- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി 23യുടെ എതിർപ്പ് മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അനിശ്ചിതാവസ്ഥ പെരുപ്പിക്കുന്ന രാഹുൽ ഗാന്ധിയോട്; സ്ഥാനം ഏറ്റെടുക്കാതെയുള്ള തന്നിഷ്ടം വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് നേതാക്കൾ; ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വരും വരെ തുടർ യോഗങ്ങളുമായി സമ്മർദ്ദം നിലനിർത്താൻ നീക്കം
ന്യൂഡൽഹി: കോൺഗ്രസിലെ തിരുത്തൽവാദികൾ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച മട്ടിലാണ് നീങ്ങുന്നത്. തങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകുന്നത് വരെ സമ്മർദ്ദം തുടർന്ന് കൊണ്ടു പോകാനാണ് ഇവരുടെ നീക്കം. ഇത്തരം നീക്കങ്ങളുടെ തുടർച്ച എന്നോണം മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നു കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി-23 നേതാക്കൾ. 24 മണിക്കൂറിനിടെ ഇത് രണ്ടാംവട്ടമാണ് ജി 23 നേതാക്കൾ യോഗം ചേരുന്നത്.
കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപീന്ദർ ഹൂഡ തുടങ്ങിയ പ്രമുഖരാണ് ഇന്നു വൈകുന്നേരം ചേർന്ന യോഗത്തിൽ പങ്കെടുക്കുന്നത്. ഇന്നു കാലത്ത് ഹൂഡ, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. ഹരിയാനയിലെ സംഘടന കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് വിശദീകരണം. പി.സി.സി അധ്യക്ഷ സ്ഥാനം നെഹ്റു കുടുംബത്തിന്റെ വിശ്വസ്തയായ ഷെൽജ കുമാരിക്ക് വിട്ടുകൊടുത്തതിൽ ഹൂഡക്കും മകനും അമർഷമുണ്ട്. അക്കാര്യങ്ങൾക്കു പുറമെ, നെഹ്റു കുടുംബത്തിന്റെ നേതൃത്വം ജി23 ചോദ്യം ചെയ്യുന്നില്ലെന്ന സന്ദേശവും ഹൂഡ കൈമാറി.
സോണിയയോടല്ല, ഉത്തരവാദിത്തം ഏറ്റെടുക്കാതെ അനിശ്ചിതാവസ്ഥ പെരുപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ രീതികളിലാണ് എതിർപ്പ്. കൂട്ടായ തീരുമാനവും കൂട്ടായ നേതൃത്വവുമാണ് വേണ്ടത്. രാഹുൽ ഗാന്ധി സ്വയം കാര്യങ്ങൾ തീരുമാനിച്ച് പിഴവുകൾ വരുത്തുന്നത് അംഗീകരിക്കാനാകില്ല. എല്ലാവരെയും ഉൾച്ചേർത്ത നേതൃത്വം വരണം. സമാന മനസ്കരായ പാർട്ടികളുമായി ചർച്ച ചെയ്ത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങണം. യോഗത്തിന്റെ ഈ പൊതുവികാരം ഗുലാംനബി സോണിയയെ നേരിൽകണ്ട് അറിയിക്കും
മുന്നോട്ട് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചർച്ച ചെയ്യുമെന്ന് മുതിർന്ന നേതാക്കൾ സൂചന നൽകി. നേതൃത്വത്തിൽ ചെലുത്തിയ സമ്മർദം നിലനിർത്താൻ ഇനിമുതൽ കൃത്യമായ ഇടവേളകളിൽ ഇത്തരം യോഗങ്ങൾ ചേരുമെന്നും നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞദിവസം ചേർന്ന പ്രവർത്തക സമിതിയിൽ നേതൃത്വ അനുകൂലികൾ സ്വീകരിച്ച നിലപാട് ജി- 23 നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.
നിരവധി പരാജയങ്ങൾക്കു ശേഷവും ഗാന്ധികുടുംബത്തിൽ വീണ്ടും വിശ്വാസം അർപ്പിക്കുന്ന നിലപാടായിരുന്നു നേതൃത്വ അനുകൂലികൾ സ്വീകരിച്ചിരുന്നത്. താനും മക്കളും വഹിക്കുന്ന എല്ലാ പദവികളും ഒഴിയാമെന്ന സോണിയാ ഗാന്ധിയുടെ വാഗ്ദാനം പ്രവർത്തക സമിതി തള്ളുകയും ചെയ്തിരുന്നു.
ബുധനാഴ്ച 18 നേതാക്കളാണ് യോഗം ചേർന്നത്. ജി-23യിൽ ഉൾപ്പെട്ടവരെ കൂടാതെ ചില പുതുമുഖങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. ആറു സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളായിരുന്നു യോഗം ചേർന്നത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻപരാജയത്തെ കുറിച്ച് യോഗം ചർച്ച ചെയ്തു.
പാർട്ടിയെ പിളർത്തുകയല്ല, പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തിരുത്തൽസംഘം തീരുമാനിച്ചത്. ഇന്ത്യയെന്ന ആശയം നിലനിൽക്കുന്നതിന് ശക്തമായ കോൺഗ്രസ് ആവശ്യമാണെന്ന് സംഘം ഹൈകമാൻഡിനെ ധരിപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ