കൊച്ചി : മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ ഇടപെട്ട് ഹൈക്കോടതിയിൽ അഞ്ച് പേരുടെ കരാർ നിയമനം നടത്തിയെന്ന വാർത്ത ഹൈക്കോടതി നിഷേധിച്ചുവെന്ന് റിപ്പോർട്ട്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നൂറോളം അപേക്ഷകരിൽ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ശിവശങ്കർ നേരിട്ട് ഇടപെട്ട് നിയമനം നടത്തിയെന്നായിരുന്നു മനോരമ വാർത്ത നൽകിയിരുന്നു. ഈ പ്രക്രിയകളിൽ എം ശിവശങ്കറിന് യാതൊരു പങ്കുമില്ലെന്നും ഹൈക്കോടതി വൃത്തങ്ങൾ വ്യക്തമാക്കിയതായി 'ദി ഹിന്ദു' ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഹൈക്കോടതിയിൽ സ്ഥിരമായ ഒരു ഐടി കേഡർ ഉണ്ടായിരിക്കണമെന്നായിരുന്നു നിർദ്ദേശം. സർക്കാരും ഹൈക്കോടതിയും നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷം, 2018 മെയ് 9ന് അന്നത്തെ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ഐടി കേഡർക്ക് പകരമായി, അഞ്ച് ഐടി വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. ശിവശങ്കറിനു പുറമേ, അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ധനകാര്യ സെക്രട്ടറി ജി കമല വർധന റാവു, മുൻ പ്രിൻസിപ്പൽ സെക്രട്ടറി, ദേശീയ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) പ്രതിനിധി എന്നിവരുൾപ്പെടെ ഏതാനും ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തിരുന്നു.

ഐടി വിദഗ്ദ്ധർക്കുള്ള യോഗ്യത ഐടി സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാർ ജനറിലോട് വിശദീകരിച്ചിരുന്നു. ഇപ്രകാരം നിർദ്ദേശിച്ചിട്ടുള്ള യോഗ്യതകൾ ജഡ്ജിമാർ അംഗങ്ങളായിട്ടുള്ള ഹൈക്കോടതിയുടെ കമ്പ്യൂട്ടറൈസേഷൻ കമ്മിറ്റി അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് പ്രസ്തുത തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. നൂറോളം അപേക്ഷകരിൽ നിന്ന് അഞ്ചുപേരെ തിരഞ്ഞെടുക്കുകയായിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഈ പ്രക്രിയയിൽ ശിവശങ്കറിന് യാതൊരു പങ്കുമില്ലെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം.

നിയമനം സംബന്ധിച്ച് രഹസ്യാന്വേഷണം നടക്കുന്നുണ്ടെന്നും, വിവരചോർച്ച ഉണ്ടായോ എന്നതിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനൊരുങ്ങുന്നുവെന്നുമുള്ള മനോരമയുടെ കണ്ടെത്തലും ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ വിവിധ വകുപ്പുകളെക്കുറിച്ചുള്ള ഏത് അന്വേഷണവും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ സാധ്യമാകൂ. ഇതുവരെ ഒരു ഏജൻസിയും അന്വേഷണത്തിനായി കോടതിയെ സമീപിച്ചിട്ടില്ലെന്നും ഹൈക്കോടതി വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.

ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കേരള ഹൈക്കോടതിയിൽ നിയമിക്കപ്പെട്ട 'ഹൈ ലെവൽ ഐടി ടീമി'ന്റെ പ്രവർത്തനങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നു എന്നായിരുന്നു വിവാദ വാർത്ത. ഇവരെ നിയമിച്ച ശേഷം ഹൈക്കോടതിയിൽനിന്നു വിവരച്ചോർച്ച ഉണ്ടായിട്ടുണ്ടോ എന്നു കണ്ടെത്താൻ പ്രാഥമിക അന്വേഷണം നടത്താനാണു കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശം. മറ്റെല്ലാ ഹൈക്കോടതികളിലും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (എൻഐസി) മേൽനോട്ടത്തിലാണു കംപ്യൂട്ടർവൽക്കരണമെങ്കിൽ, ഇവിടെ 5 പേർക്ക് 60,000 രൂപ - ഒരു ലക്ഷം രൂപ ശമ്പളത്തിൽ കരാർ നിയമനം നൽകുകയായിരുന്നുവെന്നായിരുന്നു ആരോപണം.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്‌പേസ് പാർക്ക് നിയമനത്തിലെന്ന പോലെ ഇവിടെയും ശിവശങ്കർ ഇടപെട്ടതിന്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. യോഗ്യതാനിർണയം ഉൾപ്പെടെ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിൽ എൻഐസിയെ പൂർണമായി ഒഴിവാക്കാൻ ഇടപെട്ടതിന്റെ തെളിവുകളും കണ്ടെത്തി. മൂന്നംഗ ഇന്റർവ്യൂ ബോർഡിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥൻ, സർക്കാർ ഐടി പാർക്‌സ് സിഇഒ, ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്) ഡയറക്ടർ എന്നിവരാണുണ്ടായിരുന്നത്.

നിയമനത്തിനു മുന്നോടിയായി 2018 ഫെബ്രുവരി 22, മെയ്‌ 11 തീയതികളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ഐടി സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കറുമുണ്ടായിരുന്നു. 2019 ജനുവരി 14നാണ് 5 പേർക്കും നിയമനം നൽകിയത്. എൻഐസിയെ മാറ്റിനിർത്തിയുള്ള നിയമനം ആ മാസം തന്നെ ഇന്റലിജൻസ് ബ്യൂറോ (ഐബി) റിപ്പോർട്ട് ചെയ്തിരുന്നു. ഐടി വിഭാഗത്തിന്റെ നിർണായക സ്ഥാനങ്ങളിൽ ഇവർക്ക് ഇരിപ്പിടം ഒരുക്കാൻ 2019 മാർച്ച് 14നു ശിവശങ്കർ വീണ്ടും ഹൈക്കോടതി സന്ദർശിച്ചുവെന്നും മനോരമ വാർത്ത ആരോപിച്ചിരുന്നു.