1878ൽ തുർക്കിയയിൽ നിന്നും കണ്ടെടുത്ത ചിത്രലിപി സമ്പ്രദായത്തിലുള്ള ശിലാഫലകം ഇന്നും ഗവേഷകർക്ക് മുന്നിൽ പൂർണമായും ചുരുളഴിയാത്ത നിഗൂഢതയായി തുടരുന്നു. വെങ്കലയുഗത്തിലെ കണ്ടെടുത്തതിൽ വച്ച് ഏറ്റവും പഴയ ശിലാഫലകമാണിതെന്നാണ് സൂചന. 3200 വർഷമാണ് ഇതിന്റെ പഴക്കം. ലോകമാകമാനമുള്ള ഏതാനും ഗവേഷകർക്ക് മാത്രമേ ഇതിലെ പുരാതന ലുവിയാൻ ഭാഷ വ്യാഖ്യയാനിച്ചെടുക്കാൻ സാധിച്ചിട്ടുള്ളൂ. ശിലായുഗത്തിലെ രാജാക്കന്മാർക്ക് ഭരണം നഷ്ടമായത് എങ്ങനെ...? എന്നാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. 3200 വർഷം മുമ്പത്തെ ശിലാഫലകത്തിൽ കുറിച്ചിരിക്കുന്നത് നമ്മുടെ പൂർവികരുടെ ചരിത്രമാണ്. കടലിൽ നിന്നും കടന്ന് കയറിയ മനുഷ്യവംശത്തിന്റെ കഥയാണിതിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.

വെങ്കലയുഗത്തിലെ ശക്തമായതും സാംസ്‌കാരിക സമ്പന്നമായതുമായ നാഗരികതകൾ എങ്ങനെ തകർന്നുവെന്ന ചരിത്രമാണ് ഈ ഫലകം അനാവരണം ചെയ്യുന്നതെന്ന് വിവിധ ഗവേഷകർ അഭിപ്രായപ്പെടുന്നു. കിഴക്കൻ മെഡിറ്ററേനിയനിലെ തീരദേശ പട്ടണങ്ങളെ പടിഞ്ഞാറൻ ഏഷ്യാ മൈനറിൽ നിന്നുമുള്ള രാജാക്കന്മാരുടെ ഐക്യ സേന എത്തരത്തിലാണ് കൊള്ളയടിച്ചതെന്ന് ഈ ചിത്രം വിവരിക്കുന്നു. ഇത്തരം ആക്രമണങ്ങൾ വെങ്കലയുഗത്തിലെ പരിഷ്‌കൃത സമൂഹങ്ങളുടെ നാശത്തിന് പ്രധാനകാരണമായി വർത്തിച്ചുവെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. ഈ ഇൻസ്‌ക്രിഷൻ കമ്മീഷൻ ചെയ്തത് ബിസി 1190ൽ വെങ്കലയുഗത്തിന്റെ അവസാനത്തിൽ മിറ രാജ്യത്തിലെ രാജാവായ കുപന്ത കുരുന്തയാണെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.

ഈ രാജ്യത്തെയും സമീപത്തെ സ്റ്റേറ്റുകളെയും പുരാതന ഈജിപ്ത്, ഈസ്റ്റ് മെഡിറ്ററേനിയനിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആക്രമിച്ച് കീഴടക്കുകയായിരുന്നുവെന്നാണ് ഈ രേഖ വെളിപ്പെടുത്തുന്നത്. ഏതാണ്ട് 1200 ബിസിയിൽ നിലനിന്നിരുന്ന പ്രബലരായ നാഗരിതകളുടെ നാശത്തിന് പ്രധാന കാരണം ഇത്തരത്തിൽ കടലിലൂടെത്തിയ ആക്രമണങ്ങളായിരുന്നുവെന്നാണ് ആർക്കിയോളജിസ്റ്റുകൾ പറയുന്നത്. സ്വിറ്റ്‌സർലണ്ടിലെയും ഡച്ചിലെയും ഗവേഷകരടങ്ങിയ സംയുക്ത സംഘമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ലുവിയാൻ വായിക്കാൻ കഴിയുന്ന ലോകത്തിലെ 20 പേരിൽ ഒരാളായ ഡോ. ഫ്രെഡ് വുഡ് ഹുസൈനെയും ഈ സംഘത്തിൽ പെടുത്തിയിട്ടുണ്ട്.

ആധുനിക തുർക്കിയിലെ അഫിയോൻകാരഹിസാറിൽ നിന്നും 34 കിലോമീറ്റർ വടക്ക് മാറിയുള്ള ബേകോയ് ഗ്രാമത്തിൽ നിന്നാണ് 1878ൽ 10 മീറ്റർ നീളമുള്ളതും ഈ പറഞ്ഞ കാര്യങ്ങൾ കൊത്തി വച്ചതുമായ ചുണ്ണാമ്പ് കല്ല് കണ്ടെടുത്തത്. ഗ്രാമവാസികൾ ഈ കല്ലിനെ മോസ്‌കിന്റെ നിർമ്മാണവസ്തുവാക്കി ഉപയോഗിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ആർക്കിയോളജിസ്റ്റ് ജോർജ് പെറോട്ട് ഇതിനെ കോപ്പി ചെയ്തിരുന്നു. ഈ കോപ്പി ഇംഗ്ലീഷ് പ്രീഹിസ്റ്റോറിയനാ ജെയിംസ് മെല്ലാർട്ടിന്റെ എസ്‌റ്റേറ്റിൽ നിന്നും 2012ൽ അദ്ദേഹത്തിന്റെ മരണ ശേഷം മകൻ കണ്ടെത്തുകയും അത് ലുവിയാൻ സ്റ്റഡീസ് ഫൗണ്ടേഷന്റെ പ്രസിഡന്റായ ഡോ എബെർഹാർഡ് സാൻഗെറിന് കൈമാറുകയുമായിരുന്നു.