- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി; പ്രത്യേക അനുമതി ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യനില പരിഗണിച്ച്; ഈ ഗർഭഛിദ്രത്തിനു ദൈവം ദമ്പതികളോടു പൊറുക്കട്ടെ, അവർ ആഗ്രഹിക്കുന്നതുപോലെ ഒരു കുഞ്ഞിനെ അവർക്കു നൽകട്ടെ'യെന്നും കോടതി
കൊച്ചി : ഗർഭസ്ഥ ശിശുവിനു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു പാലക്കാട് സ്വദേശിനിയുടെ 30 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. 'ഈ ഗർഭഛിദ്രത്തിനു ദൈവം ദമ്പതികളോടു പൊറുക്കട്ടെ, അവർ ആഗ്രഹിക്കുന്നതുപോലെ ഒരു കുഞ്ഞിനെ അവർക്കു നൽകട്ടെ' എന്ന ആശംസയോടെയാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ അനുമതി നൽകിയത്.
വിവാഹത്തിനു ശേഷം ചികിത്സയെത്തുടർന്നാണ് 26 വയസ്സുകാരി ഗർഭിണിയായത്. 21 ആഴ്ച പൂർത്തിയായപ്പോൾ സ്‌കാനിങ്ങിൽ പ്രശ്‌നമൊന്നും കണ്ടിരുന്നില്ല. എന്നാൽ 29ാം ആഴ്ചയിൽ നടത്തിയ സ്‌കാനിങ്ങിൽ ഗർഭസ്ഥ ശിശുവിന്റെ തലയോട്ടിക്കുള്ളിൽ രക്തസ്രാവം ഉൾപ്പെടെയുള്ള ഗുരുതരപ്രശ്‌നങ്ങൾ കണ്ടെത്തി. തുടർന്നാണു ഗർഭഛിദ്രത്തിന് അനുമതി തേടി ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. മെഡിക്കൽ ബോർഡ് രൂപീകരിക്കാനും പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി.
ജനിക്കുന്ന കുഞ്ഞിനു സെറിബ്രൽ പാൾസി പോലെയുള്ള ഗുരുതര രോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഗർഭാവസ്ഥ തുടരുന്നതു ഹർജിക്കാരിക്കു ഗുരുതരമായ ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നും ജീവനുതന്നെ ഭീഷണിയുണ്ടാക്കുമെന്നും ബോർഡ് റിപ്പോർട്ട് നൽകി.
നിലവിലെ നിയമമനുസരിച്ച് 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനാണ് അനുമതിയുള്ളത്. ഗർഭപാത്രത്തിൽ ജീവനുള്ള ഒരു കുഞ്ഞിനെ ഇല്ലാതാക്കാൻ ഈ കോടതിക്ക് അനുമതി നൽകാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു. എന്നാൽ ചില സാഹചര്യങ്ങളിൽ, നിയമം അനുവദിക്കുന്നുണ്ട്. ദൈവം സ്രഷ്ടാവും സംഹാരകനുമാണെന്നും അതിനാൽ പ്രാർത്ഥനയോടെ കോടതി നിയമാധികാരം പ്രയോഗിക്കുകയാണെന്നും വിധിന്യായത്തിൽ പറയുന്നു.