻ കണക്കിന് റോക്കറ്റുകൾ പ്രയോഗിച്ചതായി റിപ്പോർട്ട് ; തത്സമയം തന്നെ തിരിച്ചടിച്ച് ഇസ്രയേലും
ലബ്നൻ: ഇസ്രയേൽ വ്യോമാക്രമണത്തിന് പ്രതികാരമായി ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് ഡസൻ കണക്കിന് റോക്കറ്റുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്.ഇറാൻ പിന്തുണയുള്ള ഭീകരസംഘടന തർക്ക പ്രദേശമായ ഷെബാ ഫാം മേഖലയിലെ ഇസ്രയേലി പൊസിഷനുകൾക്ക് സമീപമുള്ള തുറന്ന സ്ഥലത്തേക്കാണ് റോക്കറ്റുകൾ പ്രയോഗിച്ചത്.എന്നാൽ തത്സമയം തന്നെ ഇസ്രയേൽ മറുപടിയും നൽകിയതായാണ് സൂചന.തെക്കൻ ലെബനനിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ മറുപടിയായി ഇസ്രയേൽ സൈന്യം ഉടൻ പീരങ്കികൾ പ്രയോഗിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
വെള്ളിയാഴ്ച ഉണ്ടായ അക്രമത്തിൽ ഭൂരിഭാഗവും ഇസ്രയേലിന്റെ അയൺ ഡോം സംവിധാനം തടഞ്ഞുവെന്നും ബാക്കിയുള്ളവ തുറന്ന പ്രദേശങ്ങളിൽ വീണെന്നും സൈന്യം അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.ലെബനീസ് പട്ടണമായ ഷെബായ്ക്ക് സമീപമുള്ള അൽ-അർഖൂബ് പ്രദേശത്ത് നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് ലെബനീസ് നേതൃത്വം പറഞ്ഞു.
അതേസമയം ബുധനാഴ്ച്ചയും ലബൻ സൈന്യം ആക്രമിച്ചെന്ന് ഇസ്രയേൽ വാർത്താക്കുറിപ്പിൽ ആരോപിച്ചിരുന്നു. ലബനിൽ നിന്ന് രണ്ട് റോക്കറ്റുകൾ രാജ്യത്ത് പതിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. തുടർന്ന് ലബൻ അതിർത്തിക്കപ്പുറത്തേക്ക് വെടിയുതിർത്തതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ ഇരുഭാഗത്തും അപകടമോ പരിക്കോ റിപ്പോർട്ട് ചെയ്തിരുന്നില്ല. ലബനിൽ നിന്ന് മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്നും അതിൽ ഒന്ന് അതിർത്തിക്ക് തൊട്ടടുത്താണെന്നും ഇസ്രയേൽ വാർത്താകുറിപ്പിൽ ആരോപിച്ചു.
ആക്രമണത്തെ തുടർന്ന് വയലിൽ നിന്ന് പുക ഉയരുന്ന ചിത്രവും ഇസ്രയേൽ സൈന്യം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ 20നും ലബനിൽ നിന്ന് ഇസ്രയേലിലേക്ക് രണ്ട് റോക്കറ്റുകൾ പതിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. അന്നും പ്രത്യാക്രമണം നടത്തി. 2006ൽ ഹിസ്ബുല്ല ഗറില്ലകൾക്കെതിരെ ഇസ്രയേൽ ആക്രമണം നടത്തിയതിന് ശേഷം ഇരുരാജ്യങ്ങളുടെയും അതിർത്തി അശാന്തമാകുന്നത് സമീപകാലത്താണ്.
മറുനാടന് മലയാളി ബ്യൂറോ