കൊച്ചി: ശബരിമല വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും തുടർവിമർശനങ്ങൾ ഏറ്റുവാങ്ങുന്ന സംസ്ഥാന സർക്കാറിനേറ്റ മറ്റൊരു പ്രഹരമാണ് ഇപ്പോഴത്തെ ഹൈക്കോടതി വിമർശനം. നിരോധനാജ്ഞ പ്രഖ്യപിച്ച ശേഷം പൊലീസ് സന്നിധാനത്തും നിലയ്ക്കലും പമ്പയിലും ക്രമസമാധാനപാലനവുമായി മുന്നോട്ടു പോകുമ്പോഴാണ് ഹൈക്കോടതി വിമർശനങ്ങൾ തലവേദനയാകുന്നത്. പൊലീസ് നടപടികളുടെ ഭാഗമായി ഹൈക്കോടതി ജഡ്ജിയെയും അന്വേഷണ ഉദ്യോഗസ്ഥന് തടയേണ്ട അവസ്ഥ വന്നു. എസ്‌പി യതീഷ് ചന്ദ്രയാണ് ഈ നടപടിക്ക് പിന്നിലെന്ന വാർത്ത മറുനാടൻ പുറത്തുവിട്ടിരുന്നു. ഹൈക്കോടതി ജഡ്ജിയെ തടഞ്ഞ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയിൽ നിന്നും വിമർശനം കേൾക്കേണ്ടി വന്നത്.

കടുത്ത വിമർശനമാണ് കോടതിയിൽ നിന്നും പൊലീസ് കേൾക്കേണ്ടി വന്നത്. ഒരു പൊലീസുകാരനെയും പൂർണമായി കയറു ഊരി വിടരുത് എന്ന് കോടതി എജിയോട് നിർദ്ദേശിച്ചു. ശബരിമലയിൽ ചില ഐപിഎസ് ഓഫീസർമാർ പൊലീസിന് ചീത്തപ്പേര് ഉണ്ടാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ വരെ അപമാനിക്കുക ഉണ്ടായിയെന്ന് കോടതി ചൂണ്ടിക്കാണിച്ചതു തന്നെ പൊലീസ് നടജപടിയിൽ കോടതിക്ക് അതൃപ്തിയുണ്ടെന്ന കാര്യം വ്യക്തമാക്കുന്നതായി. വളരെ മോശം അനുഭവം ഉണ്ടായിട്ടും കോടതി അയാളുടെ പേര് പറയാത്തത് അയാളുടെ ഭാവി നശിപ്പിക്കേണ്ട എന്ന് കരുതിയാണെന്നും കോടതി വ്യക്തമാക്കി.

യതീഷ് ചന്ദ്രയാണ് പൊലീസ് ഉദ്യോഗസ്ഥൻ എങ്കിലും അദ്ദേഹത്തിന്റെ പേരു പറയാതെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസിന് ഈ കാര്യങ്ങൾ അറിയാമെന്നും കോടതി വിശദമാക്കി. സ്വമേധയാ കേസ് എടുക്കാൻ തുടങ്ങിയ ചീഫ് ജ്സ്റ്റിസിനോട് ജഡ്ജ് വേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് കേസ് എടുക്കാതെ ഇരുന്നതെന്നും കോടതി വ്യക്തമാക്കി. യതീഷ് ചന്ദ്രയെ വിമർശിച്ചതിലൂടെ ഒരുകാര്യം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നടപടികളിലുള്ള അതൃപ്തിയാണത്.

സർക്കാറിനും സൈബർ അണികൾക്കും ഇടയിലെ ഹീറോയായ യതീഷ് ചന്ദ്ര നേരത്തെ തന്നെ മാറിയിരുന്നു. ഈ ഉദ്യോഗസ്ഥനാണ് ഇപ്പോൾ തിരിച്ചടി നേടിയിരിക്കുന്നത്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞതോടെയണ് യതീഷ് സഖാക്കളുടെ ഹീറോയായി മാറുന്നത്. യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിലെ താരമായി. രാഷ്ട്രീയം നോക്കാതെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന വാഴ്‌ത്തപ്പെട്ടു. എന്നാൽ നിലയ്ക്കലിലെ ഇടപെടൽ യതീഷ് ചന്ദ്രയ്ക്ക് നൽകിയത് കഷ്ടകാലമായിരുന്നു.

ഹൈക്കോടതി ജഡ്ജിയെ തടഞ്ഞതിനാലാണ് യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് പെട്ടന്ന് നീക്കിയതെന്നാണ് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ട് ദിവസം മുമ്പ് സന്നിധാനത്ത് യതീഷ് ചന്ദ്ര എത്തിയത് അവിടെയുള്ള ജഡ്ജിയോട് മാപ്പ് പറയാനായിരുന്നുവെന്നാണ് സൂചന. യതീഷ് ചന്ദ്ര ശബരിമലയിൽ എത്തിയപ്പോൾ അവിടെ ഹൈക്കോടതി ജഡ്ജിയുണ്ടായിരുന്നുവെന്നും വ്യക്തമായിരുന്നു.

ശബരിമലയിലേക്ക് പോയ ഒരു ജഡ്ജിയെ നിലയ്ക്കൽ വച്ചാണ് യതീഷ് തടഞ്ഞത്. ജഡ്ജിയുടെ കാർ തടഞ്ഞ ഇയാൾ ജഡ്ജിയെ വിളിച്ചു പുറത്തിറക്കി, അദ്ദേഹവുമായി തർക്കിച്ചു. കാറിൽ ആരൊക്കെയുണ്ടെന്ന് പരിശോധിച്ചു. പിന്നീട് യതീഷ് ചന്ദ്രയെ ജഡ്ജി സന്നിധാനത്ത് വിളിച്ചുവരുത്തി. ഇദ്ദേഹം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. ഹരിവരാസനം കേൾക്കാനാണ് താൻ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് ഇതിന് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നൽകിയ വിശദീകരണം. ഇതും യതീഷ് ചന്ദ്രയെ വെട്ടിലാക്കി. ജഡ്ജിയുടെ അനിഷ്ടം കൂടിയെന്ന് മനസ്സിലായതോടെ സർക്കാരിന് യതീഷിനെ കൈവിടേണ്ടി വന്നു. ഇതാണ് യതീഷിനെ മാറ്റാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഈ വിവരങ്ങളെല്ലാം ജഡ്ജി ദേവസ്വം ബെഞ്ചിനെ അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടെന്ന് ജഡ്ജി തന്നെ നിർദ്ദേശിച്ചതുകൊണ്ടാണ് കോടതി നടപടി വേണ്ടെന്നും കേസെടുക്കാതിരിക്കുകയും ചെയ്തത്. ഇതിനിടെ ഹൈക്കോടതിയിൽ നിന്നും നിരന്തരം വിമർശനങ്ങൾ ഉയർന്നതോടെ സൂപ്രീംകോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതും വിമർശനത്തിന് ആക്കം കൂട്ടി. ഹൈക്കോടതി ദേവസ്വം ബെഞ്ചിൽ നിന്നുമാണ് സർക്കാറിന് ഇപ്പോൾ കടുത്ത വിമർശനം ഉണ്ടായത്. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ തടഞ്ഞ്, അപമാനിച്ച യതീഷ് ചന്ദ്രക്കെതിരെ മന്ത്രിയും ബിജെപിയും കേന്ദ്രത്തിന് പരാതി നൽകിയിരുന്നു.

അതേസമയം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരിക്കാനില്ല. പരാതിയിൽ അന്വേഷണം വരട്ടെ, അപ്പോൾ നോക്കാം. ഇവിടെ ഇപ്പോൾ ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു യതീഷിന്റെ നിലപാട്. ഹൈക്കോടതി ജഡ്ജിയെ തടഞ്ഞെന്ന ആക്ഷേപത്തിലും യതീഷിന്റെ പറഞ്ഞത് അങ്ങനെ ഒരു സംഭവമില്ലെന്നായിരുന്നു. എന്തായാലും ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ യതീഷിനെ കടുത്ത പ്രതിരോധത്തിൽ ആക്കുന്നുണ്ട്.