- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറി: സർക്കാർ നടപടി ആശങ്കപ്പെടുത്തുന്നു; നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി; പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു; രേഖകളിൽ കൃത്രിമം കാണിച്ചെന്നും നിരീക്ഷണം
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച കോടതി നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നതാണെന്നും വ്യക്തമാക്കി.
മുട്ടിൽ മരം മുറിക്കേസിൽ പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. മരം മുറിക്കാൻ പ്രതികൾ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നും വില്ലേജ് ഓഫീസർ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്ന് കോടതി നിരീക്ഷിച്ചു.
മരം മുറിക്കുന്നത് സംബന്ധിച്ചുള്ള അനുവാദം നൽകികൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തിൽ സർക്കാരിനെയും റവന്യു വകുപ്പിനേയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യു വകുപ്പ് മന്ത്രിയുടെ കൂടി അറിവോടെയാണ് മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത്. സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരാനുള്ള അവകാശമുണ്ടല്ലോയെന്നും, എന്നാൽ നിലവിലുള്ള നിയമത്തെ മറികടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നുമാണ് കോടതി വിമർശിച്ചത്.
പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും കോടതി വിമർശിച്ചു. പതിനായിരം ക്യൂബിക് മീറ്റർ ഈട്ടിത്തടി നൽകാമെന്ന് പ്രതികൾ വിൽപനക്കാരുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇത്രയധികം ഈട്ടിത്തടികൾ പ്രതികൾ എങ്ങനെ സംഘടിപ്പിക്കുമെന്നും കോടതി ചോദിച്ചു. മുട്ടിൽ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ.
സർക്കാർ നടപടിയിൽ ആശ്ചര്യം പ്രകടിപ്പിച്ച കോടതി പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മറ്റൊരു വിഷയമായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും വാക്കാൽ പറഞ്ഞു. പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ പറഞ്ഞത് സർക്കാരാണ് മരംമുറി കേസിലെ കുറ്റക്കാരെന്നാണ്.
പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും, റിസർവ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കൂടാതെ വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു
മുട്ടിൽ മരംമുറി നടന്ന സ്ഥലത്തെ മരങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. പട്ടയം കോടതി വിശദമായി പരിശോധിച്ചു. രേഖകൾ പ്രകാരം പട്ടയം അനുവദിച്ചപ്പോൾ അതിൽ വ്യക്തമാക്കിയിരുന്നതാണ് ഈട്ടി മരങ്ങൾ സർക്കാരിന്റേതാണെന്ന്. ഇത് മുറിക്കാനാണ് നിലവിലെ നിയമം മറികടന്ന് സർക്കാർ ഉത്തരവിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ