- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവൻ പന്താടുന്ന മത്സരയോട്ടം ഇനി നടക്കില്ല; അമിത വേഗതയ്ക്ക് ജീവനക്കാർക്ക് മുഴുവൻ ശിക്ഷ; റോഡിന്റെ സ്വഭാവമനുസരിച്ച് വേഗത ക്രമീകരിക്കണം; ക്രിമിനലുകളെ ജോലിക്കാർ ആക്കരുത്; സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ ശുപാർശകൾ
കൊച്ചി: അമിതവേഗത്തിന് കടിഞ്ഞാൺ വരുന്നു. സ്വകാര്യ ബസുകൾ ഇനിമുതൽ അമിതവേഗത്തിൽ പാഞ്ഞാൽ ഡ്രൈവറെ മാത്രം ശിക്ഷിക്കുന്ന പണി നിർത്തി. ബസ്സിലുള്ള മുഴുവൻ ജീവനക്കാരെയും ശിക്ഷിക്കാനുള്ള നിർദേശമാണ് ഹൈക്കോടതി നിയോഗിച്ച സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. കൊച്ചി നഗരത്തിലെ സ്വകാര്യബസുകളുടെ മത്സരയോട്ടം നിരവിധി ജീവനുകൾ അപ
കൊച്ചി: അമിതവേഗത്തിന് കടിഞ്ഞാൺ വരുന്നു. സ്വകാര്യ ബസുകൾ ഇനിമുതൽ അമിതവേഗത്തിൽ പാഞ്ഞാൽ ഡ്രൈവറെ മാത്രം ശിക്ഷിക്കുന്ന പണി നിർത്തി. ബസ്സിലുള്ള മുഴുവൻ ജീവനക്കാരെയും ശിക്ഷിക്കാനുള്ള നിർദേശമാണ് ഹൈക്കോടതി നിയോഗിച്ച സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. കൊച്ചി നഗരത്തിലെ സ്വകാര്യബസുകളുടെ മത്സരയോട്ടം നിരവിധി ജീവനുകൾ അപഹരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. അമിക്കസ്‌ക്യൂറി അഡ്വ. കാളീശ്വരം രാജാണ്
വിവിധ ശിപാർശകളടങ്ങിയ റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഹൈക്കോടതി ഇതിന് അംഗീകരാം നൽകിയാൽ ഇത് സംസ്ഥാനമാകെ നിലവിൽ വരും.
ബസ് സർവീസുകളുടെ മേൽനോട്ടം, നിരീക്ഷണം എന്നിവയ്ക്കായി സ്ഥിരം അവലോകന കമ്മിറ്റിയെ നിയമിക്കണം. എറണാകുളം ജില്ലാ കലക്ടർ, ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ക്രമസമാധാനം, ട്രാഫിക്), എറണാകുളം ആർടിഒ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എന്നിവർ കമ്മിറ്റി അംഗങ്ങളാകണം. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പാക്കണമെന്നും അമിക്കസ്‌ക്യൂറി നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ ഓടുന്ന സ്വകാര്യബസുകൾ ഇപ്പോൾ മൂന്ന് മിനിറ്റിൽ ഒരു കിലോമീറ്റർ ഓടിയെത്തണമെന്ന സമയക്രമം കമ്മിറ്റി പുനഃപരിശോധിക്കണം. വാഹനങ്ങളുടെ വർധന, റോഡിന്റെ സ്വഭാവം എന്നിവ കണക്കിലെടുക്കുമ്പോൾ ഇപ്പോഴുള്ള സമയത്തിന് ഓടിയെത്താൻ കഴിയാതെ വരുന്നു.
ഇത് മത്‌സരയോട്ടത്തിന് കാരണമാകുന്നു. കെഎസ്ആർടിസിക്കും സ്വകാര്യബസുകൾക്കും നഗരത്തിലെ വേഗത ക്രമീകരിക്കണം. റോഡിന്റെ സ്വഭാവം വിലയിരുത്തിയാവണം വേഗത നിശ്ചയിക്കേണ്ടത്. അമിതവേഗത്തിൽ ഓടിക്കുന്ന ബസിന്റെ ഡ്രൈവർ അടക്കമുള്ള ജീവനക്കാർക്കെതിരെ നടപടിയെടുക്കണം. ആദ്യത്തെ തവണ ഇതേക്കുറിച്ച് അവബോധം നടത്തണം. എന്നാൽ രണ്ടാമതും ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാം. തുടർച്ചയായുള്ള നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കാം. സ്വകാര്യബസുകളുടെ സമയക്രമം ശാസ്ത്രീയമായി പുനഃപരിശോധിക്കണം. ഇടവേളസമയം ഉറപ്പാക്കി ജീവനക്കാർക്ക് വിശ്രമം നൽകണം.
ബസുകളുടെ സമയക്രമം നഗരസഭ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. സ്വകാര്യബസ് ജീവനക്കാർക്ക് ട്രാഫിക് അച്ചടക്കം സംബന്ധിച്ച് പരിശീലന പരിപാടി നടത്തണം, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത്. ഇക്കാര്യം ഉറപ്പാക്കാൻ അവരുടെ പൊലീസ് സ്‌റ്റേഷനിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.എല്ലാ ബസുകളിലും ജിപിഎസ് സംവിധാനം ഉറപ്പാക്കുകവഴി അധികൃതർക്ക് ബസുകളുടെ വേഗത നിരീക്ഷിക്കാനാവും. ഇക്കാര്യം നടപ്പാക്കാൻ അധികൃതർ ശ്രമിക്കണം. പെർമിറ്റ് ഉടമ നിയമിക്കുന്ന ജീവനക്കാർ മാത്രമേ ബസ് സർവീസ് നടത്താവൂ. ബസിന്റെ ശേഷിയിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്. കളക്ഷൻ അടിസ്ഥാനത്തിലുള്ള ശമ്പളത്തിന് പകരം സ്ഥിരം ശമ്പള സംവിധാനം നടപ്പാക്കണം. സ്‌റ്റോപ്പുകളിൽതന്നെ ബസുകൾ നിർത്തണം.
ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയുള്ള പെർമിറ്റ് പുതുക്കൽ ഒഴിവാക്കണം. സിറ്റി ബസുകൾക്ക് മുൻപിൻ ഭാഗങ്ങളിൽ വാതിലുകൾ ഉറപ്പാക്കണം. റോഡുകളിൽ സൈൻ ബോർഡുകൾ നിർബന്ധമാക്കണം. ഫുട്പാത്തുകൾ കയ്യേറിയുള്ള കച്ചവടം ഒഴിവാക്കണം. റോഡുകൾ കുഴിയടച്ച് സഞ്ചാരയോഗ്യമാക്കാൻ പിഡബ്ല്യുഡിയും കോർപ്പറേഷനും നടപടിയെടുക്കണം. ബസിന്റെ സ്ഥിതി കാലാകാലങ്ങളിൽ പരിശോധിക്കണം. കാൽനടക്കാർ ഉൾപ്പെടെയുള്ളവർക്ക് ട്രാഫിക് അച്ചടക്കം സംബന്ധിച്ച് ബോധവത്ക്കരണം നടത്തണം. റോഡിൽ ട്രാഫിക്‌സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പൊലീസിനെ നിയമിക്കണം.
അപകടം ഉണ്ടായാൽ തത്‌സമയ ആംബുലൻസ് സൗകര്യവും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണം. കൂലിയുടെ കാര്യത്തിൽ കോഴിക്കോട്ടെ പന്തീരങ്കാവ് മാതൃക പിന്തുടരാവുന്നതാണ്. തുടങ്ങിയ നിർദേശങ്ങളണ് റിപ്പോർട്ടിലുള്ളത്. അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ടിന്റെ കോപ്പി ഹൈക്കോടതി രജിസ്ട്രാർക്കും അഡ്വക്കേറ്റ് ജനറലിനും നൽകിയിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.