- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
കണ്ണുർ:പ്രണയിതാക്കളുടെ സ്വകാര്യദൃശ്യങ്ങൾ രഹസ്യക്യാമറയിലൂടെ ഒപ്പിയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് വൻ റാക്കറ്റെന്ന് പൊലിസ്. പ്രണയസല്ലാപങ്ങൾക്കായി സ്വകാര്യയിടങ്ങൾ തേടുന്ന കമിതാക്കളാണ് ഇവർ വിരിച്ച വലയിൽ കുടുങ്ങുന്നത്.
തലശേരി നഗരസഭയിലെ ഉദ്യാനങ്ങൾ, ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന അഞ്ചുപേർ പിടിയിലായതോടെയാണ് കണ്ണൂർ ജില്ലയെ ഞെട്ടിച്ച രഹസ്യക്യാമറകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
തലശേരി ഓവർബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയവരാണ് അറസ്റ്റിലായത്. പാർക്കുകളിലെ തണൽമരങ്ങളുടെ പൊത്തുകൾ, കോട്ടയിലെയും കടൽതീരങ്ങളിലെയും കൽദ്വാരങ്ങൾ എന്നിവടങ്ങളിലാണ് രഹസ്യ ഒളിക്യാമറകളും മൊബൈൽ ക്യാമറകളും ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരം സ്ഥലങ്ങൾ പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിരാവിലെയെത്തി ഇത്തരം ക്യാമറകൾ സ്ഥാപിച്ചു പോകുന്ന സംഘം, പിന്നീട് നേരം ഇരുട്ടിയാൽ ഇതുവന്നെടുത്ത് ദൃശ്യങ്ങൾ ശേഖരിക്കാറാണ് പതിവ്.
കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യദൃശ്യങ്ങൾ ശേഖരിക്കുന്ന ഇവർ പിന്നീടത് പണമുണ്ടാക്കാനുള്ള മാർഗമായി മാറ്റുകയാണ് ചെയ്യുന്നത്. തങ്ങളുടെ ക്യാമറക്കെണിയിൽ കുടുങ്ങിയവരെ പിന്നീട് ഇവർ ഫോൺ വഴി ബന്ധപ്പെടുകയും, സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെടുകയുമാണ് പതിവ്. ഈ ബ്ലാക്ക് മെയിലിങ് സംഘത്തിന്റെ കെണിയിൽ നിരവധിയാളുകൾ കുടുങ്ങിയിട്ടുണ്ട്. ഇവർക്ക് ചോദിച്ച പണം നൽകി മാനംരക്ഷിച്ചരാണ് കൂടുതൽ. സ്‌കൂൾ, കോളേജ് വിദ്യാർത്ഥിനികൾ, അദ്ധ്യാപകർ, പ്രവാസികൾ തുടങ്ങി ഒട്ടേറെപ്പേർ ക്യാമറക്കെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന വിവരം.
എന്നാൽ പണം നൽകാൻ തയ്യാറല്ലാത്തവരുടെ ദൃശ്യങ്ങൾ മാസങ്ങളുടെ വിലപേശലിനു ശേഷം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് മാനംകെടുത്തുകയാണ് ഇവരുടെ ശൈലി. ഇതുചൂണ്ടിക്കാട്ടിയാണ് പിന്നീട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത്. തലശേരി സെന്റിനറി പാർക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് ഇവരെ അന്വേഷണമാരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്.
അശ്ലീല സൈറ്റുകളിലും ദൃശ്യം അപ്ലോഡ് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. തലശേരി കോട്ട, സീവ്യുപാർക്ക് എന്നിവിടങ്ങളിൽ നിന്നടക്കം ദൃശ്യം ചിത്രീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആളൊഴിഞ്ഞ കമിതാക്കൾ ഇരിക്കാൻ ഇഷ്ടപ്പെടുന്ന പ്രത്യേക ഇടങ്ങളിലാണ് ഇവർ ഒളിക്യാമറ സ്ഥാപിക്കുന്നത്. ഉദ്യാനങ്ങളിൽ പകൽ എത്തുന്നവരിലേറെയും വിദ്യാർത്ഥികളാണ്. വീട്ടിലറിയാതെ ക്ലാസ് കട്ടുചെയ്തു ഇവിടങ്ങളിലെത്തുന്ന ഇവർ തന്നെയാണ് ഒളിക്യാമറക്കാരുടെ പ്രധാന ഇരകളും. തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ വീട്ടിലറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവരിൽനിന്നും പണം പിടുങ്ങുന്നത്.
തലശേരിയിലെ ഒളിക്യാമറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയസൈറ്റുകളിൽ അപ്ലോഡ് ചെയ്തത് ആരാണെന്ന സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലാകുന്നത്. ഒളിക്യാമറ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവരുടെ അക്കൗണ്ടുനോക്കി സൈബർ പൊലീസ് പ്രതികളെ വലയിൽ വീഴ്‌ത്തുകയായിരുന്നു.നേരത്തെ മൂന്നുപേരെയും കഴിഞ്ഞ ദിവസം രണ്ടുപേരെയും ഇങ്ങനെ അറസ്റ്റു ചെയ്തു.
കാർപ്പന്ററായി ജോലിചെയ്യുന്ന ഭിന്നശേഷിക്കാരനായ പന്ന്യന്നൂരിലെ വിജേഷ് (30), സ്വകാര്യ ബസ് കണ്ടക്ടർ മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ് (34) എന്നിവരാണ് ഏറ്റവും ഒടുവിൽ പിടിയിലാകുന്നത്. വിജേഷ് ചിത്രീകരിച്ച ദൃശ്യം അനീഷാണ് സോഷ്യൽമീഡിയ സൈറ്റുകളിൽ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള 119 എ,356 സി,66 ഇ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തലശേരിയിലെ പാർക്കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും എത്തുന്നവർക്ക് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസിനെ മഫ്തിയിൽ വിന്യസിക്കുമെന്ന് തലശേരി ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി ബിജു അറിയിച്ചു. പാർക്കിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും. ഇവർക്ക് പ്രത്യേക യൂനിഫോം ഏർപ്പെടുത്തും. ഒളിക്യാമറക്കാർ ഒളിഞ്ഞു നിൽക്കാൻ സാധ്യതയുള്ള കാടുപിടിച്ച സ്ഥലങ്ങൾ വൃത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്