മെൽബൺ: രാജ്യത്ത് ഹൃദ്രോഗം, സ്‌ട്രോക്ക്, വാസ്‌ക്കുലാർ രോഗങ്ങൾ എന്നിവ അധികമായി ഓസ്‌ട്രേലിയ കാപ്പിറ്റൽ ടെറിട്ടറിയിൽ ജീവിക്കുന്നവരിൽ കണ്ടുവരുന്നതായി പുതിയ പഠന റിപ്പോർട്ട്. ടെറിട്ടറിയിലെ ആരോഗ്യസംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്ന വിധം ഈ രോഗങ്ങൾ കൂടുതലായി ഇവിടെയുള്ളവരെ ബാധിക്കുന്നത് ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
2012-ലെ എസിടി മെഡികെയർ റിപ്പോർട്ട് അനുസരിച്ച് രാജ്യവ്യാപകമായി ഈ രോഗങ്ങൾ 4.5 ശതമാനമായിരുന്നപ്പോൾ എസിടിയിൽ 5.7 ശതമാനമായിരുന്നു. കൂടാതെ മാനസിക പ്രശ്‌നങ്ങൾ, സ്വഭാവ വൈകല്യങ്ങൾ എന്നിവയും എസിടിയിൽ ജീവിക്കുന്നവരിൽ കൂടുതലായും കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

എസിടി ജനസംഖ്യയിൽ 15.5 ശതമാനം പേർക്ക് മാനസികാസുഖങ്ങൾ ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. രാജ്യവ്യാപകമായി ഇത് 13.4 ശതമാണ്. മേഖലയിലെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യസംവിധാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം എന്നാണ് റിപ്പോർട്ട് കണ്ടെത്തിയിട്ടുള്ളത്. വേണ്ട സമയത്ത് ശരിയായ ചികിത്സ നൽകുന്നതിലുള്ള വീഴ്ചയും രോഗങ്ങൾ യഥാസമയത്ത് കണ്ടുപിടിക്കാത്തതും മറ്റും രോഗങ്ങൾ വഷളാകാൻ കാരണമാകുന്നു. ചികിത്സയ്ക്കു ശേഷമുള്ള ആശുപത്രി സന്ദർശനങ്ങളെക്കുറിച്ച് രോഗിക്ക് അറിവില്ലാത്തതും അവശരായവർക്കും മറ്റും പ്രൈമറി ഹെൽത്ത് സർവീസ് സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ലഭ്യമല്ലാത്തതും ഇത്തരം രോഗങ്ങളുടെ കാഠിന്യം വർധിപ്പിക്കുകയാണ്.

രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും ഇവയുടെ തോത് വർധിപ്പിക്കുന്നവയാണ്. പ്രായമായവരെ അനാവശ്യമായി ആശുപത്രിയിൽ കിടത്തി ചികിത്സിപ്പിക്കുക, എമർജൻസി ഡിപ്പാർട്ട്‌മെന്റുകളുടെ വർധിച്ചുവരുന്ന സന്ദർശനങ്ങൾ എന്നിവയും ഈ പ്രശ്‌നങ്ങളുടെ തോത് വർധിപ്പിക്കുന്നുണ്ട്. അനാവശ്യമായി രോഗികളെ പ്രത്യേകിച്ച് പ്രായമായവരെ ആശുപത്രിയിൽ കിടത്തി ചികിത്സിപ്പിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് മെഡികെയർ ലോക്കൽ എസിടി ചെയർപേഴ്‌സൺ ഡോ.രശ്മി ശർമ ആവശ്യപ്പെടുന്നത്.

പകരം മെച്ചപ്പെട്ട ഹെൽത്ത് പ്രൊമോഷനും രോഗത്തെ തടയാനുള്ള സംവിധാനങ്ങളും ശക്തമായ പ്രൈമറി ഹെൽത്ത് കെയർ സംവിധാനവും ഒരുക്കിയെടുക്കുകയാണ് വേണ്ടതെന്ന് ഡോ. രശ്മി അഭിപ്രായപ്പെടുന്നു.