- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നെ തീരുമാനം പരസ്യമാക്കി'; ഹൈക്കമാന്റിന്റെ അതൃപ്തി കെ സുധാകരനെ അറിയിച്ച് താരീഖ് അൻവർ
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച കെ സുധാകരനെ അതൃപ്തി അറിയിച്ച് ഹൈക്കമാന്റ്. താരീഖ് അൻവറാണ് ഫോണിൽ വിളിച്ച് കെ സുധാകരനെ ഹൈക്കമാന്റിന്റെ അതൃപ്തി അറിയിച്ചത്. രാഹുൽ ഗാന്ധി വിളിച്ച ശേഷം പുറത്ത് മാധ്യമങ്ങളെ കണ്ടതുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് കെ സുധാകരന്റെ പ്രതികരണം.
സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്.
പ്രവർത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് കെ.സുധാകരൻ. കണ്ണൂരിലും കാസർകോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്. അതേസമയം കണ്ണൂരിൽ പറയത്തക്ക സ്വാധീനമോ പ്രവർത്തനമോ സുധാകരൻ നടത്തിയിട്ടില്ലെന്നും മറ്റു ജില്ലകളിലെന്ന പോലെ അവിടെയും കോൺഗ്രസ് തകർച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിർക്കുന്നവർ വിമർശനം ഉന്നയിക്കുന്നുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ കൊണ്ടു വരുന്നതിൽ മറ്റൊരു പ്രധാന തടസമായി നിന്നത് അദ്ദേഹത്തിന്റെ പ്രായമാണ്. 73 വയസുള്ള സുധാകരനെ കെപിസിസി അധ്യക്ഷനായി കൊണ്ടു വന്നു എന്ത് തലമുറമാറ്റമാണ് കേന്ദ്രനേതൃത്വം നടത്തുന്നതെന്ന ചോദ്യം അദ്ദേഹത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നു. എന്നാൽ തലമുറ മാറ്റത്തിനപ്പുറം സംഘടനാ സംവിധാനത്തിലെ സമൂല മാറ്റം കൊണ്ടു വരാനും താഴെത്തട്ടിൽ പാർട്ടിയെ സജീവമാക്കാനും കെ സുധാകരൻ വേണമെന്നാണ് ഹൈക്കമാന്റ് നിലപാട്.
ന്യൂസ് ഡെസ്ക്