ചണ്ഡിഗഡ്: ദേര സച്ചാ സൗദയുടെ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിനെതിരെയുള്ള കോടതിവിധിയെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിമർശനം ഉന്നയിച്ചു 'അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടേതല്ല' കോടതി പറഞ്ഞു.

കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ സത്യപാൽ ജെയ്‌ന്റെ വാദത്തിനിടെയാണ് കോടതിയുടെ പരാമർശം. കലാപം സംസ്ഥാനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന വാദം ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി. 'ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേ? എന്തു കൊണ്ടാണ് പഞ്ചാബിനും ഹരിയാനയ്ക്കും നേരെ മാത്രം ചിറ്റമ്മനയം നടപ്പാക്കുന്നത്?' കോടതി ചോദിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി കത്തിച്ചാമ്പലാക്കാൻ പാഞ്ച്കുല പോലൊരു നഗരത്തെ നിങ്ങൾ വിട്ടു കൊടുത്തുവെന്നായിരുന്നു സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം.'സ്ഥിതിഗതികൽ നിങ്ങൾ സങ്കീർണ്ണമാക്കി. നിങ്ങൾ ഈ സന്ദർഭത്തിൽ കീഴ്പ്പെട്ടു നിന്നു. അടിയന്തരാവസ്ഥ പരിഗണിക്കാതെ ഒന്നര ലക്ഷത്തോളം വരുന്ന ഗുർമീത് റാം റഹിം സിങ് അനുയായികൾ പാഞ്ച്കുലയിൽ തമ്പടിച്ചപ്പോൾ സർക്കാർ ഫലത്തിൽ നോക്കു കുത്തിയായിരുന്നു. ഈ അവസ്ഥയെ പ്രതിരോധിക്കാൻ സർക്കാർ യാതൊരു മുൻകരുതലുകളുമെടുത്തിരുന്നില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതു തന്നെ കലാപം പൊട്ടിപുറപ്പെട്ട ശേഷമാണ്', ഹൈക്കോടതി ആഞ്ഞടിച്ചു. ഹൈക്കോടതി വിധി കേൽക്കാൻ ദേറാ ആസ്ഥാനത്ത് നിന്ന് പാഞ്ച്കുലയിലേക്ക് പ്രവേശിക്കുമ്പോൾ റാം രഹിം സിങ്ങിന് എത്ര അകമ്പടി വാഹനങ്ങളാണുണ്ടായിരുന്നതെന്നും കോടതി ആരാഞ്ഞു.

കാര്യങ്ങൾ കൈവിട്ടുപോയതോടെ ദേര സച്ചാ സൗദയുടെ അനുയായികൾ ഒത്തുകൂടുന്ന കേന്ദ്രങ്ങളിലെല്ലാം സർക്കാർ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. കലാപസാധ്യത അടിച്ചമർത്താനുള്ള സകല ഒരുക്കങ്ങളും നടത്തുന്നുണ്ടെന്നാണു സർക്കാരിന്റെ നിലപാട്. ആൾക്കൂട്ടത്തെ തടയുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയതായി വെള്ളിയാഴ്ച രാത്രി തന്നെ ഖട്ടർ സമ്മതിച്ചിരുന്നു.സംഭവത്തെ മുഖ്യമന്ത്രി എംഎൽ ഖട്ടാർ അപലപിച്ചെങ്കിലും അനുയായികൾക്കിടയിലേക്ക് കടന്നു കൂടിയ കുറ്റവാളികളാണ് അക്രമങ്ങൾ അഴിച്ചു വിട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പിന്നീടത്തെ നിലപാട്.അതേസമയം സംസ്ഥാനത്തിനും പൊതു സ്വത്തിനും ഉണ്ടായ വൻ നാശനഷ്ടത്തിന്റെ എല്ലാ ചിലവുകളും ദേരാ സച്ചാ സൗധ സംഘടനയിൽ നിന്ന് പിടിച്ചെടുക്കണമെന്നും കോടതി വിധിച്ചു.