കൊച്ചി: പ്രളയാനന്തര പുനർനിർമ്മാണത്തിൽ ചേരനെല്ലൂരിന് തണലേകി വീണ്ടും ഹൈബി ഈഡൻ എംഎ‍ൽഎ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാപ്രളയം സംഭവിച്ചിട്ട് നൂറ് ദിവസം പിന്നിട്ട ഘട്ടത്തിലാണ് ജോസഫിന്റെ കുടുംബത്തിനുമായി 11-ാം മത്തെ വീടിന്റെ ശിലാസ്ഥാപന കർമ്മം നടക്കുന്നത്. ഈ ചടങ്ങിൽ ഹൈബി ഈഡൻ ജോസഫിന് ഒരു വാക്ക് നൽകിയിരുന്നു. 'ഇന്നേക്ക് ഇരുപത്തിയഞ്ച് ദിവസത്തിനുള്ളിൽ വീട് ലഭിക്കുമെന്ന്'. പറഞ്ഞതിനേക്കാൾ അതിവേഗം മുൻപേ വാക്കുപാലിച്ചിരിക്കുകയാണ് ഹൈബി.

അതും വെറും പത്തൊൻപത് ദിവസം കൊണ്ടാണ് ന്യൂറ പാനൽ ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ പണി പൂർത്തിയാക്കിയത്. പ്രളയത്തിൽ തകർന്ന പഴയ വീടിന്റെ അവശിഷ്ടഭാഗങ്ങൾ പൊളിച്ചുമാറ്റുന്നതിനായി മൂന്ന് ദിവസം വേണ്ടി വന്നു. സിനിമാ താരം ജയസൂര്യയാണ് വീടിന് തറക്കല്ലിട്ടത്. ഇരുപത്തിയഞ്ച് ദിവസം കൊണ്ട് വീടിന്റെ പണി പൂർത്തിയാക്കുമെങ്കിൽ താക്കോൽദാനത്തിന് താൻ ഉണ്ടാകുമെന്ന വാക്ക് നടൻ ജയസൂര്യയും പാലിച്ചു. തറക്കല്ലിട്ട് 22 ദിവസം പൂർത്തിയായ ഇന്നലെ ജോസഫേട്ടന്റെ വീടിന്റെ താക്കോൽ യുവ നടനും എംഎൽഎയും ചേർന്ന് സമ്മാനിച്ചു. കണ്ടവർക്കെല്ലാം ആശ്ചര്യമായിരുന്നു റെക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മനോഹരമായ വീട് .

ന്യൂറോ പാനൽസ് എംഡി സുബിൻ തോമസ്, ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് സി.പി.ഒ കൃഷ്ണകുമാർ, എം.ജെ മെഡിക്കൽസ് മാനേജിങ് പാർട്ട്ണർ രാഹുൽ മാമൻ എന്നിവരാണ് സ്‌പോൺസർമാർ. ചേരനെല്ലൂർ രാജീവ്‌നഗർ കോളനിയിൽ ഐഎംഎ യുടെ സഹകരണത്തോടെ പതിനെട്ട് ശുചിമുറികളുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രളയ സമയത്തും അതിനു ശേഷവും ഹൈബി ഈഡൻ എം എൽ എ യുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പ്രളയബാധിത പ്രദേശമായ ചേരാെനല്ലൂർ ഗ്രാമപ്പഞ്ചായത്തിനെ പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡൻ എംഎ‍ൽഎ. നടപ്പിലാക്കുന്ന 'തണൽ' ഭവനപദ്ധതിക്ക് ഏറെ കൈയടി ഇതിനോടകം കിട്ടി കഴിഞ്ഞിട്ടുണ്ട്. പ്രളയം കനത്ത നാശം വിതച്ച ചേരാനല്ലൂർ പഞ്ചായത്തിൽ ഹൈബി ഈഡൻ എം.എൽഎയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചേരാം ചോരാനല്ലൂരിനൊപ്പം പ്രചാരണത്തിന്റെ ഭാഗമായാണ് തണൽ ഭവന പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സ്വകാര്യ വ്യക്തികളുടെ സാമ്പത്തികസഹായത്തോടെയാണ് വീടുകൾ നിർമ്മിച്ചുനൽകുന്നത്. മണ്ഡലത്തിൽ അൻപത് വീടുകൾ നിർമ്മിച്ചുനൽകാനാണ് തണൽ പദ്ധതിയിലൂടെ ഹൈബി ഈഡൻ ലക്ഷ്യമിടുന്നത്.

2000ത്തോളം വീടുകൾക്ക് നാശം സംഭവിച്ച പഞ്ചായത്തിൽ സർക്കാർ സഹായമില്ലാതെ ബഹുജനപങ്കാളിത്തത്തോടെ പരമാവധി വീടുകൾ പുനർനിർമ്മിക്കുകയാണ് തണൽ പദ്ധതിയുടെ ലക്ഷ്യം. നഗരത്തോട് ചേർന്നുകിടക്കുന്ന ചേരാനല്ലൂരിന്റെ പുനർനിർമ്മാണത്തിനായി ഹൈബി ഈഡൻ മുൻകൈയെടുത്തപ്പോൽ വമ്പൻ വ്യവസായികളും ഒപ്പം നിന്നു. വീട് പൂർണമായി നഷ്ടപ്പെട്ട ഭൂമി ഉള്ളവർക്ക് വീട് നിര്മിച്ചുനല്കുക, വീടിന് അറ്റകുറ്റപ്പണി ആവശ്യമുള്ളവർക്ക് അതിനുള്ള സഹായം നൽകുക, കുറച്ചധികം ഭൂമി ഒരേ സ്ഥലത്ത് ലഭിച്ചാൽ ചെറുഗ്രാമം മാതൃകയിൽ പലർക്കായി വീടുകൾ പണിതു നൽകുക എന്നിങ്ങനെ മൂന്ന് തരത്തിലാണ് സഹായം എത്തിക്കാൻ ആണ് ഉദ്ദേശ്യം.

നിരവധി വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് തണൽ ഭവന പദ്ധതി നടപ്പിലാക്കുന്നത്. 50 വീടുകളാണ് പദ്ധതി പ്രകാരം ചേരാനല്ലൂർ പഞ്ചായത്തി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.