ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻബലത്തിൽ ഇടതുസ്ഥാനാർത്ഥിയായി ജയിച്ചു കയാറാമെന്ന എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ മോഹത്തിന് തിരിച്ചടിയായി ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ കടുത്ത അഭിപ്രായഭിന്നതയും ഭരണപ്രതിസന്ധിയും രൂക്ഷം. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഇടുക്കി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസീസ് ജോർജിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യമില്ലാത്തതിനാൽ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്കോ, മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കില്ലെന്നു കത്തോലിക്കാ കോൺഗ്രസ് തീരുമാനിച്ചതും ഇടതുമുന്നണിക്ക് നിരാശയായി.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ ഫ്രാൻസീസ് ജോർജിനാണെന്നു ഇടുക്കി എം. പി ജോയ്‌സ് ജോർജ് അറിയിച്ചെങ്കിലും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയോ, സമിതിയുടെ ഹൈപവർ കമ്മിറ്റിയോ പത്രക്കുറിപ്പ് പോലും പുറപ്പെടുവിക്കാൻ കഴിയാത്ത ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോർട്ട്. ഇടുക്കിയിൽനിന്നു യു. ഡി. എഫിനെ, പ്രത്യേകിച്ച് കോൺഗ്രസിനെ കെട്ടുകെട്ടിക്കണമെന്ന അലിഖിത അജണ്ട നടപ്പാക്കാൻ രൂപീകരിച്ചതെന്നു ആരോപിക്കപ്പെടുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഹൈ പവർ കമ്മിറ്റിയുടെ പ്രമുഖ നേതാവിന് സീറ്റ് ലഭിക്കാത്തതും സമിതി നേതാക്കൾ പലരും ഫ്രാൻസീസ് ജോർജിന്റെ പാർട്ടി ഭാരവാഹികളായി മാറിക്കൊണ്ടിരിക്കുന്നതും സമിതിയെ ഉലയ്ക്കുകയാണ്.

സമിതി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രാഷ്ട്രീയനിലപാട് പരസ്യമായി പുറപ്പെടുവിക്കാനാകാത്ത അഭിപ്രായ ഭിന്നതയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫിന് ഇടുക്കി രൂപതയും സമിതിയുമായിരുന്നു ഏറ്റവും വലിയ ശക്തികൾ. അതൊരു വികാരമായും രാഷ്ട്രീയ കൊടുങ്കാറ്റായും വിശിയപ്പോൾ ഐക്യജനാധിപത്യ മുന്നണയുടെ കോട്ടയിൽ വിള്ളലുണ്ടാക്കി ജോയ്‌സ് ജോർജ് മികച്ച വിജയം നേടി. എന്നാൽ ഈ സ്ഥിതി തന്നെ ഇക്കുറിയുമുണ്ടാകുമെന്ന ഇടതുപക്ഷത്തിന്റെ ചിന്ത പ്രചാരണത്തിൽ ആദ്യഘട്ടത്തിൽതന്നെ നഷ്ടമായിരിക്കുകയാണ്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഏറ്റവും വലിയ ശക്തി സ്രോതസായ കത്തോലിക്കാ കോൺഗ്രസിന്റെ നിലപാട് തന്നെയാണ് പ്രധാനം. വികസന നായകനെന്നു വിശേഷിക്കപ്പെടുന്ന യു. ഡി. എഫിന്റെ റോഷി അഗസ്റ്റിനെതിരെ പരസ്യനിലപാട് പ്രഖ്യാപിക്കാനുള്ള തടസങ്ങളാണ് മറ്റൊന്ന്. കഴിഞ്ഞ 15 വർഷമായി റോഷിയിൽനിന്നും ഇടുക്കി മണ്ഡലത്തിലുണ്ടായ വികസനം എതിരാളികൾ പോലും അംഗീകരിക്കുന്നതാണ്. രൂപതയും, രൂപതയുടെയും പള്ളികളുടെയും കീഴിലുള്ള സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും.

എംഎൽഎ ഫണ്ട് വാങ്ങിയെടുത്തു നടത്തിയ വികസനങ്ങൾ തള്ളിപ്പറയാൻ രൂപതയ്ക്കു കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ യു. ഡി. എഫ്‌യു. പി. എ സർക്കാർവിരുദ്ധ സമരങ്ങളിൽ റോഷി പങ്കാളിയായില്ലെങ്കിലും സമിതിയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞില്ല. ജനകീയപ്രശ്‌നങ്ങളുടെ പേരിലോ കാർഷിക പ്രശ്‌നങ്ങൾ സംബന്ധിച്ചോ അല്ല ഇപ്പോൾ ഫ്രാൻസീസ്‌ജോർജ് ഇടതു പക്ഷത്തേക്കു വന്നതെന്നതും തികച്ചും അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിക്കായി നിലപാടുകൾ സ്വീകരിച്ച പ്രമുഖ നേതാവുകൂടിയായ ഫ്രാൻസീസ് ജോർജിനെ അനുകൂലിക്കുന്നതിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കാൻ വിഷയമില്ലാത്ത സ്ഥിതിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി പെട്ടുപോയിരിക്കുകയാണ്.

സമിതിയുടെ ഹൈപവർ കമ്മിറ്റിയുടെ ഏകപക്ഷീയ നിലപാടുകൾ അണികളെ നിരാശയിലാക്കുകയും ഒട്ടേറെ പേർ സംഘടന വിട്ടുപോകുന്നതിനും കാരണമാവുകയും ചെയ്തു. ഫാ. സെബാസ്റ്റ്യൻ കെച്ചുപുര, ജോയ്‌സ് ജോർജ്, ആർ മണിക്കുട്ടൻ, സി. കെ മോഹനൻ, കെ. കെ ദേവസ്യ എന്നിവരടങ്ങിയ കോർ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് സമിതിയിപ്പോൾ. നേരത്തെ ഇവരെ കൂടാതെ ഏതാനും പേർ കൂടി ഉൾപ്പെട്ടിരുന്ന സ്റ്റീയറിങ് കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിച്ചത്. എന്നാൽ ഫാ. സെബാസ്റ്റ്യന്റെ പല അഭിപ്രായങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചവരെ ഒഴിവാക്കാൻ സ്റ്റീയറിങ് കമ്മിറ്റി ജംബോ കമ്മിറ്റിയാക്കുകയും അനഭിമതരെ ഒഴിവാക്കി അഞ്ചംഗ ഉന്നതാധികാര സമിതി തീരുമാനങ്ങൾ സ്വീകരിക്കുകയുമായിരുന്നു. ഇതിനിടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതിഷേധവും ശകാരവും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര അടക്കമുള്ളവർ ഏറ്റുവാങ്ങുകയും ചെയ്തു. യു. ഡി. എഫിനോട് സന്ധിയില്ലാസമരം ചെയ്യുമ്പോഴും അഡ്ജസ്റ്റ്‌മെന്റിന് തയാറായതും സംഘടനയിൽ വിമതസ്വരമുയരാൻ കാരണമായി.

പട്ടയ വിഷയവുമായി ബന്ധപ്പെട്ടു യു. ഡി. എഫ് സർക്കാരിനെതിരെ നടത്തിയ സമരത്തിൽനിന്നും അടൂർ പ്രകാശിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കിയതായിരുന്നു അഡ്ജസ്റ്റ്‌മെന്റ്. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ധനമന്ത്രിയുടെയും വസതികളിലേക്ക് മാർച്ച് നടത്താൻ ഹൈറേഞ്ച് സംരക്ഷണ സമിതി യോഗത്തിൽ ധാരണയായെങ്കിലും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരത്തും മാണിക്കെതിരെ പാലായിലും സമരം നടത്തിയെങ്കിലും പട്ടയം നൽകേണ്ട അടൂർ പ്രകാശിനെതിരെ സമരം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിൽ ജോയ്‌സ് ജോർജിന്റെയും അദ്ദേഹത്തിന്റെ ബന്ധുകൂടിയായ മുൻ എംഎൽഎ ഇ. എം ആഗസ്തിയുടെയും താൽപര്യമാണെന്ന് സമിതി നേതാക്കളിൽ പലരും ആക്ഷേപമുന്നയിച്ചു. ഇനി റോഷി അഗസ്റ്റിന്റെ വീട്ടിലേക്കാകാം മാർച്ചെന്നു കോർ കമ്മിറ്റി പറഞ്ഞെങ്കിലും അംഗങ്ങൾ യോജിച്ചിരുന്നില്ല.

റോഷിക്കെതിരെ ഏതെങ്കിലുമൊരു സ്ഥാനാർത്ഥിക്കു പരസ്യമായ പിന്തുണ നൽകുന്നത് രൂപതയിലും പള്ളികളിലും ശക്തമായ വിഭാഗീയതക്ക് ഇടയാക്കുമെന്നും അത്തരമൊരു നീക്കം നടത്തരുതെന്നും കത്തോലിക്കാ സഭയിൽനിന്നും ഫാ. സെബാസ്റ്റ്യനു കർശന നിർദേശമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇടുക്കിയിൽ കോൺഗ്രസിനെയും യു. ഡി. എഫിനെയും ഇല്ലാതാക്കണമെന്നു വാശി പിടിക്കുകയും സമിതിയുടെ ഹിഡൻ അജണ്ടയായി കൊണ്ടുനടക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ, ഹൈ പവർ കമ്മിറ്റിയിലെ മറ്റംഗങ്ങളെ ഉപയോഗിച്ച് എൽ. ഡി. എഫ് ആഭിമുഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമിതിയുടെ ഉദ്ദേശ്്യലക്ഷ്യങ്ങളിൽ പലതും പാതിവഴിയിൽ താളം തെറ്റിയതിന്റെ ഇച്ഛാഭംഗവും നേതാക്കൾക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ റോഷിയെ പരാജയപ്പെടുത്താൻ ജോയ്‌സിനെ സ്ഥാനാർത്ഥിയാക്കാം എന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ.

എന്നാൽ അപ്രതീക്ഷിതമായ ഇടതുനീക്കത്തിൽ ജോയ്‌സ് സ്ഥാനാർത്ഥിയായതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പാളി. സമിതി ഉന്നതാധികാര സമിതി അംഗം ആർ മണിക്കുട്ടൻ സീറ്റുമോഹവുമായി നിലയുറപ്പിച്ചെങ്കിലും ഫലിച്ചില്ല. ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫിനെ മുൻനിർത്തി ചില പ്രചാരണങ്ങൾ നടത്തിയെങ്കിലും ഫ്രാൻസീസ് ജോർജിന്റെ അപ്രതീക്ഷിത വരവ് പലതും തകിടം മറിച്ചു. ഇതിനിടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പല പ്രധാനികളെയും ഫ്രാൻസീസ് ജോർജിന്റെ പാർട്ടിയിൽ ഭാരവാഹിത്വം നൽകി അംഗങ്ങളാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുണ്ടായ ആവേശത്തിന്റെ പകുതിപോലും ആരവമുയർത്താൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമിതിക്ക് കഴിഞ്ഞില്ലെങ്കിലും ഇടതു ബാന്ധവത്തിൽ കുറെ സീറ്റുകൾ നേടാനായി. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം അംഗബലം പാതിയോളമായി കുറഞ്ഞു.

യു. ഡി. എഫ് വിരോധികളായ ഒട്ടേറെ പ്രവർത്തകർ സമിതിയിലൂടെ സി. പി. എമ്മിലെത്തി. അതിനു പിന്നാലെയാണ് പ്രാൻസീസ് ജോർജിന്റെ റിക്രൂട്ട്‌മെന്റ് സമിതിയെ തളർത്തുന്നത്. ഇടുക്കി രൂപതയിലെ വൈദികരിൽ ഒട്ടേറെപ്പേർ ഇതിൽ പ്രതിഷേധമുള്ളവരാണ്. സമിതി നടത്തിയ കണ്ണീർ യാത്ര ആവേശമാകാതെ പോയതും കത്തോലിക്ക കോൺഗ്രസിന്റെ നിലപാടും എല്ലാം ഫാ. സെബാസ്റ്റ്യനെയും ഉന്നതാധികാര സമിതിയെയും വെട്ടിലാക്കിയിട്ടുണ്ട്. തനി കോൺഗ്രസ് വിരുദ്ധതയാണ് ഫാ. സെബാസ്റ്റ്യനെന്നും ഇടതുതടവറയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും സമിതിയിലെ തന്നെ അംഗങ്ങളായ ചിലർ ആരോപിച്ചിട്ടുണ്ട്. രൂപതയെ ചേർത്തുപിടിച്ചു സഹായിച്ചു നടന്ന റോഷിക്കെതിരെ പ്രതികരിച്ചാൽ കത്തോലിക്കാസഭയിൽ ഫാ. സെബാസ്റ്റ്യൻ ഒറ്റപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.