- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ കാമുകനെ കുടുക്കാൻ കള്ളപ്പരാതി; സംശയം ഉയർന്നതോടെ പോക്‌സോ കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി; മൊബൈൽ ഫോൺ സംഭാഷണത്തെ കുറിച്ച് അന്വേഷണം
കൊച്ചി: ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടെത്തിയ പോക്‌സോ കേസ് വ്യാജമെന്നു സംശയം ഉയർന്നതോടെ നിർണായക ഇടപെടലുമായി ഹൈക്കോടതി. വിവാഹ മോചന കേസ് നിലനിൽക്കെ ഭാര്യയുടെ കാമുകനെ കുടുക്കാൻ ഏഴു വയസ്സുകാരനായ മകനെക്കൊണ്ട് ഭർത്താവ് കള്ളപ്പരാതി കൊടുപ്പിച്ചതാണെന്നു സംശയം ഉയർന്നതോടെയാണ് കോടതിയുടെ ഇടപെടൽ. ഭാര്യയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.
എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലാണ് കോടതിയുടെ നടപടി. യുവതിയുമായി ഭർത്താവ് നടത്തി മൊബൈൽ ഫോൺ സംഭാഷണത്തെ കുറിച്ച് അന്വേഷിക്കാനനാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് പി.ഗോപിനാഥാണ് അന്വേഷണ ഉദ്യോഗസ്ഥനു നിർദ്ദേശം നൽകിയത്.
ഏഴുവയസ്സുകാരന്റെ മാതാപിതാക്കൾ തമ്മിൽ വിവാഹ മോചനക്കേസ് നിലനിൽക്കുന്നുണ്ട്. ഇതു സംയുക്ത അപേക്ഷയാണെങ്കിലും കുട്ടികളെ കൂടെ നിർത്തുന്നതു സംബന്ധിച്ച തർക്കം പോക്‌സോ കേസിൽ എത്തിയെന്നാണ് വാദം. ഭാര്യയും കാമുകനും താമസിച്ചിരുന്ന വീട്ടിൽവച്ചു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. കാര്യമായ അന്വേഷണമില്ലാതെ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി.
പരാതി നൽകുന്നതിനു മുൻപു ഭാര്യയുമായി ഇയാൾ നടത്തിയ ഫോൺ സംഭാഷണമാണ് കോടതിയിൽ ഹാജരാക്കിയത്. 'ഞാൻ വലിയ വക്കീലിനെ വയ്ക്കും, നിന്നെയും അവനെയും പോക്‌സോ കേസിൽ കുടുക്കും, അവനെ ഞാൻ വെറുതെ വിടും എന്നു വിചാരിക്കേണ്ട, അവന്റെ അന്ത്യം ഞാൻ കുറിക്കും നിനക്ക് കുട്ടികളുടെ കസ്റ്റഡി കിട്ടാൻ പോകുന്നില്ല, വേറെ വലിയ ക്രിമിനൽ വക്കീലിനെ പിടിക്കും. എട്ടിന്റെ പണി തരും' എന്നിങ്ങനെ ഭീഷണിപ്പെടുത്തുന്നതാണ് സംഭാഷണത്തിലുള്ളത്.
ഫോൺ വിളികൾ ഭാര്യ റെക്കോർഡ് ചെയ്തു സൂക്ഷിച്ചു കോടതിയിൽ ഹാജരാക്കി. ഇതോടെ ഫോൺ വിളികൾ പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
പ്രതിക്കു വേണ്ടി അഭിഭാഷക വിമല ബിനുവാണ് ഹാജരായത്. വിവാഹമോചന കേസുകളിൽ കുട്ടിയെ വിട്ടു കൊടുക്കാതിരിക്കാനുള്ള പ്രധാന ആയുധമായി പോക്‌സോ കേസുകൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്. കേസിലുള്ള കോടതിയുടെ ഇടപെടൽ നിർണായകമാണെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ