- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സയ്ക്കായി ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിങ് സർക്കാർ നിരീക്ഷിക്കണം; ചാരിറ്റി യൂട്ഊബർമാർ പണം നിക്ഷേപിക്കാൻ സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണ്? പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം; നിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: ചികിത്സയുടെയും മറ്റും പേരിൽ എത്തുന്ന ക്രൗഡ് ഫണ്ടിങ് സംവിധാനത്തിൽ വിമർശനം ഉന്നയിച്ചു ഹൈക്കോടതി. ക്രൗഡ് ഫണ്ടിങ് സർക്കാർ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ആർക്കും പണം പിരിക്കാം എന്ന അവസ്ഥ പാടില്ല. ഇതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്രൗഡ് ഫണ്ടിങ്ങിനായി അഭ്യർത്ഥിക്കുന്ന ചാരിറ്റി യൂട്ഊബർമാർ പണം നിക്ഷേപിക്കാൻ സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് ഇതിൽ ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അപൂർവ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിക്ക് സർക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കപ്പെടണം. ആർക്കും പണം പിരിക്കാവുന്ന അവസ്ഥ പാടില്ല. ഇതിൽ സർക്കാരിന്റെ നിയന്ത്രണം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ക്രൗഡ് ഫണ്ടിങ്ങിന് പണം നൽകുന്നവർ കബളിപ്പിക്കപ്പെടാൻ പാടില്ല. അതിനാൽ സർ്ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം. ചില ചാരിറ്റി യൂട്ഊബർമാർ ക്രൗഡിങ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാൾ കൂടുതൽ ലഭിച്ചാൽ എന്തു ചെയ്യണമെന്നതിനെ കുറിച്ച് തർക്കങ്ങൾ ഉണ്ടായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സർക്കാരിന്റെ മേൽനോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
സത്യസന്ധമായ സോഴ്സിൽ നിന്ന് അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാനും പാടില്ല. സർക്കാരിന് ഇക്കാര്യത്തിൽ സമഗ്രമായ നയം വേണം. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചാരിറ്റിയുടെ പേരിൽ, പ്രത്യേകിച്ച് കേരളത്തിൽ ഈയടുത്ത് ഏറെ ചർച്ചയായ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അസുഖം ബാധിച്ച കുട്ടികൾക്ക് സഹായം നൽകുന്ന കാര്യത്തിൽ പല തട്ടിപ്പുകളും നടക്കുന്നതായി വിവരങ്ങൽ പുറത്തുവന്നിരുന്നു.
എസ്എംഎ രോഗം ബാധിച്ച കണ്ണൂരിലെ മുഹമ്മദിന്റെ ചികിത്സക്കായി ദിവസങ്ങൾ കൊണ്ട് 18 കോടിരൂപ സുമനസ്സുകൾ നൽകിയ വാർത്ത ആരും മറന്നിട്ടുണ്ടാകില്ല. ഇതിന്റെ ചുവടു പിടിച്ച് ഇപ്പോൾ തട്ടിപ്പുകാരും രംഗത്തെത്തിയിരിക്കുന്നത്. രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് വ്യാജ അക്കൗണ്ട് വഴിയാണ് പണം തട്ടിയെടുക്കുന്നത്. ചില കുഞ്ഞുങ്ങളുടെ ചിത്രം ഉപയോഗിച്ച് പണപ്പിരിവുകളും സജീവമായി നടക്കുന്നുണ്ട്. ഇത് അർഹതപ്പെട്ടവരിലേക്ക് പണം എത്താത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്.
അശരണരെ സഹായിക്കാനുള്ള മലയാളിയുടെ മനസ്സ് ഇത്തരത്തിൽ ചൂഷണം ചെയ്യാൻ നിരവധി പേർ രംഗത്തെത്തിയതായാണ് വിവരം. സഹായിക്കാൻ ആഗ്രഹിക്കുന്നവർ കൃത്യമായി വിവരങ്ങൾ അന്വേഷിച്ച ശേഷം പണം അയക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ഇതിനിടെയാണ് ഹൈക്കോടതി ഇടപെടലും ഉണ്ടായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ