- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; എഴു ദിവസത്തിനകം പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശം; കാർഡ് അനധികൃതമായി തുറന്നോ എന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോ എന്ന് അന്വേഷിക്കാമെന്നും കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഉത്തരവാണ് ഇത്.
ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. ഈ കേസിലെ പ്രധാനപ്പെട്ട തെളിവുകളിലൊന്നായ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. അതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണിപ്പോൾ ക്രൈം ബ്രാഞ്ചിന് അനുകൂലമായി വിധി വന്നത്.
ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നൽകിയിരിക്കുന്ന സമയം. അതുകൊണ്ടുതന്നെ ആ സമയപരിധിക്കകം മെമ്മറി കാർഡിന്റെ ശാസ്ത്രീയ പരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കേസിൽ കക്ഷി ചേർന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നായിരുന്നു ദിലീപിന്റെ വാദം. എഫ് എസ് എൽ റിപോർട്ടുകൾ നിലവിൽ അന്വോഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നു ദിലീപിന്റെ നിലപാട്. എന്നാൽ മൂന്ന് ദിവസം മതി മെമ്മറി കാർഡ് പരിശോധിക്കാനെന്നാണ് പ്രോസികൂഷൻ അറിയിച്ചത്.എന്നാൽ ഏഴു ദിവസം അനുവദിച്ച് ക്രൈംബ്രാഞ്ചിന് കൂടുതൽ ആശ്വാസമായിരിക്കുകയാണ്.
നടിയെ അക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മെമ്മറി കാർഡ് പരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിലാണ് ഹൈക്കോടതി ചോദ്യം ഉന്നയിച്ചത്. കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തിൽ വിദഗ്ധരല്ല. വിദഗ്ദ്ധർക്ക് മാത്രമേ ഇത് മനസിലാക്കാൻ കഴിയുവെന്നും ഹൈക്കോടതി പറഞ്ഞു.അതിനാൽ തന്നെയാണ് അത് പരിശോധിക്കാൻ അനുമതി നൽകിയിരിക്കുന്നത്.മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നും ഫൊറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്നായിരുന്നു ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.