കൊച്ചി: ക്രിമിനൽ കേസിൽ സുപ്രീംകോടതി വരെ ശിക്ഷിച്ചിട്ടും ഒരു ദിവസം പോലും ജയിലറ കാണിക്കാതെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂട്ടരും സംരക്ഷിച്ച കോൺഗ്രസുകാരൻ ജയിലിലേക്ക് തന്നെ പോകേണ്ടി വന്നേക്കും. കോൺഗ്രസ് പ്രവർത്തകനും വ്യവസായിയുമായ തിരുവനന്തപുരം ജില്ലയിലെ മാലയം ചെറുവിള ഡേവിഡ് ലാലി ശിക്ഷാ നടപടി റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി രംഗത്തെത്തിയതോടെയാണ് അന്യായമായി നീതി ലഭിച്ച പ്രതി കുഴപ്പത്തിലായത്. കീഴിക്കോടതി മുതൽ വിവിധ കോടതികൾ ശരിവച്ച ശിക്ഷാ നടപടിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നേരിട്ട് ഇടപെട്ട് ഇളവു ചെയ്തു കൊടുത്തത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കും മുൻ മന്ത്രി കെ ബാലകൃഷ്ണ പിള്ളയ്ക്കും പോലും ലഭിക്കാതിരുന്ന ഈ ഇളവ് കോൺഗ്രസിന്റെ അടുപ്പക്കാരന് ലഭിച്ചതിനെ സംബന്ധിച്ച് മറുനാടൻ മലയാളിയാണ് നേരത്തെ റിപ്പോർട്ട് ചെയ്തത്. ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിൽ വഴി കോടികളുടെ വെട്ടിപ്പ് നടത്തിയ കമ്പനിയുടെ ഉടമ കൂടിയാണ് ഡേവിഡ്. ഇങ്ങനെയുള്ള ആൾക്ക് വേണ്ടി ഭരണകൂടും വഴിവിട്ട് പ്രവർത്തിച്ചതായിരുന്നു മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തത്. മറുനാടൻ റിപ്പോർട്ട് സഹിതം പത്തനംതിട്ടയിലെ അഭിഭാഷകനായ കെ. രാജീവ്പിള്ള സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി സർക്കാറിനെ വിമർശിച്ചു.

സുപ്രീംകോടതി വരെയുള്ള വിവിധ കോടതികൾ ശിക്ഷിച്ച പ്രതിയുടെ തടവുശിക്ഷ ഒഴിവാക്കിയ നടപടി നിരുത്തരവാദപരമാണെന്നു വിലയിരുത്തിയ കോടതി സർക്കാറിൽ നിന്നും വിശദീകരണം തേടി. ജസ്റ്റിസ് പി. ഉബൈദ് സർക്കാരിന്റെ വിശദീകരണം തേടിയത്. പ്രതിക്കു ശിക്ഷാ ഇളവ് അനുവദിക്കാനുണ്ടായ സവിശേഷ സാഹചര്യമെന്തെന്നു വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡേവിഡ് ലാലി ശിക്ഷാ ഇളവിന് അർഹനല്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തൽ മറികടന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ട് ഇയാളെ ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.

ശിക്ഷായിളവ് അനുവദിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വന്തം കൈപ്പടയിൽ എഴുതിയ രേഖയും ഹർജിക്കാരൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഈ രേഖ മറുനാടൻ മലയാളിയും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 1987ൽ തിരുവനന്തപുരത്തെ മലയിൻകീഴിൽ നടന്ന സംഭവമാണ് കേസിന് ആധാരമായത്. മലയംകീഴ് പൊലീസ് സ്‌റ്റേഷനിലാണ് ഡേവിഡ് ലാലി ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തത്. പിഴവൂർ സ്വദേശിയായ യോഹന്നാൻ ജോർജ്കുട്ടിയെ സോഡാക്കുപ്പികൊണ്ട് മുഖത്തടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയാരുന്നു. ഈ കേസിൽ 1990ൽ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി രണ്ടു വർഷം കഠിനതടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു.

വിധിക്കെതിരെ ഡേവിഡ് ലാലി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചുവെങ്കിലും അപ്പീൽ തള്ളി. 1994ൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. പിന്നീട് 17 വർഷം ഒളിവിൽ കഴിഞ്ഞതിനുശേഷം സുപ്രീംകോടതിയെ സമീപിച്ചു. 2012 ൽ സുപ്രീംകോടതി ഇയാളുടെ പ്രത്യേക അനുമതി ഹർജിയും തള്ളി. ഒരുഘട്ടത്തിലും കോടതിയിൽ കീഴടങ്ങാൻ പ്രതി തയാറായിട്ടില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവനത്തിനിടെ വിലയിരുത്തിയിരുന്നു. ഇക്കാലമത്രയും കൺമുമ്പിലുണ്ടായിരുന്ന പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസും തയ്യാറായില്ല. പിടികിട്ടാപുള്ളിയായി കഴിഞ്ഞ ഡേവിഡ് ലാലി ശിക്ഷിയിൽ നിന്നും ഒഴിവാക്കാൻ രാഷ്ട്രീയ സുഹൃത്തുക്കളുടെ ഒത്താശയോടെ കുറുക്കുവഴി തേടുകയായിരുന്നു.

രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടുനീങ്ങി. സിആർപിസി. 433ഡി ചട്ടപ്രകാരം ശിക്ഷകൾ റദ്ദാക്കാനുള്ള സർക്കാരിന്റെ അധികാരം ഉപയോഗിച്ചായിരുന്നു നീക്കങ്ങൾ. എന്നാൽ, തീർത്തും ഒഴിവാക്കാനാവാത്ത കേസുകളിൽ നിയമപരമായി പരിശോധിച്ചു മാത്രമേ ഈ ചട്ടം വിനിയോഗിക്കാവൂ എന്ന് വ്യവസ്ഥയുണ്ട്. ശിക്ഷ റദ്ദാക്കാൻ ഡേവിഡ് ലാലി ചൂണ്ടിക്കാട്ടിയ കാരണം ആരോഗ്യപ്രശ്‌നമാണ്. ഇതു പരിശോധിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ ഇളവ് അനുവദിക്കരുതെന്ന് ് കാര്യകാരണ സഹിതം ഫയലിൽ കുറിച്ചു. 26 വർഷത്തിനിടെ ഒരു ദിവസം പോലും പ്രതി ജയിലിൽ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി അപ്പീൽ തള്ളിയിട്ടും കീഴടങ്ങാൻ തയ്യാറാവാത്ത ഇയാളുടെ ശിക്ഷ റദ്ദാക്കുന്നത് നീതിന്യായ സംവിധാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ നിവേദിത പി ഹരൻ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകി.

ഇതേത്തുടർന്ന് ഫയൽ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടെങ്കിലും രാഷ്ട്രീയസമ്മർദ്ദം വളരെ ശക്തമായിരുന്നു. ശിക്ഷ റദ്ദാക്കാമെന്നും ഒരു ലക്ഷം രൂപ പിഴ മതിയാകുമെന്നും തീരുമാനമായി. ഇത് മുഖ്യമന്ത്രി സ്വന്തം കൈപ്പടയിൽ ഫയലിൽ കുറിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അംഗീകരിച്ചതോടെ ഒരു ദിവസം പോലും ജയിലിൽ കഴിയാതെ ഡേവിഡ് ലാലി രക്ഷപ്പെട്ടു. ഗുരുതരരോഗം ബാധിച്ച് എഴുന്നേൽക്കാൻ പോലുമാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്ക് ലഭിക്കാത്ത ആനുകൂല്യമാണ് രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ മാത്രം അനുവദിക്കപ്പെട്ടത്.

ഇങ്ങനെ പ്രതിക്ക് ശിക്ഷായിളവു നൽകുന്നതിനുണ്ടായ സവിശേഷ സാഹചര്യമെന്തെന്ന് വിശദീകരിക്കാനാണ് കോടതി സർക്കാരിനോ്ട ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ ഇക്കാര്യം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും സർക്കാർ നടപടി നിരുത്തരവാദപരമെന്നും വിലയിരുത്തിയ കോടതി പ്രതിക്ക് നോട്ടീസ് അയക്കാനും നിർദേശിച്ചു. ഈ മാസം 30നു മുമ്പു വിശദീകരണം നൽകാനാണു കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ കെ.ജി. മുരളീധരൻ, കെ. ഷാജ് എന്നിവർ ഹാജരായി.

അതേസമയം ചെറിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട് മുതിർന്നവർ ജയിലിൽ കഴിയുന്ന വേളിൽ തന്നെയാണ് ഡേവിഡ് ലാലിയെന്ന കോൺഗ്രസുകാരനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയത്. വിഡി സതീശൻ എംഎൽഎയുടെ പ്രത്യേക താൽപ്പര്യമാണ് ലാലിയെസംരക്ഷിക്കാൻ സർക്കാർ രംഗത്തെത്തിയതെന്ന ആരോപണമാണ് ഉയർന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനിയുടെ സിഎംഡിയാണ് ഡേവിഡ് ലാലി. ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസിറ്റിവലിന്റെ ആറാമത് സീസണിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്ന കമ്പനിയാണ് ഡേവിഡ് ലാലിയുടെ ഷാരോൺ. അഴിമതി ആരോപണങ്ങളെ തുടർന്ന് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാം സീസണിൽ നിന്നും ഷാരോണിനെ മാറ്റി നിർത്തിയിരുന്നു. എന്നാൽ വെട്ടിപ്പുകഥകൾ എല്ലാം മറന്ന് ഇത്തവണ ഫെസ്റ്റിവലിൽ കമ്പനിയെയും ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഡേവിഡ് ലാലിയെ പൂർണ്ണമായും മോചിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും.

ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ വിജയികൾക്ക് നൽക്കുന്ന സമ്മാനങ്ങൾ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ആവണമെന്നിരിക്കേ ചൈനിസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ ഉയർന്നത്. ആറാം സീസണിലെ ഓഡിറ്റിംഗിൽ ഡേവിഡ് ലാലിയുടെ കമ്പനി പ്രതിക്കൂട്ടിലായിരുന്നു. എന്നാൽ ഇതെല്ലാം മറന്നും ഇവരെ തന്നെ എട്ടാം സീസണിന്റെ കൂപ്പൺ വിതരണത്തിനായി സർക്കാർ ഏൽപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മന്ത്രി അനിൽ കുമാറിനെതിരെയും ആരോപണമുണ്ട്.

നേരത്തെ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്ന കാര്യത്തിൽ സഹായത്തിന് പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് ശുപാർശ ചെയ്തത് വി ഡി സതീശൻ എംഎൽഎ ആണെന്ന ആരോപണം ഉയർന്നിരുന്നു.